രോഹിത്തിന് പുതിയ റെക്കോര്‍ഡ്; സച്ചിനെ മറികടന്നു രോഹിത്ത് ഇനി മുന്നില്‍ ധോണി മാത്രം

മുംബൈ: വിന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയ്ക്ക് പുതിയ റെക്കോര്‍ഡ്. മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിംഗ് നടത്തിയ രോഗിത്ത് 162 റണ്‍സ് എടുത്തു. സെഞ്ചുറിയുമായി തിളങ്ങിയ രോഹിത് ഏകദിന സിക്സുകളുടെ എണ്ണത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മറികടന്നു. മത്സരത്തില്‍ നാല് സിക്സുകളാണ് രോഹിതിന്റെ ബാറ്റില്‍ നിന്ന് ഗാലറിയിലേക്ക് പറന്നത്. ഇതോടെ 195 സിക്സുകള്‍ നേടിയിട്ടുള്ള സച്ചിനെ മറികടന്നാണ് രോഹിത് തന്റെ നേട്ടം 196ലെത്തിച്ചത്.
211 സിക്സുകള്‍ നേടിയ എംഎസ് ധോണിയാണ് ഇക്കാര്യത്തില്‍ ഇന്ത്യന്‍ താരങ്ങളില്‍ രോഹിതിന് മുന്നിലുള്ളത്. മുന്‍ താരങ്ങളായ സൗരവ് ഗാംഗുലി(189), യുവ്രാജ് സിംഗ്(153) എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. 137 പന്തില്‍ 20 ബൗണ്ടറിയും നാല് സിക്സും സഹിതമാണ് രോഹിത് ശര്‍മ്മ 162 റണ്‍സ് നേടിയത്. ഇത് ഏഴാം തവണയാണ് രോഹിത് ഏകദിനത്തില്‍ 150ലേറെ റണ്‍സ് സ്‌കോര്‍ ചെയ്യുന്നത്.
ഓപ്പണറായി കുറഞ്ഞ ഇന്നിംഗ്‌സുകളില്‍ 19 സെഞ്ചുറികള്‍ നേടിയ താരമെന്ന നേട്ടത്തിലും സച്ചിന്‍ ടെന്‍ഡുല്‍ക്കറെ രോഹിത് മത്സരത്തില്‍ മറികടന്നിട്ടുണ്ട്. ഓപ്പണറുടെ റോളില്‍ സച്ചിന്‍ 115 ഇന്നിംഗ്സില്‍ 19 സെഞ്ചുറി നേടിയപ്പോള്‍ രോഹിതിന് 107 ഇന്നിംഗ്സുകളെ വേണ്ടിവന്നുള്ളൂ എന്നതാണ് ശ്രദ്ധേയം.

pathram:
Leave a Comment