സിദ്ധിക്ക്, ഗണേഷ് കുമാര്‍, മുകേഷ് എന്നിവരാണ് താരസംഘടനയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം; ഡബ്ല്യു.സി.സി 10 പ്രശ്‌നങ്ങളെ തുറന്നു പറഞ്ഞിട്ടുള്ളൂ ; അവര്‍ പറഞ്ഞത് 100 ശതമാനവും ശരിയാണ്

കൊച്ചി: താരസംഘടനയായ അമ്മയും വനിതാ സംഘടനയായ ഡബ്ല്യു.സി.സി.യും തമ്മിലുള്ള പ്രശ്‌നം രൂക്ഷമായ സാഹചര്യത്തില്‍ താരസംഘടനയായ അമ്മയ്‌ക്കെതിരെ ലിബര്‍ട്ടി ബഷീര്‍. മലയാള സിനിമയിലെ താരസംഘടനായ എ.എം.എം.എ യിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം സിദ്ധിക്ക്, ഗണേഷ് കുമാര്‍, മുകേഷ് തുടങ്ങിയ നാലഞ്ചു പേരാണെന്ന് നിര്‍മാതാവും സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ അധ്യക്ഷനുമായ ലിബര്‍ട്ടി ബഷീര്‍.

ദിലീപിനോടുള്ള അമിതമായ വിധേയത്വം സംഘടനയെ പ്രതിസന്ധിയിലാക്കുമെന്നും ഈ പോക്ക് തുടര്‍ന്നാല്‍ മോഹന്‍ലാല്‍ അധികം വൈകാതെ എ.എം.എം.എയുടെ പ്രസിഡന്റ്സ്ഥാനം രാജിവയ്ക്കുമെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. എ.എം.എം.എ യും വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി.യും തമ്മിലുള്ള പ്രശ്‌നങ്ങളെക്കുറിച്ചും പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താനെന്നും ഡബ്ല്യു.സി.സി.യിലെ അംഗങ്ങള്‍ക്കൊപ്പമാണെന്നും ഇനിയും തുറന്നുപറച്ചിലുകള്‍ വരാനുണ്ടന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു.
ലിബര്‍ട്ടി ബഷീറിന്റെ വാക്കുകള്‍ ; ഇവരാണ് പ്രശ്‌നക്കാര്‍? സിദ്ധിഖ്, മുകേഷ്, ഗണേഷ് ഇങ്ങനെയുള്ള നാലഞ്ച് ആള്‍ക്കാര്‍ തുടക്കം മുതലേ ദിലീപിനെ സഹായിച്ച് കൊണ്ട്, ദിലീപിന് വേണ്ടി വാദിച്ച് കൊണ്ടിരുന്ന വ്യക്തികളാണ്. ഇന്നലെ സിദ്ധിഖ് ഒരു പത്രസമ്മേളനം നടത്തി ജഗദീഷ് ഒരു പത്രക്കുറിപ്പും ഇറക്കി. കോളേജുകളില്‍ പ്രിന്‍സിപ്പല്‍ ആയി ജോലിയെടുത്ത വ്യക്തിയാണ് ജഗദീഷ്. ഒരു സിനിമാ നടനാണെന്നതിനുപരി ആ വ്യക്തിത്വം എപ്പോഴും കാത്ത് സൂക്ഷിക്കുന്ന വ്യക്തിയാണ് ജഗദീഷ്. എന്റെ കുറേ ചിത്രങ്ങളില്‍ അഭിനയിച്ച വ്യക്തിയാണ്. സിനിമയില്‍ പറയുന്ന ഒരു ദു:ശീലവും അനാവശ്യവും ഇല്ലാത്ത വ്യക്തിയാണ്. മദ്യപാനം, ചീട്ടുകളി തുടങ്ങി ഒന്നും തന്നെയില്ലാത്ത ക്ലീനായ വ്യക്തിയാണ്. അദ്ദേഹം എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാലിന്റെ അനുമതിയോട് കൂടി നോട്ട്‌സ് ഉണ്ടാക്കിയാണ് പത്രക്കുറിപ്പ് കൈമാറിയത്.
എന്നാല്‍ സിദ്ധിഖ് ചെയ്തത് അതല്ല. സിദ്ധിഖ് കെ.പി.എ.സി.ലളിതയെയും ചേര്‍ത്ത് ലോക്കേഷനില്‍ വച്ച് പത്രസമ്മേളനം നടത്തി. ആരോടും കൂടിയാലോചിക്കാതെ സ്വന്തം മനസാലെ പറഞ്ഞ കാര്യങ്ങളാണ്. അതില്‍ ഏറ്റവും പ്രാധാന്യം കൊടുത്തത് ദിലീപിന്റെ രക്ഷയ്ക്കാണ്. ദിലീപിനെതിരേ പോലീസിന് കൊടുത്ത മൊഴി ഇന്ന് മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നു. അതിന് വിരുദ്ധമായാണ് പത്രസമ്മേളനത്തില്‍ സിദ്ധിഖ് കാര്യങ്ങള്‍ പറഞ്ഞത്.
എല്ലാ പ്രശ്‌നങ്ങള്‍ക്കും തുടക്കം മുതലേ ഉള്ള കാരണം ഈ നാലഞ്ച് ആള്‍ക്കാരാണ്. ഇന്നസെന്റേട്ടന്‍ അതൊരു വിധത്തില്‍ കൊണ്ടുപോയി. മോഹന്‍ലാല്‍ വന്നപ്പോള്‍ ഇതില്‍ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. പക്ഷെ മോഹന്‍ലാലിനെയും സമ്മര്‍ദ്ദത്തില്‍ ആക്കുന്നത് ഈ നാലഞ്ച് ആള്‍ക്കാരാണ്.

വനിതാ താരങ്ങള്‍ക്ക് മനസ്സമാധാനത്തോടെ ഉറങ്ങാന്‍ പറ്റാതെ വന്നിട്ടുണ്ട്
അമ്മയ്‌ക്കെതിരേ പറയുന്ന കാര്യങ്ങളൊന്നും മുഴുവനായി ഡബ്ല്യു.സി.സി പറഞ്ഞിട്ടില്ല. എന്റെ അഭിപ്രായത്തില്‍ പല മോശം അനുഭവങ്ങളും അമ്മയിലെ വനിതാ പ്രവര്‍ത്തകര്‍ക്ക് ഉണ്ടായിട്ടുണ്ട്. അതൊക്കെ നടക്കുന്നതാണ്. രാത്രി മനഃസമാധാനത്തോടെ അവര്‍ക്ക് ഉറങ്ങാന്‍ പറ്റിയിട്ടില്ല. ആര്‍ട്ടിസ്റ്റുകളുടെ സുരക്ഷയ്ക്കു വേണ്ടിയാണ് നമ്മള്‍ പ്രൊഡക്ഷന്‍ മാനേജര്‍മാരെ വയ്ക്കുന്നത്. പക്ഷെ ഇന്നലെ കണ്ടില്ലേ ബാദുഷയുടെ അസിസ്റ്റന്റ് ആയി നില്‍ക്കുന്ന ഷെറിന്‍ എന്ന വ്യക്തി അര്‍ച്ചന പദ്മിനിയെ ഉപദ്രവിച്ചു എന്ന വാര്‍ത്ത. അത് ബാദുഷ തന്നെ സമ്മതിക്കുന്ന വാട്‌സാപ്പ് സന്ദേശവുംമാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടുമുണ്ട്.
ഒരു പ്രൊഡ്യൂസര്‍ എന്ന നിലയില്‍ നമുക്കൊന്നും ചെയ്യാന്‍ പറ്റാതാവുകയാണ്. നമുക്ക് എല്ലാ മുറിയുടെയും മുന്നില്‍ കാവല്‍ നില്‍ക്കാനാവില്ല. അതിനായാണ് നാലും അഞ്ചും പ്രൊഡക്ഷന്‍ അസിസ്റ്റന്റ്മാര്‍. ഓരോ ഹോട്ടലിലും ഓരോ ആളെങ്കിലും ഉണ്ടാകും, ആണ്‍പെണ്‍ വ്യത്യാസമില്ലാതെ രണ്ടു കൂട്ടരുടെയും സുരക്ഷയ്ക്ക്.
ഡബ്ല്യു.സി.സി മുഴുവന്‍ തുറന്ന് പറഞ്ഞിട്ടില്ല. അവര്‍ ഉയര്‍ത്തുന്ന തര്‍ക്കം 100 ശതമാനം ശരിയാണ്. രേവതി ഒക്കെ പത്ത് മുപ്പത്തിയഞ്ച് വര്‍ഷമായി സിനിമയിലുണ്ട്. അവര്‍ക്കൊക്കെ പല അനുഭവങ്ങളും സെറ്റിലുണ്ടായിട്ടുണ്ട്. അതില്‍ ഒരു 10 ശതമാനം മാത്രമേ അവര്‍ പറഞ്ഞിട്ടുള്ളൂ.

pathram:
Leave a Comment