കോണ്‍ഗ്രസ് സംഖ്യം: ചന്ദ്രബാബു നായിഡു ഇന്ന് രാഹുല്‍ ഗാന്ധിയെ കാണും

ഡല്‍ഹി: ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യത്തിന്റെ സാധ്യതകള്‍ തേടി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇന്ന് രാഹുല്‍ ഗാന്ധിയെ കാണുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് ഡല്‍ഹിയിലെത്തുന്ന നായിഡു മറ്റ് പ്രതിപക്ഷ കക്ഷികളുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
ഡിസംബറില്‍ തെലങ്കാന നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടിയും കോണ്‍ഗ്രസും സഖ്യം ചേര്‍ന്ന് മത്സരിച്ചേക്കുമെന്നാണ് സൂചനകള്‍. ഇതിനായുള്ള ചര്‍ച്ചകള്‍ക്കായാണ് നായിഡു ഡല്‍ഹിയിലെത്തുന്നതെന്നാണ് സൂചന.
കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ മുന്നണിയിലേക്ക് ചന്ദ്രബാബു നായിഡുവിനെ കോണ്‍ഗ്രസ് നേരത്തെ ക്ഷണിച്ചിരുന്നു. സഖ്യം സംബന്ധിച്ച് ഇരുപാര്‍ട്ടികളും സംസ്ഥാനതലത്തില്‍ ധാരണയിലെത്തിയിരുന്നു. കര്‍ണാടകയില്‍ ജനതാദളിനെ കൂടെക്കൂട്ടിയതിന് ശേഷം ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന് ലഭിക്കുന്ന രണ്ടാമത്തെ പ്രമുഖ സഖ്യകക്ഷിയാകും തെലുങ്ക് ദേശം പാര്‍ട്ടി.
തെലങ്കാന തിരഞ്ഞെടുപ്പില്‍ മറ്റ് ചെറിയ പാര്‍ട്ടികളേയും കൂടെക്കൂട്ടാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ആന്ധ്രാപ്രദേശിന്റെ പ്രത്യേക പദവിച്ചൊല്ലിയാണ് ചന്ദ്രബാബു നായിഡു ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പുറത്തുവന്നത്. ഇതിന് ശേഷം ബിജെപി വിരുദ്ധ ചേരികളെ ഒന്നിപ്പിക്കാനുള്ള ശ്രമത്തിലാണ് നായിഡു.

pathram:
Leave a Comment