കൊച്ചി/ നിലയ്ക്കല്‍: എത്രത്തോളം പ്രതിഷേധങ്ങള്‍ കനത്താലും ശബരിമലയില്‍ ദര്‍ശനം നടത്തിയേ മടങ്ങൂ എന്ന് തൃപ്തി ദേശായി വ്യക്തമാക്കി. ഇന്ന് ദര്‍ശനം സാധ്യമായില്ലെങ്കില്‍ കേരളത്തില്‍ തങ്ങും. സ്ത്രീകളെ ബഹുമാനിക്കാതെ പ്രതിഷേധിക്കുന്നവര്‍ അയ്യപ്പഭക്തരല്ലെന്നും ദര്‍ശനത്തിനുള്ള സൗകര്യം സര്‍ക്കാരും പൊലീസും ഒരുക്കണമെന്നും തൃപ്തി പറഞ്ഞു.
കൊച്ചിയിലെത്തിയ തൃപ്തി ദേശായിക്കെതിരെ വിമാനത്താവളത്തിന് പുറത്ത് വന്‍ പ്രതിഷേധമാണ് നടക്കുന്നത്. രാവിലെ 4.40നാണ് പുനെയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ തൃപ്തിയും ആറ് വനിതകളും നെടുമ്പാശേരിയിലെത്തിയത്. ശരണം വിളികളുമായി പ്രതിഷേധം തുടരുകയാണ്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമുണ്ട്.
തൃപ്തി ദേശായി ഉടന്‍ തിരിച്ച് പോകണമെന്നും വിമാനത്താവളത്തിന് പുറത്തിറങ്ങരുതെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്. വിമാനത്താവള പരിസരത്ത് കനത്ത സുരക്ഷയും പോലീസ് ഒരുക്കിയിട്ടുണ്ട്.
ശബരിമല ദര്‍ശനത്തിന് പ്രത്യേക സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് തൃപ്തി മുഖ്യമന്ത്രിക്കും പോലീസിനും കത്തയച്ചിരുന്നു. എന്നാല്‍ പ്രത്യേക സുരക്ഷ ഒരുക്കില്ലെന്ന് പോലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
മഹാരാഷ്ട്ര അഹമ്മദ്‌നഗര്‍ ശനി ശിംഘനാപുര്‍ ക്ഷേത്രത്തിലെ സ്ത്രീപ്രവേശം, മുംബൈ ഹാജി അലി ദര്‍ഗ സ്ത്രീപ്രവേശം എന്നീ സമരങ്ങളിലൂടെയാണ് തൃപ്തി ദേശായ് ശ്രദ്ധനേടിയത്. കൊച്ചിയിലെത്തി തിരിച്ച് മഹാരാഷ്ട്രയിലെത്തുന്നവരെയുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം കടുത്ത നിയന്ത്രണത്തിലും സുരക്ഷാവലയത്തിലും മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. തീര്‍ഥാടകരെ രാത്രിയില്‍ സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ലെന്ന തീരുമാനം വന്നതോടെ ഇക്കുറി ശബരിമലയിലെ വഴിപാടുകള്‍ പലതും മുടങ്ങും. പ്രധാന വഴിപാടായ നെയ്യഭിഷേകവും തടസപ്പെടും. ശബരിമല മാളികപ്പുറം പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങും ഇന്നാണ്.
Leave a Comment