ശബരിമല സമരം ബിജെപി ആസൂത്രണം ചെയ്തതെന്ന് ബിജെപി അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള

കോഴിക്കോട്: ശബരിമല സമരം ആസൂത്രിതമെന്ന് ബിജെപി അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. നട അടച്ചിടുമെന്ന് തന്ത്രി പറഞ്ഞതു തന്നോടു സംസാരിച്ചശേഷമാണ്. കോടതിയലക്ഷ്യമാകില്ലെന്നു തന്ത്രിക്കു താന്‍ ഉറപ്പുനല്‍കിയിരുന്നുവെന്നും ശ്രീധരന്‍ പിള്ള പറയുന്നു. കോഴിക്കോട്ട് യുവമോര്‍ച്ച യോഗത്തിലായിരുന്നു ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തല്‍.
തുലാമാസ പൂജയ്ക്കായി നട തുറന്നസമയത്തു യുവതികള്‍ സന്നിധാനത്തിന് അടുത്തുവരെ എത്തിയിരുന്നു. അപ്പോഴാണു തന്ത്രി തന്നെ വിളിച്ചു കോടതി അലക്ഷ്യമാവില്ലേയെന്നു ചോദിച്ചത്. നട അടയ്ക്കുമെന്ന് നിലപാടെടുത്താല്‍ അതിന് ആയിരങ്ങളുടെ പിന്തുണയുണ്ടാകുമെന്നു താന്‍ ഉറപ്പുനല്‍കിയിരുന്നു. നമ്മള്‍ മുന്നോട്ടുവച്ച അജന്‍ഡയില്‍ എല്ലാവരും വീണു. കൃത്യമായ ആസൂത്രണത്തോടെയുള്ള ബിജെപി പ്ലാനാണ് ശബരിമല പ്രതിഷേധത്തില്‍ നടന്നത്. ബിജെപിക്കു കേരളത്തില്‍ സജീവമാകാനുള്ള സുവര്‍ണാവസരമാണിത്. പൊലീസിനെ മുട്ടുകുത്തിക്കാനായത് തന്ത്രിയുടെ നട അടയ്ക്കുമെന്ന നിലപാടിലാണെന്നും ശ്രീധരന്‍ പിള്ള പറയുന്നു.

pathram:
Related Post
Leave a Comment