അമ്മയും കാമുകനായ ഡോക്ടറും ചേര്‍ന്നുള്ള മര്‍ദനം സഹിക്കാനാകാതെ അഞ്ചാം ക്ലാസുകാരന്‍ വീട്ടില്‍നിന്ന് ഇറങ്ങിയോടി അയല്‍ വീട്ടില്‍ അഭയം തേടി. സംഭവം പുറത്തറിഞ്ഞതോടെ കുട്ടിയുടെ അമ്മയും കൂടെ താമസിക്കുന്ന ഡോക്ടറും സ്ഥലംവിട്ടു. കാക്കനാട് പടമുഗള്‍ പാലച്ചുവട് റോഡില്‍ സൂര്യ നഗറിലെ വീട്ടിലായിരുന്നു സംഭവം. ഞായറാഴ്ച രാത്രി വീട്ടില്‍നിന്ന് ഇറങ്ങിയോടിയ കുട്ടി തൊട്ടടുത്ത വീട്ടില്‍ കയറി. വീട്ടുകാര്‍ കാര്യം തിരക്കിയപ്പോഴാണ് മാസങ്ങളായി തന്നെ നഗ്‌നനാക്കി തല്ലുന്നത് ഉള്‍പ്പെടെയുള്ള പീഡന വിവരം അറിയുന്നത്. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് പോലീസില്‍ വിവരം അറിയിച്ചത്. കുട്ടിയുടെ അമ്മയും മൂന്നാനച്ഛനെന്ന് കുട്ടി പറഞ്ഞ, അമ്മയ്‌ക്കൊപ്പം താമസിക്കുന്ന, എറണാകുളം ജനറല്‍ ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസറായ ഡോ. ആദര്‍ശും മര്‍ദിച്ചെന്നാണ് കുട്ടിയുടെ പരാതി.
കുട്ടിയുടെ മൊഴിയെടുത്ത തൃക്കാക്കര പോലീസ് ഡോക്ടര്‍ക്കും അമ്മയ്ക്കുമെതിരേ പോക്‌സോ, ജുവനൈല്‍ ആക്ട് എന്നിവ പ്രകാരം കേസെടുത്തു. അസഹനീയ മര്‍ദനത്തെ തുടര്‍ന്ന് കരഞ്ഞ കുട്ടിയുടെ വായില്‍ തുണി തിരുകിക്കയറ്റിയിരുന്നു. കവിളിലും ശരീര ഭാഗങ്ങളിലും മര്‍ദിച്ചതിന്റെയും ചട്ടുകം പഴുപ്പിച്ച് വച്ചതിന്റെയും പാടുകളുണ്ട്.
ഐ.എം.എ.യിലെ നീന്തല്‍ കുളത്തില്‍ വച്ച് നഗ്‌നനാക്കി കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ കൈകൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തു. അഞ്ചില്‍ പഠിക്കുന്ന കുട്ടി നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അമ്മ ഡോക്ടര്‍ക്കൊപ്പം താമസം തുടങ്ങിയതെന്ന് പോലീസ് പറഞ്ഞു. ഡോക്ടര്‍ക്കൊപ്പം അമ്മയും മര്‍ദിക്കാറുണ്ടായിരുന്നുവെന്നാണ് കുട്ടിയുടെ മൊഴി.
കൈകൊണ്ട് അടിച്ചും മാന്തിയും നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു. മുമ്പ് രണ്ട് വിവാഹം ചെയ്ത കുട്ടിയുടെ അമ്മ രണ്ടാമത്തെ വിവാഹമോചന കേസ് നടക്കുമ്പോഴാണ് ഡോക്ടറുമായി അടുത്തത്. ഡോക്ടര്‍ ആദ്യ ഭാര്യയെ ഉപേക്ഷിച്ചാണ് ഒരു വര്‍ഷം മുമ്പ് സ്ത്രീയെയും കുട്ടിയെയും ഒപ്പം താമസിപ്പിച്ചത്.
മരടിലെ കാര്‍ ഡീലര്‍ഷോപ്പിലെ ഉദ്യോഗസ്ഥയായ കുട്ടിയുടെ അമ്മ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് ഡോക്ടറുമായി അടുത്തത്. തനിക്കും സുഹൃത്തിനുമെതിരേ പരാതി നല്‍കിയ കുട്ടിയെ സ്വീകരിക്കാന്‍ അമ്മ തയ്യാറായില്ല.
കുട്ടിയുടെ സംരക്ഷണം പോലീസ് ചൈല്‍ഡ് ലൈന് കൈമാറി. വിവരം അറിഞ്ഞ നാട്ടുകാര്‍ തിങ്കളാഴ്ച രാവിലെ മുതല്‍ ഡോക്ടറുടെ വീടിനു മുമ്പില്‍ തടിച്ചു കൂടി. പോലീസ് എത്തിയെങ്കിലും വീട് പൂട്ടിയിട്ടിരുന്നതിനാല്‍ അകത്ത് കയറാന്‍ കഴിഞ്ഞില്ല. തൃക്കാക്കര എസ്.ഐ. കെ.കെ. ഷെബാബ്, വനിതാ എസ്.ഐ. കെ.ജെ. റോസി എന്നിവരുടെ നേതൃത്വത്തില്‍ എത്തി മേല്‍നടപടി സ്വീകരിച്ചു.
Leave a Comment