തിരുവനന്തപുരം: മണ്‍വിളയില്‍ ഫാമിലി പ്ലാസ്റ്റിക്സിന്റെ ഫാക്ടറിയിലുണ്ടായ വന്‍ അഗ്നിബാധ നിയന്ത്രണവിധേയം. ഏഴുമണിക്കൂറുകള്‍ നീണ്ടുനിന്ന തീപിടിത്തത്തില്‍ രണ്ട് കെട്ടിടങ്ങള്‍ പൂര്‍ണമായും കത്തിയമര്‍ന്നു. രണ്ടാമത്തെ കെട്ടിടത്തില്‍ ഇപ്പോഴും തീ കത്തുന്നുണ്ട്. ആളപായമില്ല. ഇന്നലെ രാത്രി ഏഴുമണിയോടെയാരംഭിച്ച തീ പൂര്‍ണമായും നിയന്ത്രവിധേയമായത് ഇന്ന് പുലര്‍ച്ചയോടെയാണ്. കൂടുതല്‍ കെട്ടിടങ്ങളിലേക്ക് തീപടരാതെ നിയന്ത്രിക്കാനായത് വന്‍ അപകടം ഒഴിവാക്കി. അതിനിടെ വിഷപ്പുക ശ്വസിച്ച് ബോധരഹിതരായ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തീപിടിത്തം അന്വേഷിക്കാന്‍ അഗ്‌നിശമന സേനാ മേധാവി ഉത്തരവിറക്കി. ഫയര്‍ഫോഴ്സ് മേധാവി എ. ഹേമചന്ദ്രനാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഫയര്‍ഫോഴ്സ് ടെക്നിക്കല്‍ വിഭാഗം ഡയറക്ടര്‍ പ്രസാദിനാണ് അന്വേഷണച്ചുമതല. സമഗ്രമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. കേരളാ പൊലീസും പ്രത്യേക അന്വേഷണം നടത്തും.
ഫാക്ടറിയുടെ രണ്ടുകിലോമീറ്റര്‍ ചുറ്റളവിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധിയായിരിക്കുമെന്നും ഇന്നത്തെ ഇന്ത്യ-വിന്‍ഡീസ് മല്‍സരത്തെ പ്രശ്നം ബാധിക്കില്ലെന്നും കലക്ടര്‍ കെ.വാസുകി അറിയിച്ചു.
രണ്ടാമത്തെ കെട്ടിടത്തില്‍ ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്ന തീ ആളളിപ്പടരാതെ നിയന്ത്രിച്ചുനിര്‍ത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. തിരുവനന്തപുരം കൊല്ലം ജില്ലകളില്‍നിന്നായി 30 ഫയര്‍ എന്‍ജിനുകളാണ് തീയണയ്ക്കുന്നത്. പുലര്‍ച്ചയോളം രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു.
ഫാക്ടറിയുടെ രണ്ടുകിലോമീറ്റര്‍ ചുറ്റളവില്‍ ജനങ്ങളെ ഒഴിപ്പിച്ചു. അട്ടിമറി സാധ്യതയുണ്ടെന്നാണ് കമ്പനി അധികൃതരുടെ പ്രതികരണം. സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു
വൈകീട്ട് 7.15-ഓട് കൂടിയാണ് കാര്യവട്ടത്തിന് സമീപമുള്ള മണ്‍വിളയിലെ പ്ലാസ്റ്റിക് ഫാക്ടറിയില്‍ അഗ്നിബാധയുണ്ടായത്. ഫാക്ടറിയിലുണ്ടായിരുന്ന ജീവനക്കാര്‍ കഠിനമായി ശ്രമിച്ചിട്ടും തീയണഞ്ഞില്ല. 7.45ഓടെ ഫയര്‍ എഞ്ചിന്‍ എത്തിയപ്പോഴേക്കും തീ നിയന്ത്രണാതീതമായി കഴിഞ്ഞിരുന്നു. കസേരയും, മേശയും പ്ലാസ്റ്റിക് ഗൃഹോപകരണങ്ങളും ഗോഡൗണ്‍ നിറയെയുണ്ടായിരുന്നു. ഇതെല്ലാം കത്തിയതോടെയാണ് തീ നിയന്ത്രണം വിട്ടുപോയത്.
തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി ജില്ലകളില്‍ നിന്നുള്ള 45 ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി. തീ കെടുത്താനാകെ വന്നതോടെ വിമാനതാവളത്തില്‍ നിന്നും 2 രണ്ട് പാംപര്‍ ഫയര്‍ എ!ഞ്ചിനുകളുമെത്തി. പ്ലാസ്റ്റിക് നിര്‍മാണത്തിനുപയോഗിക്കുന്ന പെട്രോളിയം ഉല്‍പന്നമായ അസംസ്‌കൃത വസ്തുക്കള്‍ കെടുത്താന്‍ ശ്രമിക്കുംതോറും ആളിക്കത്തി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ , ഇ.ചന്ദ്രശേഖരന്‍, ഫയര്‍ഫോഴ്സ് മേധാവി ഡി.ജി.പി എ.ഹേമചന്ദ്രന്‍, ജില്ല കലക്ടര്‍ കെ.വാസുകി തുടങ്ങിയവര്‍ സംഭവസ്ഥലത്തേയ്ക്ക് കുതിച്ചെത്തി. തീ പിടിച്ച രണ്ട് കെട്ടിടങ്ങള്‍ക്ക് സമീപം സൂക്ഷിച്ചിരുന്ന ഏഴായിരത്തോളം ലീറ്റര്‍ ഡീസല്‍ അടിയന്തരമായി മാറ്റാന്‍ ഫയര്‍ ഫോഴ്സ് നിര്‍ദേശം നല്‍കി.
മൂന്നാമത്തെ കെട്ടിടത്തില്‍ നിറയെ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ അടുക്കിയിരുന്ന ഗോഡൗണിലേക്ക് തീ കടക്കാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ ഫയര്‍ ലൈന്‍ സൃഷ്ടിച്ചതോടെ വലിയ അപകടം ഒഴിവായി.
സമീപ പ്രദേശത്തെ വീടുകളില്‍ നിന്നും ജനങ്ങളെ പൊലീസ് ഇതിനിടെ ഒഴിപ്പിച്ചു. സംഭവ സ്ഥലത്തേയ്ക്കുള്ള വഴി തടയുകയും , വൈദ്യുതി ബന്ധം വിഛേദിക്കുകയും ചെയ്തു. വിഷപ്പുക ശ്വസിച്ച് രണ്ട് പേര്‍ ആശുപത്രിയിലായതോടെ അപകട സ്ഥലത്തുനിന്ന് ആളുകളെ കൂട്ടത്തോടെ ഒഴിപ്പിച്ചു. ഇതിനിടെ ഒരു കെട്ടിടത്തിന്റെ ഭിത്തി തകര്‍ന്നു വീണു. ഫാക്ടറിക്കടുത്തുനിന്ന് ശക്തമായ സ്ഫോടന ശബ്ദങ്ങള്‍ ഇടക്കിടെ കേള്‍ക്കാമായിരുന്നു. അപകടത്തില്‍ 500 കോടിയുടെ നഷ്ടമുണ്ടായെന്ന് കമ്പനി അറിയിച്ചു.
തീ നിയന്ത്രണാതീതമാകാന്‍ കാരണം അറിയിക്കാന്‍ വൈകിയതെന്ന് അഗ്നിശമന സേന പറയുന്നു. തീയണയ്ക്കാന്‍ തമിഴ്നാട്ടില്‍ നിന്നുള്‍പ്പെടെ 40 ഫയര്‍ഫോഴ്സ് യൂണിറ്റുകളാണ് എത്തിയത്. കെട്ടിടത്തില്‍ സുരക്ഷാസംവിധാനങ്ങള്‍ കുറവായിരുന്നതായും പറയുന്നു.
Leave a Comment