പമ്പ: ശബരിമല കയറാന്‍ ഒരുങ്ങി യുവതി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു. കേരള ദലിത് മഹിളാ ഫെഡറേഷന് നേതാവ് മഞ്ജുവാണ് എത്തിയത്. പമ്പ പൊലീസ് സ്റ്റേഷനിലെത്തി മഞ്ജു സുരക്ഷാ അകമ്പടി അഭ്യര്‍ത്ഥിച്ചു. ചാത്തന്നൂര്‍ സ്വദേശിനിയാണ് ഇവര്‍.
പൊലീസ് പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും മലകയറണം എന്ന തീരുമാനത്തില്‍ മഞ്ജു ഉറച്ചുനില്‍ക്കുകയായിരുന്നു. താന്‍ വ്രതം എടുത്തുവന്ന വിശ്വാസിയാണെന്നും സന്നിധാനത്ത് എത്തി അയ്യപ്പദര്‍ശനം നടത്തണമെന്നും മഞ്ജു ആവര്‍ത്തിച്ചു. അതോടെ സുരക്ഷ ഒരുക്കുകയല്ലാതെ പൊലീസിന് മറ്റ് മാര്‍ഗ്ഗമില്ലാതെയായി. ദളിത് മഹിളാ ഫെഡറേഷന് സംസ്ഥാന പ്രസിഡന്റായ മഞ്ജു കൊല്ലം കരുനാഗപ്പള്ളി ഇടനാട് സ്വദേശിയാണ്. 100 പേരടങ്ങുന്ന സംഘം ആണ് മഞ്ജുവിന് സുരക്ഷ ഒരുക്കുന്നത്. ഉന്നത പൊലീസുദ്യോഗസ്ഥര്‍ സംഘത്തിലുണ്ടാകില്ല എന്നും സൂചന ഉണ്ട്.
ഐജിമാരായ മനോജ് എബ്രഹാം, ശ്രീജിത്ത്, എഡിജിപി അനില്‍ കാന്ത്, സന്നിധാനത്തിന്റെ പ്രത്യേക ചുമതലയുള്ള എസ്പി ദേബേഷ് കുമാര്‍ ബഹ്റ എന്നിവര്‍ കൂടിയാലോചനകള്‍ നടത്തി സുരക്ഷ വിലയിരുത്തി. തുടര്‍ന്ന് പൊലീസ് സുരക്ഷയില്‍ മഞ്ജുവിനെ സന്നിധാനത്തേക്ക് കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. നൂറിലേറെ വരുന്ന പൊലീസ് സംഘം പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള യാത്രയില്‍ മഞ്ജുവിന് സുരക്ഷയൊരുക്കും. പമ്പയിലും കാനനപാതയിലും സന്നിധാനത്തും വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. വനിതാ പൊലീസിന്റെ ഒരു ബറ്റാലിയനും പമ്പയില്‍ തയ്യാറായി നില്‍ക്കുന്നുണ്ട്. പോകാന്‍ കഴിയുന്നത്രയും മഞ്ജുവുമായി പോവുക, പ്രതിഷേധം കനക്കുകയും മുന്നോട്ട് പോകാന്‍ സാധ്യമല്ലാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്താല്‍ യുവതിയെ സാഹചര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി അനുനയിപ്പിച്ച് തിരികെ കൊണ്ടുവരുക എന്നാണ് പൊലീസിന്റെ തീരുമാനം. വാര്‍ത്ത അറിഞ്ഞതോടെ വലിയ നടപ്പന്തലിലേക്ക് പ്രതിഷേധങ്ങളും കേന്ദ്രീകരിച്ചു.
തുലാമാസ പൂജയ്ക്ക് നട തുറന്നതിന് ശേഷം മല കയറാനെത്തിയ അഞ്ചാമത്തെ യുവതിയാണ് മഞ്ജു. ആദ്യം ശബരിമല ചവിട്ടാനെത്തിയ ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശി ലിബിക്ക് പ്രതിഷേധത്തെ തുടര്‍ന്ന് പമ്പയിലെത്താന്‍ പോലും കഴിഞ്ഞില്ല. ആന്ധ്ര സ്വദേശി മാധവി പരമ്പരാഗത കാനനപാതയില്‍ അല്‍പ്പദൂരം മുന്നോട്ടുപോയപ്പോഴേക്കും പ്രതിഷേധക്കാര്‍ യാത്ര തടസപ്പെടുത്തി. ന്യൂയോര്‍ക്ക് ടൈംസ് ഏഷ്യാ പസഫിക് റിപ്പോര്‍ട്ടറായ സുഹാസിനി റാവുവിന് മരക്കൂട്ടത്തിന് സമീപം എത്തിയപ്പോഴേക്കും പ്രതിഷേധക്കാര്‍ യാത്ര മുടക്കി. തിരുവന്തപുരം സ്വദേശി മേരി സ്വീറ്റി ശബരിമല കയറാന്‍ ആഗ്രഹം പ്രകടിപ്പിച്ച് പമ്പയിലെത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി. അസാധാരണ സുരക്ഷയില്‍ മലകയറിയ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ, മോജോ ടിവി റിപ്പോര്‍ട്ടര്‍ കവിത എന്നിവര്‍ക്ക് വലിയ നടപ്പന്തലിന് സമീപം വരെ എത്താനായെങ്കിലും പിന്നീട് വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങുകയായിരുന്നു.
Leave a Comment