ശബരിമല തീര്‍ഥാടകരെ വഴിയില്‍ തടഞ്ഞു; തീര്‍ഥാടകരും പൊലീസും തമ്മില്‍ വാക്കേറ്റം

പത്തനംതിട്ട : ചിത്തിര ആട്ടത്തിരുനാളിനു നട തുറക്കാനിരിക്കെ ശബരിമലയിലേക്കുള്ള തീര്‍ഥാടകരെ പൊലീസ് വഴിയില്‍ തടയുന്നു. തീര്‍ഥാടകരെ നിലയ്ക്കലിലേക്കു പോലും കടത്തിവിടാനാകില്ലെന്ന നിലപാടിലാണു പൊലീസ്. ശബരിമലയിലേക്കുള്ള എല്ലാ വഴികളിലും പൊലീസ് തമ്പടിച്ചിട്ടുണ്ട്. അന്യസംസ്ഥാനങ്ങളില്‍നിന്ന് എത്തിയ തീര്‍ഥാടകരെയാണു പൊലീസ് വഴിയില്‍ തടഞ്ഞത്. ഇവരില്‍ പലരും ഞായറാഴ്ച ദര്‍ശനത്തിനായി പുറപ്പെട്ടവരാണ്. വഴിയില്‍ തടഞ്ഞതോടെ തീര്‍ഥാടകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. യുവതികളെത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പ്രതിഷേധം ഉണ്ടാകുന്നതിനുള്ള സാധ്യത പൊലീസ് കണക്കിലെടുക്കുന്നു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ 20 കിലോമീറ്റര്‍ മുന്‍പു മുതല്‍ പൊലീസ് കാവല്‍ അതിശക്തമാക്കിയിട്ടുണ്ട്. അതിനിടെ, വനിതാ പൊലീസിനെ വലിയ നടപ്പന്തലില്‍ നിയോഗിച്ചു. 50 വയസ്സുപിന്നിട്ട് 15 വനിത പൊലീസുകാരാണ് ഇവിടെയെത്തിയിരിക്കുന്നത്. കൂടുതല്‍ യുവതികളെത്തിയാല്‍ നിയന്ത്രിക്കുന്നതിനാണു ക്രമീകരണം.
പൊലീസ് കമാന്‍ഡോ സംഘമായ തണ്ടര്‍ ബോള്‍ട്‌സും ദ്രുതകര്‍മസേനയും നിലയ്ക്കലിലും പമ്പയിലും ക്യാംപ് ചെയ്യുന്നു. പമ്പയില്‍ 100 വനിതാ പൊലീസിനെ കൂടി നിയോഗിച്ചു. ജലപീരങ്കിയും കണ്ണീര്‍വാതക ഷെല്ലുകള്‍ ഉതിര്‍ക്കുന്ന പ്രത്യേക വാഹനവും അടക്കമുള്ള സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്.തിരിച്ചറിയല്‍ കാര്‍ഡില്ലാതെ ആരെയും ഇന്നും നാളെയും നിലയ്ക്കല്‍ മുതല്‍ കടത്തി വിടില്ല. മുന്‍പു സംഘര്‍ഷങ്ങളില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്താന്‍ മുഖം തിരിച്ചറിയുന്ന ക്യാമറകളും സ്ഥാപിച്ചു. തീര്‍ഥാടകര്‍ അല്ലാത്തവരെ നിലയ്ക്കല്‍ എത്തും മുന്‍പേ തിരിച്ചയയ്ക്കും. തീര്‍ഥാടകരെ ഇന്ന് ഉച്ചയോടെയാകും പമ്പയിലേക്കു വിടുക. വൈകിട്ട് 5 നാണു നട തുറക്കുന്നത്. ഇരുമുടിക്കെട്ടില്ലെങ്കില്‍ തടയുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നു പൊലീസ് അറിയിച്ചു.
ഇന്നലെയെത്തിയ തമിഴ് തീര്‍ഥാടകരോടു നിലയ്ക്കലില്‍ വിരിവയ്ക്കാന്‍ നിര്‍ദേശിച്ചു. കെഎസ്ആര്‍ടിസി ബസിലെത്തിയ തീര്‍ഥാടകരെയും തടഞ്ഞു. പമ്പയിലും സന്നിധാനത്തും എത്തേണ്ട ജീവനക്കാരെയും കടയുടമകളെയും കടത്തിവിട്ടു. ഇന്നലെ രാത്രി എട്ടരയോടെ മാത്രമാണു മാധ്യമപ്രവര്‍ത്തകരെ കടത്തിവിട്ടത്. എന്നാല്‍ പമ്പ ത്രിവേണി പാലത്തിനിപ്പുറം വണ്ടി നിര്‍ത്തി നടന്നുപോകേണ്ടി വന്നു.പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ പമ്പയിലേക്കു പോകണമെന്നു പറഞ്ഞെത്തിയ എഎച്ച്പി നേതാവ് പ്രതീഷ് വിശ്വനാഥിനെ നിലയ്ക്കലില്‍നിന്നു തിരിച്ചയച്ചു. തിങ്കളും വ്യാഴവും ഒപ്പിടണമെന്നാണു കോടതി നിര്‍ദേശം. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും.
അതേസമയം ശബരിമലയില്‍ യുവതികള്‍ കയറി ആചാരലംഘനമുണ്ടായാല്‍ നട അടച്ച് ശുദ്ധികലശം നടത്തുമെന്ന് മേല്‍ശാന്തി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു .ഐ.ജി.അജിത്ത് കുമാര്‍ സന്നിധാനത്തെത്തി മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ സന്ദര്‍ശിച്ചിരുന്നു. ഈ അവസരത്തിലാണ് മേല്‍ശാന്തി ഇക്കാര്യം വ്യക്തമാക്കിയത്.യുവതികള്‍ വീണ്ടുമെത്തിയാല്‍ ഈ പ്രക്രിയ ആവര്‍ത്തിക്കുമെന്നും മേല്‍ശാന്തി വ്യക്തമാക്കി. തിങ്കളാഴ്ച ഉച്ചയോടെ തന്ത്രി കണ്ഠര് രാജീവര് എത്തുമെന്നും അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം കാര്യങ്ങള്‍ നടപ്പാക്കുമെന്നും മേല്‍ശാന്തി പറഞ്ഞു. ത്തിര ആട്ട വിശേഷത്തിന് തിങ്കളാഴ്ച വൈകിട്ട് അഞ്ചിനാണ് നടതുറക്കുന്നത്. വന്‍പോലീസ് വലയത്തിലാണ് ശബരിമലയും പരിസരപ്രദേശവും.

pathram:
Leave a Comment