സംസ്ഥാന സ്‌കൂള്‍ കായിക മേള: 13 ാം കിരീടം സ്വന്തമാക്കി എറണാകുളം; പാലക്കാട് രണ്ടാമത്; സെന്റ് ജോര്‍ജ് ചാമ്പ്യന്‍മാര്‍

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ എറണാകുളം ജില്ലയ്ക്ക് കിരീടം. 253 പോയിന്റ് നേടിയാണ് എറണാകുളം ജേതാക്കളായത്. എറണാകുളത്തിന്റെ 13-ാം കിരീടമാണിത്. കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ പാലക്കാട് 196 പോയിന്റുമായി ഇക്കുറിയും രണ്ടാമതെത്തി. 101 പോയിന്റുകളുമായി തിരുവനന്തപുരം മൂന്നാമതെത്തി. കോഴിക്കോട് (82), തൃശൂര്‍ (69), കോട്ടയം (37), ആലപ്പുഴ (28), കൊല്ലം (24), മലപ്പുറം (20), കണ്ണൂര്‍ (19), ഇടുക്കി (17), കാസര്‍കോട് (എട്ട്), പത്തനംതിട്ട (ആറ്) എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ സ്ഥാനം.

സെന്റ് ജോര്‍ജ് ചാമ്പ്യന്‍മാര്‍

അറുപത്തിരണ്ടാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ എറണാകുളം കോതമംഗലം സെന്റ് ജോര്‍ജ് ചാമ്പ്യന്‍മാരായി. 81 പോയിന്റുകളാണ് സെന്റ് ജോര്‍ജ് കരസ്ഥമാക്കിയത്. കഴിഞ്ഞ തവണത്തെ ജേതാക്കളായ കോതമംഗലം മാര്‍ ബേസിലിന് ഇത്തവണ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 62 പോയിന്റുമായി പാലക്കാട് കുമരംപുത്തൂര്‍ കല്ലടി സ്‌കൂള്‍ രണ്ടാമതും 50 പോയിന്റുമായി കോതമംഗലം മാര്‍ ബേസില്‍ മൂന്നാമതുമെത്തി. സെന്റ് ജോര്‍ജിന്റെ പത്താം കിരീടമാണിത്. 2014-നു ശേഷമുള്ള സെന്റ് ജോര്‍ജിന്റെ ആദ്യം കിരീടമാണിത്. കിരീട നേട്ടത്തോടെ പരിശീലകന്‍ രാജു പോളിനെ യാത്ര അയക്കാനും പ്രിയ ശിഷ്യര്‍ക്കായി.

മൂന്ന് ട്രിപ്പിള്‍ സ്വര്‍ണം

ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ മൂന്നു പേര്‍ ട്രിപ്പിള്‍ സ്വര്‍ണ നേട്ടം സ്വന്തമാക്കി. സാന്ദ്ര എ.എസ്, ചിങ്കിസ് ഖാന്‍, ആദര്‍ശ് ഗോപി എന്നിവരാണ് മൂന്നിനങ്ങളില്‍ സ്വര്‍ണ നേട്ടം സ്വന്തമാക്കിയത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍, 200 മീറ്റര്‍, 400 മീറ്റര്‍ എന്നീ ഇനങ്ങളിലാണ് എറണാകുളം തേവര സേക്രഡ് ഹാര്‍ട്ടിലെ സാന്ദ്ര എ.എസ് സ്വര്‍ണം നേടിയത്. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്റര്‍, 400 മീറ്റര്‍, 600 മീറ്റര്‍ എന്നീ ഇനങ്ങളിലാണ് എറണാകുളം കോതമംഗലം സെന്റ് ജോര്‍ജിലെ ചിങ്കിസ് ഖാന്‍ സ്വര്‍ണം നേടിയത്. സീനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്റര്‍, 1500 മീറ്റര്‍, 3000 മീറ്റര്‍ എന്നീ ഇനങ്ങളിലാണ് എറണാകുളം കോതമംഗലം സെന്റ് ജോര്‍ജിലെ ആദര്‍ശ് ഗോപി സ്വര്‍ണം നേടിയത്.

pathram:
Leave a Comment