ആ നരഭോജി കടുവയെ വെടിവച്ചുകൊന്നു

മുംബൈ: മഹാരാഷ്ട്രയില്‍ 13 പേരെ കൊലപ്പെടുത്തിയതെന്നു കരുതുന്ന കടുവയെ വെടിവെച്ചു കൊന്നു. വെള്ളിയാഴ്ച രാത്രിയാണ് യവത്മാല്‍ മേഖലയില്‍ വെച്ച് ആവണി എന്ന കടുവയെ വെടിവെച്ചു കൊന്നത്. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നായിരുന്നു നരഭോജിയായ കടുവയെ വെടിവെച്ചു കൊന്നത്.
കടുവയുടെ ആക്രമണം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത് പന്തര്‍കവാട എന്ന സ്ഥലത്താണ്. ഔദ്യോഗികമായി ടി1 എന്ന് അറിയപ്പെടുന്ന ഈ പെണ്‍ കടുവ കഴിഞ്ഞ വര്‍ഷം അഞ്ചു ഗ്രാമീണരെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. മുന്‍പ് 2016മുതലുണ്ടായ കടുവ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട എട്ടു പേരുടെ മരണത്തിനും ഇടയാക്കിയത് ഈ കടുവതന്നെയാണെന്നാണ് അധികൃതര്‍ കരുതുന്നത്.
ആക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് കടുവയെ പിടിക്കുന്നതിനായി വ്യാപകമായ ശ്രമങ്ങള്‍ നടന്നിരുന്നു. കടുവയെ കൊല്ലരുതെന്നും ജീവനോടെ പിടികൂടണമെന്നും ആവശ്യപ്പെട്ട് 9,000 പേരിലധികം ഒപ്പിട്ട ഹര്‍ജി സമര്‍പ്പിക്കപ്പെട്ടു. എന്നാല്‍ ഈ ആവശ്യങ്ങള്‍ നിരാകരിച്ചുകൊണ്ട് കടുവയെ കാണുന്ന മാത്രയില്‍ വെടിവെച്ചു കൊല്ലാന്‍ സുപ്രീം കോടതി ഉത്തവിടുകയായിരുന്നു.
സാധാരണഗതിയില്‍ കടുവകള്‍ മനുഷ്യരെ തുടര്‍ച്ചയായി ആക്രമിക്കാറില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒരുപക്ഷേ, ആദ്യ ആക്രമത്തില്‍ മനുഷ്യ മാംസത്തിന്റെ രുചി തിരിച്ചറിഞ്ഞതാകാം പിന്നീട് ആക്രമണം തുടരാന്‍ കടുവയ്ക്ക് പ്രേരണയായതെന്നാണ് കരുതുന്നത്. അതേസമയം, എല്ലാ ആക്രമണങ്ങളും നടത്തിയത് ഒരേ കടുവയല്ലെന്നു വാദിക്കുന്നവരുമുണ്ട്

pathram:
Leave a Comment