രണ്ടാം വരവില്‍ കൈ നിറയെ ചിത്രങ്ങളുമായി മുന്നേറുകയാണ് മഞ്ജു. മഞ്ജു വാര്യര്‍ എന്ന അതുല്യപ്രതിഭയുടെ അഭിനയപാടവവും നൃത്തമികവും മലയാളികള്‍ക്ക് സുപരിചിതമാണ്. എന്നാല്‍ ഇപ്പോള്‍ താരം സോഷ്യല്‍ മീഡിയയുടെ കൈയ്യടി വാങ്ങുകയാണ്. ക്ഷണിക്കപ്പെട്ട സദസിനു മുന്നില്‍ മഞ്ജു വാര്യര്‍ നടത്തിയ പ്രസംഗമാണ് ആരാധകരുടെ ഏറ്റവും പുതിയ ചര്‍ച്ചാവിഷയം. സ്ത്രീകളുടെ അന്തസിനു ക്ഷതമേല്‍ക്കുന്നത് പുരോഗമനസമൂഹത്തിന്റെ പരാജയമാണെന്ന് ജെഎഫ്ഡബ്ല്യു പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് മഞ്ജു പറഞ്ഞു.
ചെന്നൈയില്‍ നടന്ന ‘ജസ്റ്റ് ഫോര്‍ വിമന്‍’ പുരസ്‌കാര ചടങ്ങിലാണ് സദസിനെ ഞെട്ടിച്ച മഞ്ജുവിന്റെ പ്രസംഗം. രാജ്യത്തെ മുറിവേറ്റ സ്ത്രീകള്‍ക്കും മഹാപ്രളയത്തെ അതിജീവിച്ച സ്വന്തം നാടിനും തന്റെ പുരസ്‌കാരം സമര്‍പ്പിക്കുന്നതായി മഞ്ജു പറഞ്ഞു.
മഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെ: ‘പുരസ്‌കാരങ്ങള്‍ എന്നും പ്രചോദനമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഓരോ പുരസ്‌കാരങ്ങളും പ്രോചദനത്തേക്കാള്‍ മുകളിലാണ്. ആ യാത്രയില്‍ എന്നോടൊപ്പം ഉണ്ടായിരുന്ന എല്ലാവരെയും നന്ദിപൂര്‍വം ഓര്‍ക്കുന്നു. ആരോ പറഞ്ഞിട്ടുണ്ട്, ജീവിതത്തില്‍ നാം കണ്ടുമുട്ടുന്ന ഓരോരുത്തരും എന്തെങ്കിലും ഒന്നു നിങ്ങളെ പഠിപ്പിക്കും. ഈ സായാഹ്നത്തില്‍ സ്ത്രീകള്‍ കൈവരിച്ച മഹത്തായ നേട്ടങ്ങളെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. ഒരുപാടു സന്തോഷമുള്ള കാര്യങ്ങള്‍.’
‘എന്നാല്‍, സുരക്ഷയും അഭിമാനവും ചോദ്യം ചെയ്യപ്പെടുന്ന ഈ രാജ്യത്തെ സ്ത്രീകളെ കുറിച്ചാണ് ഞാന്‍ ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നതും ഞാന്‍ ചിന്തിക്കുന്നതും. എപ്പോഴൊക്കെ സ്ത്രീകളുടെ അന്തസിനും മാന്യതയ്ക്കും മുറിവേല്‍ക്കുന്നുവോ, അത് നമ്മള്‍ ജീവിക്കപ്പെടുന്നുവെന്ന് അവകാശപ്പെടുന്ന പുരോഗമനപരമായ സമൂഹത്തിന്റെ പരാജയമാണ്. രാജ്യത്തെ വേദനിക്കുന്ന സ്ത്രീകള്‍ക്കായി ഈ പുരസ്‌കാരം ഞാന്‍ സമര്‍പ്പിക്കുന്നു. എല്ലായ്‌പ്പോഴും അവര്‍ക്കൊപ്പമായിരിക്കും എന്റെ നിലപാടുകളെന്ന് ഞാന്‍ വാക്കു നല്‍കുന്നു. അതോടൊപ്പം ഈ നൂറ്റാണ്ടിലെ മഹാപ്രളയത്തെ അതിജീവിച്ച എന്റെ നാടിന്റെ അണയാത്ത ഊര്‍ജ്ജത്തിനും ഈ പുരസ്‌കാരം ഞാന്‍ സമര്‍പ്പിക്കുന്നു,’ മഞ്ജു പറഞ്ഞു നിറുത്തി.
പുരസ്‌കാരം സ്വീകരിച്ച് ഇംഗ്ലിഷിലാണ് മഞ്ജു പ്രസംഗിച്ചത്. നല്ല ഒഴുക്കില്‍ കൃത്യമായി പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ നിറുത്താതെയുള്ള കരഘോഷമായിരുന്നു സദസില്‍. സബ്‌ടൈറ്റില്‍ ഇല്ലാതെ ഇംഗ്ലീഷ് സിനിമ കാണുന്ന പോലെ, എന്നായിരുന്നു മഞ്ജുവിന്റെ ഗംഭീരന്‍ പ്രസംഗം കേട്ട് അവതാരകന്റെ കമന്റ്. രണ്ടു വാക്ക് തമിഴിലും പറയണമെന്നായി അവതാരകന്‍. താന്‍ ജനിച്ചു വളര്‍ന്നത് നാഗര്‍കോവിലില്‍ ആണെന്നും അതിനാല്‍ തനിക്ക് തമിഴ് എഴുതാനും വായിക്കാനും പറയാനും അറിയാമെന്ന് താരം വെളിപ്പെടുത്തി.
എനക്ക് തമിഴ് പേശ തെരിയും, പഠിക്കതെരിയും, എളുതതെരിയും, നാന്‍ പൊറന്ത് വളര്‍ന്തതേ തമിഴ്‌നാട്ടില്‍ താന്‍..’. മലയാളത്തിന്റെ പ്രിയപ്പെട്ട മഞ്ജുവാര്യര്‍ ഇത് പറഞ്ഞപ്പോള്‍ നിര്‍ത്താതെ തമിഴ്മക്കളുടെ കൈയടി.
Leave a Comment