വനിതാ പോലീസുകാരെ യുവതി കടിച്ച് പരിക്കേല്‍പ്പിച്ചു

വര്‍ക്കല: വനിതാ പോലീസുകാരെ യുവതി കടിച്ച് പരിക്കേല്‍പ്പിച്ചു. ഉന്തുവണ്ടി കച്ചവടക്കാരിക്കു േേനരയുണ്ടായ അതിക്രമത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ വനിതാ പോലീസുകാരെയാണ് യുവതി ആക്രമിച്ചത്. അക്രമം നടത്തിയ യുവതിയെ പിടികൂടി ജീപ്പില്‍ കയറ്റുന്നതിനിടെയാണ് വനിതാ പോലീസുകാരെ കടിച്ചത്. സംഭവത്തില്‍ ചാത്തന്നൂര്‍ കോതേരിമുക്ക് രോഹിണിനിവാസില്‍ രോഹിണി എന്ന് വിളിക്കുന്ന നാസിയ(28)യെ പോലീസ് പിടികൂടി. വര്‍ക്കല സ്‌റ്റേഷനിലെ വനിതാ പോലീസുകാരായ ഉഷ, അനുപമ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.

ശനിയാഴ്ച രാവിലെ പത്തുമണിയോടെ ശിവഗിരി ആല്‍ത്തറമൂട്ടിലായിരുന്നു സംഭവം. ഉന്തുവണ്ടിയില്‍ കച്ചവടം നടത്തുന്ന നബീസയുടെ കടയിലെത്തിയ നാസിയയും ഭര്‍ത്താവും ആഹാരസാധനങ്ങളെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞു. തുടര്‍ന്ന് കടയില്‍നിന്നു നാസിയ സാധനങ്ങള്‍ വലിച്ചു പുറത്തേക്കെറിഞ്ഞു. സ്ഥലത്തുണ്ടായിരുന്ന ഭക്തജനങ്ങളും ഓട്ടോ ഡ്രൈവര്‍മാരും ഇവരെ തടയാന്‍ ശ്രമിച്ചു. ഇവര്‍ക്കൊപ്പം സ്‌കൂട്ടറില്‍ കൊണ്ടുവന്ന പട്ടിയുമായി എതിര്‍ക്കാനെത്തിയവരെ നേരിട്ടു.

വിവരമറിഞ്ഞു സ്ഥലത്തെത്തിയ വനിതാ പോലീസുകാരെ ഇവര്‍ തെറിവിളിച്ചതോടെ നാട്ടുകാര്‍ രോഷാകുലരായി. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ നാസിയയെ വനിതാ പോലീസുകാര്‍ ജീപ്പില്‍ കയറ്റി.

ഇതിനിടെ ജീപ്പിനുള്ളില്‍വച്ചാണ് വനിതാ പോലീസുകാരുടെ കൈകളില്‍ കടിച്ചത്. ജീപ്പിന്റെ വാതില്‍ ചവിട്ടിത്തുറക്കാനും ശ്രമിച്ചു. തുടര്‍ന്ന് പോലീസ് ഇവരെ സ്‌റ്റേഷനിലെത്തിച്ചു. വനിതാ പോലീസുകാരെ ആക്രമിച്ചതിന് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ നാസിയയെ റിമാന്‍ഡ് ചെയ്തു

pathram:
Related Post
Leave a Comment