ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചും വായില്‍ തുണി കേറ്റിയും മര്‍ദ്ദനം; ഡോക്ടറും ഭാര്യയും അറസ്റ്റില്‍

കൊച്ചി: അഞ്ചാം ക്ലാസുകാരനെ നിരന്തരമായി മര്‍ദിച്ച കേസില്‍ ഒളിവില്‍ പോയ പ്രതികളെ പോലീസ് പിടികൂടി. കുട്ടിയുടെ അമ്മ അടിമാലി സ്വദേശി ആശാമോള്‍ കുര്യാക്കോസ് (28), എറണാകുളം ജനറല്‍ ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ ഡോ. ആദര്‍ശ് രാധാകൃഷ്ണന്‍ (33) എന്നിവരെ തൃക്കാക്കര പോലീസ് മൈസൂരുവിലെ സ്വകാര്യ ഹോട്ടലില്‍നിന്നാണ് അറസ്റ്റ് ചെയ്തത്.
കാക്കനാട് പാലച്ചുവട് റോഡില്‍ സൂര്യനഗറില്‍ ശ്രീദര്‍ശനം വീട്ടില്‍ വച്ച് ഡോക്ടറുടെ മര്‍ദനം സഹിക്കാനാകാതെ കുട്ടി വീട്ടില്‍നിന്ന് ഇറങ്ങിയോടി അയല്‍വീട്ടില്‍ അഭയം തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഇരുവരും ഒളിവില്‍ പോകുകയായിരുന്നു. ഡോക്ടറുടെ ബന്ധുക്കളുടെ ഫോണ്‍കോളുകള്‍ നിരീക്ഷിച്ചാണ് പ്രതികളുടെ ഒളിത്താവളം പോലീസ് കണ്ടെത്തിയത്.
യുവതിയുടെ രണ്ടാമത്തെ വിവാഹത്തിലെ പെണ്‍കുട്ടിയെ ഡോക്ടറുടെ ബന്ധുവിന്റെ വീട്ടില്‍ പാര്‍പ്പിച്ച ശേഷം ഇരുവരും മൈസൂരുവില്‍ ഒളിവില്‍ പോകുകയായിരുന്നു. കുട്ടിയുടെ വിശേഷങ്ങള്‍ അറിയാന്‍ യുവതി നിരന്തരം വീട്ടിലേക്ക് വിളിച്ചിരുന്നു. സംഭവത്തിനു ശേഷം ഇവരുടെ ഫോണുകള്‍ സ്വിച്ച് ഓഫായതിനാല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തില്‍ ഡോക്ടറുടെയും യുവതിയുടെയും അടുത്ത ബന്ധുക്കളുടെ ഫോണുകള്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. മൈസൂരുവില്‍നിന്ന് നിരന്തരം ഫോണ്‍കോളുകള്‍ ബന്ധുക്കളുടെ ഫോണുകളിലേക്ക് വന്നത് നിരീക്ഷിച്ച പോലീസ് ഡോക്ടറുടെയും യുവതിയുടെയും ഒളിത്താവളം കണ്ടെത്താന്‍ അവിടേക്ക് പുറപ്പെടുകയായിരുന്നു.
ആഡംബര ഹോട്ടലില്‍ താമസിച്ചിരുന്ന ഇവര്‍ പോലീസിനെ തിരിച്ചറിഞ്ഞപ്പോള്‍ പ്രശ്നമുണ്ടാക്കാതെ കീഴടങ്ങുകയായിരുന്നു. ശനിയാഴ്ച രാത്രിയോടെ പ്രതികളെ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ മാസം 22-നാണ് ഡോക്ടറുടെ വീട്ടില്‍ താമസിച്ചിരുന്ന യുവതിയുടെ ആദ്യ ഭര്‍ത്താവിലെ ആണ്‍കുട്ടി ക്രൂര മര്‍ദനത്തിനിരയായത്. കുട്ടിയുടെ മൊഴിയെടുത്ത തൃക്കാക്കര പോലീസ് ഡോക്ടര്‍ക്കും അമ്മയ്ക്കുമെതിരേ ബാലപീഡന നിരോധന നിയമത്തിലെ പോക്സോയും ജുവനൈല്‍ ആക്ടും ചുമത്തി കേസെടുത്തിരുന്നു. രാത്രിയില്‍ ഡോക്ടറുടെയും യുവതിയുടെയും മര്‍ദനം സഹിക്കാനാകാതെ പത്തു വയസ്സുകാരന്‍ വീട്ടില്‍ നിന്ന് ഇറങ്ങി ഓടി അടുത്ത വീട്ടില്‍ അഭയം തേടിയതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. മാസങ്ങളായി അനുഭവിക്കുന്ന പീഡന വിവരത്തെ കുറിച്ച് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കും പോലീസിനും കുട്ടി മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരേ പോലീസ് കേസെടുത്തത്. യുവതിക്കൊപ്പം കഴിഞ്ഞിരുന്ന കുട്ടിക്ക് ഡോക്ടറുടെ വീട്ടില്‍ വച്ചായിരുന്നു മര്‍ദനമേറ്റത്.
മര്‍ദനത്തില്‍ ഉച്ചത്തില്‍ നിലവിളിക്കുമ്പോഴെല്ലാം ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ വായില്‍ തുണി തുരുകിക്കയറ്റും. നീന്തല്‍കുളത്തില്‍ വച്ച് ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിക്കുക ഉള്‍പ്പെടെയുള്ള മൂന്നാം മുറയും കുട്ടിക്ക് അനുഭവിക്കേണ്ടി വന്നു. മുമ്പ് രണ്ട് പ്രാവശ്യം വിവാഹം കഴിച്ച് ഉപേക്ഷിച്ച യുവതി ഡോക്ടര്‍ക്കൊപ്പം ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ കുട്ടി ക്രൂര മര്‍ദനത്തിനും ശാസനയ്ക്കും ഇരയാവുകയായിരുന്നു. കുട്ടിക്ക് മാനസിക വൈകല്യമുണ്ടെന്നു പറഞ്ഞായിരുന്നു മര്‍ദനം.
തൃക്കാക്കര അസി. കമ്മിഷണര്‍ പി.പി. ഷംസിന്റെ നിര്‍ദേശപ്രകാരം എസ്.ഐ.മാരായ എ.എന്‍. ഷാജു, കെ.കെ. ഷെബാബ്, എ.എസ്.ഐ. റോയ് കെ. പുന്നൂസ്, സീനിയര്‍ പോലീസ് ഓഫീസര്‍ സതീഷ് കുമാര്‍, പോലീസുകാരായ രമേശ് കുമാര്‍, ശ്യാംകുമാര്‍, വെല്‍മ, ജയശ്രീ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

pathram:
Leave a Comment