നിയമോപദേശം ചോദിച്ചിട്ടില്ല, ശ്രീധരന്‍ പിള്ളയെ ഫോണില്‍ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നു തന്ത്രി കണ്ഠര് രാജീവര്

ശബരിമല: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയെ താന്‍ ഫോണില്‍ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നു തന്ത്രി കണ്ഠര് രാജീവര്. ക്ഷേത്രനട അടയ്ക്കുന്നതു സംബന്ധിച്ച് ആരോടും നിയമോപദേശം ചോദിച്ചിട്ടില്ല. ഇതു സംബന്ധിച്ചു പന്തളം കൊട്ടാരത്തില്‍ നിന്ന് ഒരു കത്ത് ലഭിച്ചിരുന്നു. അല്ലാതെ ആരോടും ഇതു സംബന്ധിച്ച് അഭിപ്രായം ആരാഞ്ഞിട്ടില്ല. മറിച്ചുകേള്‍ക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും തന്ത്രി ഓണ്‍ലൈന്‍ മാധ്യമത്തോടു പറഞ്ഞു.
അന്നേ ദിവസം തന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു. അന്നു ഫോണ്‍ പുറത്തെടുത്തിട്ടില്ല. കോള്‍ലിസ്റ്റ് പരിശോധിച്ചാല്‍ ഇക്കാര്യം മനസ്സിലാകും. യുവതീപ്രവേശം അനുവദിച്ചു സുപ്രീംകോടതി വിധിയുണ്ടായ ശേഷം ശ്രീധരന്‍പിള്ള താഴമണ്‍ മഠത്തിലെത്തി സംസാരിച്ചിരുന്നു. എന്നാല്‍ അന്നു നട അടയ്ക്കുന്ന കാര്യമൊന്നും ചര്‍ച്ച ചെയ്തിട്ടില്ലെന്നും കണ്ഠര് രാജീവര് വ്യക്തമാക്കി.
ശബരിമല സമരം ആസൂത്രിതമാണെന്നും യുവതീപ്രവേശമുണ്ടായാല്‍ നട അടച്ചിടുമെന്നും തന്ത്രി പറഞ്ഞതു തന്നോടു സംസാരിച്ചശേഷമാണെന്നും ശ്രീധരന്‍പിള്ള പ്രസംഗിച്ചതു വിവാദമായിരുന്നു. ശബരിമലയില്‍ ബിജെപി ഒരു അജന്‍ഡ മുന്നോട്ടുവെച്ചു. ശബരിമല ബിജെപിക്കു സുവര്‍ണാവസരമായിരുന്നു. നമ്മുടെ അജന്‍ഡയില്‍ എതിരാളികള്‍ ഓരോരുത്തരായി വീണു. അവസാനം അവശേഷിക്കുന്നതു നമ്മളും എതിരാളികളായ ഭരണകക്ഷിയുമായിരിക്കും കോഴിക്കോട്ട് യുവമോര്‍ച്ച യോഗത്തില്‍ ശ്രീധരന്‍ പിള്ള പറഞ്ഞു

pathram:
Leave a Comment