തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതകക്കേസില്‍ ജയില്‍വാസം ഉറപ്പായതോടെ ഡിവൈഎസ്പി ബി.ഹരികുമാര്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നു കൂട്ടുപ്രതിയും സുഹൃത്തുമായ ബിനു മൊഴി നല്‍കി. താന്‍ അറസ്റ്റ് ചെയ്തവര്‍ക്കൊപ്പം നെയ്യാറ്റിന്‍കര സബ് ജയിലില്‍ കിടക്കേണ്ടി വരുമെന്ന ഭയവും ഡിവൈഎസ്പിക്ക് ഉണ്ടായിരുന്നുവെന്ന് ബിനു പറഞ്ഞു. കീഴടങ്ങാമെന്ന തീരുമാനത്തെ തുടര്‍ന്നാണ് ഹരികുമാറിനെ തിങ്കളാഴ്ച രാത്രി കല്ലമ്പലത്തെ വീട്ടിലെത്തിച്ചത്.
സ്വകാര്യ പണമിടപാടു സ്ഥാപനം നടത്തുന്ന ബിനുവിന്റെ വീട്ടില്‍ നിന്നിറങ്ങി വന്ന ഹരികുമാര്‍ തന്റെ വാഹനത്തിനു തടസ്സമായി സനല്‍ കാര്‍ പാര്‍ക്ക് ചെയ്തതു ചോദ്യം ചെയ്തു. ഈ തര്‍ക്കമാണ് സനലിന്റെ മരണത്തില്‍ കലാശിച്ചത്. തുടര്‍ന്ന് ബിനുവിന്റെ കാറിലാണു ഹരികുമാറിനെ രക്ഷപ്പെടുത്തിയത്.
സനല്‍ കൊല്ലപ്പെട്ട ശേഷം സുഹൃത്തായ മാര്‍ത്താണ്ഡം തൃപ്പരപ്പിലെ ലോഡ്ജ് ഉടമ സതീഷിനെയാണ് ആദ്യം ചെന്നുകണ്ടത്. അവിടെ നിന്ന് ഏര്‍പ്പാടാക്കിയ െ്രെഡവറുമായി മധുര വഴി കര്‍ണാടകയിലെ ധര്‍മസ്ഥലയിലും മൂകാംബികയിലുമെത്തി. ഒരു ലക്ഷം രൂപ കൈവശം കരുതിയിരുന്നെങ്കിലും തിരിച്ചറിഞ്ഞേക്കാമെന്ന ഭയത്താല്‍ ലോഡ്ജില്‍ താമസിച്ചില്ല. ആളൊഴിഞ്ഞ പ്രദേശത്തു നിര്‍ത്തിയിട്ട കാറിലാണു കഴിഞ്ഞുകൂടിയത്. കേസ് നിലനില്‍ക്കില്ലെന്ന വിശ്വാസത്തിലായിരുന്നു ആദ്യം ഹരികുമാര്‍. എന്നാല്‍ അഭിഭാഷകരുമായി ബന്ധപ്പെട്ടതോടെ കീഴടങ്ങാതെ പറ്റില്ലെന്ന ഉപദേശമെത്തി. ഇത് അംഗീകരിക്കാന്‍ ഹരികുമാര്‍ തയാറായില്ല. ദീര്‍ഘകാലത്തേക്ക് ഒളിവില്‍ പോകാമെന്നു പദ്ധതിയിട്ടു. അതു നടക്കില്ലെന്നു താനും വ്യക്തമാക്കിയതോടെയാണ് മടങ്ങിവരാന്‍ തീരുമാനിച്ചത്. കല്ലമ്പലത്തെ വീട്ടിലേക്കു പുരയിടത്തിലൂടെ കയറിപ്പോകുന്നതു കണ്ടുവെന്നും ബിനു മൊഴി നല്‍കി. പിറ്റേന്നു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു
Leave a Comment