20 ലക്ഷത്തിന്റെ ഭുമി ചുളവിലയക്ക് അടിച്ചെടുക്കാന്‍ ശ്രമം; പരാതി അന്വേഷിക്കാന്‍ വന്ന എസ്‌ഐയും എതിര്‍പക്ഷത്തുള്ളവര്‍ക്കൊപ്പം കൂടി മുഖം അടിച്ചുപൊട്ടിച്ചതായി യുവതിയുടെ പരാതി

കൊച്ചി: അതിരുതര്‍ക്ക പരാതി അന്വേഷിക്കാന്‍ വന്ന എസ്‌ഐ മുഖം അടിച്ചുപൊട്ടിച്ചതായി യുവതിയുടെ പരാതി. അങ്കമാലി പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐയ്‌ക്കെതിരെയാണ് പരാതി. മുഖത്തു നീരുവച്ച യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.. സ്‌റ്റേഷനില്‍ തന്നെ പരാതി കൊടുത്തെങ്കിലും അന്വേഷിച്ചിട്ട് തെളിവില്ലെന്നായിരുന്നു മറുപടി. സാക്ഷികളില്ലാത്തിനാല്‍ അടിച്ചിട്ടേ ഇല്ലെന്നായിരുന്നു അങ്കമാലി പൊലീസിന്റെ റിപ്പോര്‍ട്ട്. കെമിസ്ട്രിയില്‍ പിജിയുള്ള യുവതിയാണ് പരാതിക്കാരി.
പരാതിയുമായി വനിതാ കമ്മിഷന്‍ മെഗാ അദാലത്തിലെത്തിയപ്പോള്‍ അവരും കൈ മലര്‍ത്തി. സ്വത്തുതര്‍ക്കം പരിശോധിക്കാന്‍ വരാമെന്നു പറഞ്ഞിട്ടുണ്ട്. പക്ഷെ തല്ലു കൊണ്ട എനിക്ക് എവിടുന്ന് നീതി കിട്ടും. ഞാന്‍ ആരോടു പരാതി പറയണം നിറകണ്ണുകളോടെ യുവതി ചോദിക്കുന്നു.
പ്രതിഭാഗത്തുള്ള എസ്‌ഐയെയും അദാലത്തില്‍ വിളിപ്പിച്ചിരുന്നു. വനിതാ കമ്മിഷന്‍ അംഗം ഡോ. ഷാഹിദ കമാലാണു പരാതി കേട്ടത്. അവര്‍ക്ക് സല്യൂട്ട് നല്‍കി എതിര്‍സീറ്റിലിരുന്ന എസ്‌ഐ യുവതിയെ അടിച്ചിട്ടേ ഇല്ലെന്നു വാദിച്ചു. പെണ്‍കുട്ടിയെ ഒന്നുംപറയാന്‍ അനുവദിക്കുന്നുമില്ല. പട്ടികജാതിക്കാരിയാണ് ഇവര്‍. പട്ടികജാതി കമ്മിഷനില്‍ പരാതി നല്‍കിയിട്ടും ഒന്നും സംഭവിച്ചില്ലത്രെ. അവിടെയെല്ലാം പൊലീസിന്റെ സ്വാധീനമാണെന്നു പെണ്‍കുട്ടിയുടെ അമ്മ പറയുന്നു.
നെടുമ്പാശേരി വിമാനത്താവളത്തിന് അടുത്തുള്ള ഭൂമി 20 ലക്ഷം രൂപ വരെ വിലയ്ക്കാണു വിറ്റു പോകുന്നത്. 30 ഏക്കര്‍ ഭൂമിക്കു നടുക്ക്, ഭര്‍ത്താവില്ലാത്ത ഒരു വീട്ടമ്മയും മകളും മാത്രം. അവരോടുമാത്രം വില പറഞ്ഞപ്പോള്‍ ഏക്കറിന് 3 ലക്ഷം നല്‍കാമെന്നായി. കരഭൂമിയാണ്. പാടഭൂമിക്കു പോലും 10 ലക്ഷം വിലയുണ്ട്. വീട്ടമ്മയെ ഒതുക്കിയാണെങ്കിലും സ്വത്ത് തരപ്പെടുത്താനായി ശ്രമം. അക്കാര്യം തല്ലിയ പൊലീസുകാരന്‍ കമ്മിഷന്റെ മുന്നിലും പറഞ്ഞതായി യുവതിയുടെ മാതാവ് പറയുന്നു. ഇവര്‍ക്കു വീട്ടിലേയ്ക്കു കയറാതിരിക്കാന്‍ വഴിയടച്ചു. ആളില്ലാത്തപ്പോള്‍ മതില്‍ പുരയിടത്തിലേയ്ക്ക് ഇടിച്ചിട്ടു കമ്പിവേലി കെട്ടി. പൊലീസില്‍ പരാതി എത്തിയപ്പോഴാണ് അതിരുതര്‍ക്കം പരിഹരിക്കാനായി എസ്‌ഐ എത്തിയത്. ഒപ്പം എതിര്‍പക്ഷത്തുള്ളയാളും.
അന്ന് അമ്മ സ്ഥലത്തില്ല. ആകുന്നതു പോലെ കാര്യങ്ങള്‍ പൊലീസിനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. എതിര്‍പക്ഷത്തുള്ളയാളുടെ പക്ഷം ചേര്‍ന്ന് സംസാരിച്ച പൊലീസിനോട് സങ്കടപ്പെട്ടും കരഞ്ഞും കാര്യം പറഞ്ഞു. നിവൃത്തിയില്ലാതായപ്പോള്‍ തര്‍ക്കിച്ചു. അപ്പോഴാണു മുഖമടച്ച് എസ്‌ഐ അടിച്ചത്. ഒന്നല്ല, രണ്ടു കവിളിലും അടിച്ചു. കവിള്‍ നീരുവച്ചു. നിനക്കു പഠിപ്പും വിവരോം ഉണ്ടോടീ എന്നാണ് പൊലീസുകാരന്‍ ചോദിച്ചത്. പാവങ്ങള്‍ക്കെന്താ പഠിച്ചാല്‍ അതിന് വിലയില്ലെന്നുണ്ടോ? യുവതി ചോദിക്കുന്നു.
പൊലീസിനെതിരെ പരാതി നല്‍കിയിട്ട് ഒരു ഫലവുമുണ്ടായില്ല. കഴിഞ്ഞ പ്രളയത്തില്‍ വീട്ടിലെ സാധനങ്ങള്‍ക്കൊപ്പം, എക്‌സ്‌റേ ഉള്‍പ്പെടെയുള്ള ചികില്‍സാ രേഖകളും നഷ്ടമായി. പരുക്കുപറ്റിയതു തെളിയിക്കാന്‍ രേഖകളുമില്ല. ആശുപത്രിയില്‍ അന്വേഷിച്ചാല്‍ കിട്ടുമോ എന്നറിയില്ല. അറിയുന്നിടത്തെല്ലാം പരാതി നല്‍കി. ഇനി എവിടെ പോയാല്‍ നീതികിട്ടുമെന്നു അന്വേഷിച്ചു നടക്കുകയാണ് ഈ അമ്മയും മകളും. പ്രതീക്ഷകളോടെയാണ് അവര്‍ അദാലത്തിലെത്തിയത്. നിരാശരായി ഇറങ്ങിപ്പോകുമ്പോള്‍ തോറ്റുകൊടുക്കില്ലെന്ന വാശി മാത്രമായിരുന്നു ഇവരുടെ പിടിവള്ളി.
വനിത കമ്മിഷന്‍ മെഗാ അദാലത്തില്‍ പരിഗണിച്ച കേസുകളില്‍ അധികവും സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ടവയെന്നു കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍. പിതാവിന്റെ സ്വത്ത് തട്ടിയെടുത്തു സഹോദരിമാര്‍ക്ക് ഒന്നും നല്‍കാതിരുന്ന സഹോദരനും സ്വത്ത് തട്ടിയെടുത്ത് അമ്മയെ പെരുവഴിയിലിറക്കിയ മക്കളുമെല്ലാം ആവര്‍ത്തിക്കുന്ന കേസുകളായി. ലക്ഷങ്ങള്‍ വരുന്ന സ്വത്ത് പെണ്‍മക്കള്‍ക്കു കൂടി തുല്യമായി അവകാശപ്പെട്ടതാണെന്നു പറഞ്ഞാല്‍ ഇപ്പോഴും പുരുഷബോധം അംഗീകരിക്കാത്തതു ദുഃഖകരമായ കാഴ്ചയാണ്.
കുടുംബസ്വത്തുമായി വന്നാലേ ഭാര്യയെ പരിരക്ഷിക്കൂ എന്നു പറയുന്ന ഭര്‍ത്താവും സ്ത്രീവിരുദ്ധ നിലപാടിന് ഉദാഹരണമാണ്. വീടുകള്‍ക്കുള്ളില്‍ സ്ത്രീകള്‍ ഉപദ്രവിക്കപ്പെട്ടെന്ന കേസും കമ്മിഷന്റെ പരിഗണനയ്ക്കുവന്നു. വാര്‍ധക്യത്തിലാകുന്ന അമ്മമാര്‍ സ്വന്തം സ്വത്ത് കാലശേഷമല്ലാതെ മക്കള്‍ക്ക് എഴുതിക്കൊടുക്കരുതെന്ന് ആവര്‍ത്തിച്ചു പറയിപ്പിക്കുന്നതായി, അമ്മയുടെ സ്വത്ത് തട്ടിയെടുത്ത് അനാഥാലയത്തിലാക്കിയ മകനെതിരെയുള്ള പരാതി.

കളമശേരി മെഡിക്കല്‍ കോളജിലെ അറ്റന്‍ഡര്‍ തസ്തികയിലുള്ളയാള്‍ സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ ഇടപെടുന്നുവെന്ന പരാതിയും വന്നു. ഈ കേസില്‍ പൊലീസ് നടപടി എടുക്കാത്തതിന്റെ കാരണം ചോദിച്ച് നോട്ടിസ് നല്‍കും. സ്ഥാപന മേധാവിക്കു പോലും അദ്ദേഹത്തെ നിയന്ത്രിക്കാനാവുന്നില്ലെന്നാണു ബോധ്യപ്പെട്ടത്. സ്ത്രീത്വത്തെ അപമാനിക്കുന്ന നടപടി തുടര്‍ന്നാല്‍ കമ്മിഷനു ശക്തമായി ഇടപെടേണ്ടി വരുമെന്നു ബോധ്യപ്പെടുത്തി. എതിര്‍ കക്ഷികള്‍ ഹാജരാകാതിരിക്കുന്നതാണു മറ്റൊരു പതിവ്. ഇവരെ പൊലീസിനെ ഉപയോഗിച്ചു ബലമായി ഹാജരാക്കാന്‍ നടപടിയെടുക്കും.

2 ദിവസത്തെ അദാലത്തിന്റെ ആദ്യ ദിവസം 80 പരാതികളാണു കമ്മിഷനു മുന്നിലെത്തിയത്. 29 കേസുകള്‍ തീര്‍പ്പാക്കി. 16 കേസുകളില്‍ പൊലീസില്‍നിന്നും 6 കേസുകളില്‍ ആര്‍ഡിഒമാരില്‍നിന്നും റിപ്പോര്‍ട്ട് തേടി. 4 കേസുകളില്‍ കൗണ്‍സിലിങ് വേണ്ടി വന്നു. ചില കേസുകള്‍ അടുത്ത സിറ്റിങ്ങിനു വച്ചിട്ടുണ്ടെന്നും ജോസഫൈന്‍ പറഞ്ഞു. കമ്മിഷന്‍ അംഗങ്ങളായ ഷിജി ശിവജി, ഇ.എം.രാധ, ഡോ. ഷാഹിദ കമാല്‍, വി.യു.കുര്യാക്കോസ് തുടങ്ങിയവരും പങ്കെടുത്തു.

pathram:
Related Post
Leave a Comment