ബിജെപിക്കെതിരേ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വാജ്‌പേയുടെ മരുമകള്‍; മത്സരിക്കുന്നത് മുഖ്യമന്ത്രിക്കെതിരേ…

റായ്പുര്‍: ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ പുതിയ തന്ത്രവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി രമണ്‍സിങ്ങിന്റെ മണ്ഡലമായ രാജ്‌നന്ദ്ഗാവില്‍ അദ്ദേഹത്തിനെതിരെ അന്തരിച്ച മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയുടെ മരുമകളെ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. വാജ്‌പേയിയുടെ മരുമകളും മുന്‍ ലോകസഭാംഗവുമായ കരുണ ശുകഌയയാണ് രമണ്‍ സിങ്ങിനെതിരെ കോണ്‍ഗ്രസ് കളത്തിലിറക്കുന്നത്.

ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിലേക്കുള്ള സ്ഥാനാര്‍ഥി പട്ടികയിലാണ് കരുണ ശുക്ലയുടെ പേരുള്ളത്. ജാനിര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് 14ാം ലോക്‌സഭയില്‍ കരുണ അംഗമായിരുന്നു. അന്ന് ബിജെപി ടിക്കറ്റിലാണ് ഇവര്‍ വിജയിച്ചത്. പിന്നീട് 2009ല്‍ കോര്‍ബ മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടു. തുടര്‍ന്ന് 2014 ലാണ് കരുണ കോണ്‍ഗ്രസ് അംഗമാകുന്നത്.

2014 ല്‍ ലോക്‌സഭയിലേക്ക് ബിലാസ്പുര്‍ മണ്ഡലത്തില്‍സ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും ബിജെപി സ്ഥാനാര്‍ഥിയായ ലാഖന്‍ ലാല്‍ സാഹുവിനോട് പരാജയപ്പെട്ടു.

തിങ്കളാഴ്ചയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടത്. രമണ്‍ സിങ്ങിനെതിരെ മുന്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന അജിത് ജോഗി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറി. ഇതോടെ കരുണ ശുക്ലയും രമണ്‍സിങ്ങും തമ്മിലാകും മത്സരം.

അജിത് ജോഗ് പിന്മാറിയ സാഹചര്യത്തില്‍ രമണ്‍സിങ്ങിന് വിജയം അനായാസമാകില്ലെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. എന്നാല്‍ രമണ്‍സിങ്ങിന്റെ ജനപ്രീതിയില്‍ ഇടിവ് വന്നിട്ടില്ലെന്നും അദ്ദേഹം മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ഇപ്പോഴും സ്വീകാര്യനാണെന്നും ബിജെപി പറയുന്നു.

pathram:
Related Post
Leave a Comment