രാഹുല്‍ ഈശ്വര്‍ പറയുന്നത് കള്ളം ; വേണമെങ്കില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാമെന്ന് പോലീസ്

കൊച്ചി: രാഹുലിന്റെ ട്വീറ്റുകള്‍ നുണയാണെന്ന് പോലീസ്. അറസ്റ്റ് ചെയ്ത് കൊച്ചിയിലേക്ക് കൊണ്ടുവരികെ രാഹുല്‍ ഈശ്വറിന് അഭിഭാഷകനെ ബന്ധപ്പെടാനും വീട്ടിലേക്ക് വിളിക്കാനുമുളള സൗകര്യം അനുവദിച്ചിരുന്നതായി എറണാകുളം സെന്‍ട്രല്‍ പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത് കൊണ്ടുവരികെ രാഹുല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നുവെന്നും അമ്മയെയും ഭാര്യയെയും അഭിഭാഷകനെയും ഫോണില്‍ വിളിച്ചിരുന്നുവെന്നും എറണാകുളം സെന്‍ട്രല്‍ സിഐ അനന്തലാല്‍ പറഞ്ഞു.
ഇന്നലെ കിംസ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തയാള്‍ ഇന്ന് രാവിലെ ആശുപത്രിയില്‍ പോകുമോ, അങ്ങനെയൊരു ആവശ്യം തങ്ങളോട് പറഞ്ഞിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.രാവിലെ പ്രഭാത ഭക്ഷണം കഴിക്കാന്‍ സമ്മതിക്കാതെയും കിംസ് ആശുപത്രിയില്‍ കൊണ്ടുപോകുമെന്ന് പറഞ്ഞുമാണ് തന്നെ കൊണ്ടുപോയതെന്നും പൊലീസ് ഈ വാഗ്ദാനം ലംഘിച്ചെന്നും രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ പൊലീസ് നിഷേധിച്ചു. യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാനും വെളളം കുടിക്കാനുമായി മൂന്നുതവണ നിര്‍ത്തിയിരുന്നു.
കഴിക്കാന്‍ പഴവും ഓറഞ്ചും വെജിറ്റേറിയന്‍ ഹോട്ടലില്‍ നിന്ന് ഉച്ചഭക്ഷണവും വാങ്ങി നല്‍കിയെന്നും ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അറസ്റ്റിലായ രാഹുലിനെ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി. കസ്റ്റഡിയില്‍ വിട്ടുതരാന്‍ പൊലീസ് ആവശ്യപ്പെടുമെന്നാണ് വിവരം.അതേസമയം കേരളത്തില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. നവംബര്‍ അഞ്ച് വരെ ഇത് തുടരുമെന്നും എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിലേക്ക് അറസ്റ്റ് ചെയ്ത് കൊണ്ടുവരികെ രാഹുല്‍ വ്യക്തമാക്കി. രാവിലെ പത്തുമണിയോടെയാണ് രാഹുല്‍ ഈശ്വറിനെ എറണാകുളത്തുനിന്ന് എത്തിയ പൊലീസ് സംഘം തിരുവനന്തപുരം നന്ദാവനത്തെ ഫഌറ്റില്‍ നിന്നും അറസ്റ്റ് ചെയ്തത്.
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ രക്തം വീഴ്ത്തി സന്നിധാനം അശുദ്ധമാക്കാന്‍ പദ്ധതിയിട്ടതിനാണ് രാഹുല്‍ ഈശ്വറിനെ ഇന്ന് അറസ്റ്റ് ചെയ്തത്. പമ്പയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് തടഞ്ഞ് സംഘര്‍ഷം സൃഷ്ടിച്ചതിന് അറസ്റ്റ് ചെയ്ത് ജാമ്യത്തിലിരിക്കെയാണ് വീണ്ടും അറസ്റ്റ്.
സന്നിധാനത്ത് യുവതികള്‍ പ്രവേശിച്ചാല്‍ രക്തം വീഴ്ത്തി അശുദ്ധമാക്കാന്‍ 20 ആളുകളെ തയ്യാറാക്കി നിര്‍ത്തിയിരുന്നതായി രാഹുല്‍ ഈശ്വര്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു.തുടര്‍ന്ന് കലാപത്തിന് ആഹ്വാനം നല്‍കിയതിന് രാഹുല്‍ ഈശ്വറിനെതിരെ എറണാകുളം പൊലീസ് കേസെടുത്തിരുന്നു.

pathram:
Related Post
Leave a Comment