അമിത് ഷാ ഇറങ്ങിയതില്‍ തെറ്റില്ല..!!! ഉദ്ഘാടനത്തിന് മുന്‍പേ കണ്ണൂര്‍ വിമാനത്താവളത്തില്‍ അമിത് ഷാ വിമാനമിറങ്ങിയ സംഭവത്തില്‍ വിശദീകരണവുമായി അധികൃതര്‍

കണ്ണൂര്‍: ഔദ്യോഗിക ഉദ്ഘാടനത്തിന് മുന്‍പേ കണ്ണൂര്‍ വിമാനത്താവളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിമാനമിറങ്ങിയ സംഭവത്തില്‍ വിശദീകരണവുമായി കിയാല്‍. വിമാനത്താവളത്തിന് പ്രവര്‍ത്തനാനുമതിലഭിച്ച സാഹചര്യത്തില്‍ നോണ്‍ ഷെഡ്യൂള്‍ഡ് വിമാനങ്ങള്‍ക്ക് ഇറങ്ങുന്നതിന് തടസ്സമില്ലെന്നും, ചാര്‍ജ് ഈടാക്കിയാണ് അനുമതി നല്‍കിയതെന്നും ആണ് വിശദീകരണം. സംസ്ഥാന സര്‍ക്കാരല്ല, കിയാല്‍ ആണ് അനുമതി നല്‍കിയത്. ഡിസംബര്‍ ആറ് വരെ അപേക്ഷിക്കുന്ന ആര്‍ക്കും വിമാനമിറക്കാന്‍ അനുമതി നല്‍കുമെന്നും കിയാല്‍ വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉദ്ഘാടന തിയതിക്ക് മുന്‍പേ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനമിറങ്ങിയത് വലിയ ചര്‍ച്ചയായിരുന്നു. താന്‍ വന്നതോടെ വിമാനത്താവളം ഉദ്ഘാടനം കഴിഞ്ഞുവെന്ന് അമിത് ഷാ കൂടി നില്‍ക്കുന്നവരോട് പറയുന്നതായുള്ള വീഡിയോയും പ്രചരിച്ചിരുന്നു. എന്നാല്‍, വിമാനമിറങ്ങാനുള്ള അനുമതിയടക്കം അന്തിമ അനുമതികളെല്ലാം ലഭിച്ച സാഹചര്യത്തില്‍ അമിത് ഷാ എത്തിയ സ്വകാര്യ വിമാനത്തിന് ലാന്‍ഡിങ്ങിന് അനുമതി നല്‍കിയതില്‍ അപാകതയില്ലെന്ന് കിയാല്‍ വിശദീകരിക്കുന്നു.
അനുമതി നല്‍കിയത് സംസ്ഥാന സര്‍ക്കാര്‍ അല്ലെന്നും കണ്ണൂര്‍ അന്താരാഷ്ട വിമാനത്താവള അതോറിറ്റി ആണെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. നോണ്‍ ഷെഡ്യൂള്‍ഡ് വിമാനങ്ങള്‍ക്ക് ഇങ്ങനെ അനുമതി നല്‍കാം. ഇതിന് നിശ്ചിത തുക ഈടാക്കിയിട്ടുമുണ്ട്. മാത്രവുമല്ല. രണ്ട് നോണ്‍ ഷെഡ്യൂള്‍ഡ് വിമാനങ്ങള്‍ക്ക് കൂടി അനുമതി നല്‍കിയിട്ടുമുണ്ട്. ദേശീയ പാത വികസനത്തിന്റെ ഭാഗമായുള്ള വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനായി എത്തുന്ന കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും വിമാനങ്ങള്‍ക്കാണ് ഈ അനുമതി എന്നാണ് വിവരം. ഡിസംബര്‍ ആറ് വരെ ഇത്തരത്തില്‍ അപേക്ഷിക്കുന്ന ആര്‍ക്കും അനുമതി നല്‍കുമെന്നും കിയാല്‍ വ്യക്തമാക്കി. ടെര്‍മിനല്‍ ബില്‍ഡിങ്ങിന്റെ പണിപോലും തീരാതെ കഴിഞ്ഞ സര്‍ക്കാര്‍ വിമാനമിറക്കിയതും വാര്‍ത്താക്കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്.

pathram:
Leave a Comment