രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും ആധാര്‍; എളുപ്പമാക്കാന്‍ എല്ലാ സെന്ററുകളിലും ഉപകരണം നല്‍കും

പത്തനംതിട്ട: രാജ്യത്തെ കുട്ടികള്‍ക്കെല്ലാം ആധാര്‍ കാര്‍ഡ് നല്‍കുന്ന പദ്ധതിക്ക് കേന്ദ്രം നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി എല്ലാ ഐസിഡിഎസ് (ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡവലപ്മെന്റ് സര്‍വീസസ്) സെന്ററുകളിലും ആധാര്‍ എടുക്കുന്നതിനുള്ള ഉപകരണം കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നു. സംസ്ഥാനത്തെ 258 സെന്ററുകളിലും ഉപകരണം സ്ഥാപിക്കും. ഒരു സെന്ററിന് ഇതിനായി 1.5 ലക്ഷം രൂപ വീതം ലഭിച്ചിട്ടുണ്ടെന്ന് സംസ്ഥാന വനിതാശിശുവികസന ഡയറക്ടര്‍ ഷീബാ ജോര്‍ജ് പറഞ്ഞു. ജനിക്കുന്ന കുട്ടികള്‍ക്കെല്ലാം ആധാര്‍ എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം.

നിലവില്‍ കേരളത്തില്‍ ആറു വയസ്സു വരെയുള്ള, അങ്കണവാടിയിലെത്തുന്ന 70 % കുട്ടികള്‍ക്കും ആധാര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. മൂന്നു വയസ്സു വരെയുള്ള കുട്ടികള്‍ക്കാണ് ആധാര്‍ കുറവ്. ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ക്ക് ആധാര്‍ എടുക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടും അതിനായി ആധാര്‍ സെന്ററുകളില്‍ ഏറെ സമയം ചെലവിടേണ്ടിവരുമെന്ന പ്രശ്‌നവും ഒഴിവാക്കാനാണ് ഐസിഡിഎസ് സെന്ററുകളില്‍ ആധാര്‍ യന്ത്രങ്ങള്‍ നല്‍കുന്നത്. രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും ആധാര്‍ എന്നതാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

ചില സംസ്ഥാനങ്ങളില്‍, അങ്കണവാടി ഗുണഭോക്താക്കളുടെ കൂട്ടത്തില്‍ വന്‍തോതില്‍ വ്യാജന്‍മാര്‍ കടന്നുകൂടിയതിനാലാണ് കേന്ദ്രത്തിന്റെ കര്‍ശന നടപടി. അസമില്‍ 14 ലക്ഷവും ഉത്തര്‍പ്രദേശില്‍ ഏകദേശം 80 ലക്ഷവും ഗുണഭോക്താക്കള്‍ വ്യാജന്‍മാരാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് പട്ടികയില്‍നിന്ന് ഒഴിവാക്കിയിരുന്നു. വ്യാജന്മാരുടെ പേരില്‍ കോടിക്കണക്കിനു രൂപയുടെ തട്ടിപ്പു നടക്കുന്നുവെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ട്.

ഗര്‍ഭിണികളായ സ്ത്രീകളും ആറു വയസ്സുവരെയുള്ള കുട്ടികളുമാണ് അങ്കണവാടി ഗുണഭോക്താക്കള്‍. രാജ്യത്താകെ പത്തുകോടി ഗുണഭോക്താക്കളുണ്ടെന്നാണ് ഏകദേശ കണക്ക്. മൂന്നു മുതല്‍ ആറു വയസ്സ് വരെയുള്ള കുട്ടികളാണ് അങ്കണവാടികളിലെത്തുന്നത്. 201718 വര്‍ഷത്തെ കണക്കില്‍, കേരളത്തില്‍ 33,115 അങ്കണവാടികളിലായി 3,17,531 കുട്ടികളുണ്ട്. അങ്കണവാടികളില്‍ ചേരാന്‍ ആധാര്‍ നിര്‍ബന്ധമല്ലെങ്കിലും അഞ്ചു വയസ്സെത്തുമ്പോള്‍ ആധാര്‍ എടുക്കണമെന്ന് കേന്ദ്രം എല്ലാ സംസ്ഥാനങ്ങള്‍ക്കും നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. അതുപ്രകാരം കേരളത്തിലെ വനിതാ ശിശു വികസന വകുപ്പും ഇതു നിര്‍ദേശിക്കുന്നുണ്ട്.

മൂന്നു വയസ്സ് വരെയുള്ള 3,86,016 കുട്ടികളാണ് കേരളത്തില്‍ ഇപ്പോഴുള്ളതെന്നാണ് കണക്ക്. ഇതില്‍ ഭൂരിഭാഗത്തിനും ആധാറില്ല. ഇവര്‍ അങ്കണവാടിയില്‍ വരുന്നില്ലെങ്കിലും ഇവര്‍ക്കുള്ള പോഷകാഹാരവും മരുന്നുകളും അങ്കണവാടി വഴി ലഭ്യമാക്കുന്നുണ്ട്. അങ്കണവാടി കെട്ടിട നിര്‍മാണം, വാടക, ജീവനക്കാരുടെ ശമ്പളം, കുട്ടികളുടെ ആവശ്യങ്ങള്‍ എന്നിവയ്‌ക്കെല്ലാം കേന്ദ്രം പണംനല്‍കുന്നുമുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് അങ്കണവാടികളുടെ പ്രവര്‍ത്തനത്തിന് കേന്ദ്രം കേരളത്തിനായി ബജറ്റില്‍ വകയിരുത്തിയത് 2391 കോടി രൂപയാണ്. പദ്ധതി നല്‍കിയതനുസരിച്ച് കേരളത്തിനു നല്‍കിയത് 1333.41 കോടി രൂപയാണ്. പദ്ധതികള്‍ക്ക് 60% തുക കേന്ദ്രവും 40% തുക സംസ്ഥാനവും ചെലവാക്കണമെന്നാണ് വ്യവസ്ഥ. കേരളത്തില്‍ 2015-16 ല്‍ അങ്കണവാടി കുട്ടികളുടെ എണ്ണം 41,3830 ആയിരുന്നതാണ് നിലവില്‍ 3,17,531 ആയി കുറഞ്ഞത്.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment