മുകേഷിനെതിരായ ലൈംഗീകാരോപണം: ഇതെന്റെ ജീവിതമാണ്, നിങ്ങളുടെ രാഷ്ട്രീയ മുതലെടുപ്പിനുള്ളതല്ലെന്ന് ടെസ

മുംബൈ: നടന്‍ മുകേഷിനെതിരെ ലൈംഗീകാരോപണങ്ങളുന്നയിച്ച മലയാളി കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫ് വിശദീകരണവുമായി രംഗത്ത്. താന്‍ നടത്തിയ വെളിപ്പെടുത്തല്‍ രാഷ്ട്രീയവല്‍ക്കരിച്ചതിനെ ടെസ് രൂക്ഷമായി വിമര്‍ശിച്ചു. ‘ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടതായി കാണുന്നു. പലരും അക്കാര്യം പറഞ്ഞു. ഒരുകാര്യം വ്യക്തമാക്കട്ടെ. ഇതെന്റെ ജീവിതമാണ്. നിങ്ങളുടെ രാഷ്ട്രീയ മുതലെടുപ്പിനുള്ളതല്ല. മുകേഷിന്റെ വീട്ടിലേക്കു മാര്‍ച്ച് നടത്തിയതും വിഷയം രാഷ്ട്രീയമായി ഏറ്റെടുത്തതും തെറ്റാണ്. രാഷ്ട്രീയപാര്‍ട്ടികള്‍ എന്റെ കാര്യങ്ങളെ സ്വന്തം അജണ്ടകള്‍ക്കായി ഉപയോഗിക്കരുത്’– ടെസ് ട്വിറ്ററിലെ കുറിപ്പില്‍ വ്യക്തമാക്കി.സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ചില പ്രശ്‌നങ്ങള്‍ക്കെതിരെ നിലപാടെടുക്കുകയായിരുന്നു ലക്ഷ്യം. സ്ത്രീകള്‍ക്കു പിന്തുണയും സുരക്ഷിതവുമായ സാഹചര്യം തൊഴിലിടങ്ങളില്‍ വേണം. എന്താണ് 19 വര്‍ഷം കാത്തിരുന്നത് എന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു. കഴിഞ്ഞ മൂന്നുദിവസങ്ങളിലേക്കു നോക്കൂ. ഭയമില്ലാതെ, ആത്മവിശ്വാസത്തോടെ സ്ത്രീകള്‍ അവരുടെ കഥകള്‍ പറയുന്ന സാഹചര്യം കാണുന്നില്ലേ? വീട്ടുകാരുള്‍പ്പെടെ ഞാനുമായി അടുപ്പമുള്ളവര്‍ക്കെല്ലാം ഇക്കാര്യങ്ങള്‍ വര്‍ഷങ്ങളായി അറിയാമായിരുന്നു. വിശ്വാസത്തോടെ പറയാന്‍ വേദിയില്ലാതിരുന്നതുകൊണ്ടാണ് ഇതുവരെ മൗനം പാലിച്ചത്– ടെസ് പറഞ്ഞു.കോടീശ്വരന്‍ പരിപാടിയുടെ നടത്തിപ്പുകാരായിരുന്ന കമ്പനിയുടമയും പാര്‍ലമെന്റംഗവുമായ ഡെറക് ഒബ്രയാന്‍ നല്ല രീതിയില്‍ പിന്തുണച്ചതായും അവര്‍ പറഞ്ഞു. ബോളിവുഡിനേയും മാധ്യമരംഗത്തേയും പിടിച്ചുലച്ച ‘മീടൂ’ ക്യാംപെയിനില്‍ കുടുങ്ങുന്ന ആദ്യ മലയാള സിനിമാപ്രവര്‍ത്തകനാണു മുകേഷ്. ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ ഹോട്ടലില്‍ വച്ച് മുകേഷ് അതിരുവിട്ട് പ്രവര്‍ത്തിച്ചു എന്നാണു ടെസ് ജോസഫ് വെളിപ്പെടുത്തിയത്. മുറിയിലേക്ക് ഇടതടവില്ലാതെ ഫോണ്‍ ചെയ്യുകയും പിന്നീട് ഹോട്ടലില്‍ സ്വാധീനം ചെലുത്തി സ്വന്തം മുറിയ്ക്കടുത്തേക്ക് മാറ്റിച്ചുവെന്നുമാണു ടെസിന്റെ ആരോപണം. എന്നാല്‍ ടെസിനെ അറിയില്ലെന്നാണു മുകേഷിന്റെ നിലപാട്. ആര്‍ക്കും ആരെയും തേജോവധം ചെയ്യാവുന്ന സ്ഥിതിയാണ് ഇപ്പോഴെന്നും മുകേഷ് പ്രതികരിച്ചു.
‘മീ ടൂ’ വെളിപ്പെടുത്തലിനു പിന്നാലെ മുകേഷിനെതിരെ കൊല്ലത്ത് വന്‍ പ്രതിഷേധമുയര്‍ന്നു. എംഎല്‍എയുടെ ഓഫിസിലേക്കു കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ആരോപണം ഗൗരവമുള്ളതാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കൊല്ലത്തെ മുകേഷിന്റെ ഓഫിസിലേക്കു പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അര മണിക്കൂറോളം ദേശീയപാതയില്‍ കുത്തിയിരുന്നു. എംഎല്‍എയുടെ കോലവും കത്തിച്ചു.
മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ എംഎല്‍എയുടെ ഓഫിസിലേക്കു മാര്‍ച്ച് നടത്തി. പരിസരത്തുണ്ടായിരുന്ന മുകേഷിന്റെ ചിത്രമുള്ള ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ കീറിക്കളഞ്ഞു. പ്രതിഷേധ സാധ്യത കണക്കിലെടുത്തു വീടിനും ഓഫിസിനും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. മുകേഷിനെതിരെയുള്ള ആരോപണത്തില്‍ നടപടികള്‍ നിയമപരമായി പോകട്ടെയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
അതേസമയം എംഎല്‍എയും നടനുമായ മുകേഷിനെതിരായ ആരോപണത്തിന് പിന്നാലെ ദക്ഷിണേന്ത്യയിലെ പ്രമുഖ സംഗീത സംവിധായകന്‍ ഗോപീസുന്ദറിനെതിരെയും ലൈംഗികാരോപണം. സംഗീതവുമായി ബന്ധമുള്ള ഗോപീ സുന്ദറുമായി ചേര്‍ന്നു പ്രവര്‍ത്തിക്കണം എന്നാഗ്രഹിച്ച പെണ്‍കുട്ടിയാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
ഇന്ത്യാ പ്രൊട്ടസ്റ്റ് എന്ന ട്വിറ്റര്‍ പേജാണ് ഗോപീസുന്ദറിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ അടങ്ങിയ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്. അതേസമയം പെണ്‍കുട്ടിയുടെ പേരു വെളിപ്പെടുത്താതെയാണ് മീടു കാമ്പെയിനുമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യാ പ്രൊട്ടസ്റ്റ് ആരോപണം ഉന്നയിച്ചത്. ചെറിയ പ്രായത്തില്‍ തന്നെ സംഗീതലോകവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടിയാണ് താനെന്ന് പറഞ്ഞു കൊണ്ടാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ തുടങ്ങുന്നത്.
പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ: അന്ന് ഹൈസ്‌ക്കൂളില്‍ പഠിക്കുന്ന പ്രായമായിരുന്നു അത്. 18 വയസു പൂര്‍ത്തിയായിരുന്നില്ല, അന്നാണ് തനിക്ക് ആദ്യം ദുരനുഭവും ഉണ്ടായത്. അന്ന് ഗോപീസുന്ദറിന് 34 വയസു വരെ പ്രായമേ കാണൂ. അന്ന് തനിക്ക് അദ്ദേഹം റോള്‍ മോഡല്‍ ആയിരുന്നു. താന്‍ ആകട്ടെ കരിയറില്‍ ഉന്നതികള്‍ ആഗ്രഹിക്കുന്ന വ്യക്തിയും. ഒരു ദിവസം അദ്ദേഹം എന്നെ ഫോണില്‍ വിളിച്ചു. അതില്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ല. എന്നാല്‍ പിന്നീട് സംസാരത്തിത്തിന്റെ ഗതി മാറുകയാണ് ഉണ്ടായത്. അദ്ദേഹത്തിന് ഞാനുമായി ബന്ധം സ്ഥാപിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞു. അത് സമൂഹത്തിന് അംഗീകരിക്കാന്‍ സാധിക്കാത്ത കാര്യങ്ങളായിരുന്നു. ഇതോടെ ഞാന്‍ ഭയന്നു പോയി.
പിന്നീടും അദ്ദേഹം ഈ സംസാരം ആവര്‍ത്തിച്ചു. അന്ന് വളരെ മോശമായ വിധത്തിലായിരുന്നു. ഒരു ദിവസം അദ്ദേഹം എന്നോടു പറഞ്ഞു. താന്‍ സ്വയംഭോഗം ചെയ്യുകയാണെന്ന്. താന്‍ അഡല്‍ട്ട് സിനിമകള്‍ കാണാറുണ്ടോ എന്നും ചോദിച്ചു. എന്താണ് സ്വയംഭോഗം എന്നതിന്റെ അര്‍ത്ഥം പോലും തനിക്ക് അറിയാത്ത പ്രായമായിരുന്നു അത്. ഇതിന് ശേഷം പിന്നെയും ഒരു വര്‍ഷത്തോളവും അദ്ദഹത്തില്‍ നിന്നും ദുരനുഭവം ഉണ്ടായി. ഞാന്‍ കോളേജില്‍ എത്തിയപ്പോള്‍ ഞാന്‍ കന്യകയാണോ എന്നു ചോദിച്ചു കൊണ്ടുള്ള മെസേജ് അദ്ദേഹം അയച്ചു. ഒരിക്കല്‍ സംഭോഗത്തിനും അദ്ദേഹം ചോദിച്ചു.

ഇത്രയും ആയതോടെ തനിക്ക് ഇക്കാര്യത്തില്‍ താല്‍പ്പര്യമില്ലെന്ന് തുറന്നു പറഞ്ഞു. എന്നിട്ടും തന്റെ ശല്യപ്പെടുത്തുകയാണ് ഉണ്ടായത്. ഒരിക്കല്‍ അദ്ദേഹം എന്നോടു പറഞ്ഞത്, എനിക്കു വേണ്ടി ഒരു പാട്ടു കണ്ടുവെച്ചിട്ടുണ്ടെന്നാണ്. അതില്‍ പാടണമെന്നും പറഞ്ഞു. കൂടുതല്‍ പാട്ടുകളും തനിക്കായി ഉണ്ടെന്നും ഗോപീസുന്ദര്‍ പറഞ്ഞു.എന്നാല്‍ അതിനു മുമ്പായി എന്റെ വീട്ടില്‍ വരണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. തുടര്‍ന്ന് നമുക്ക് വിശദമായി ചര്‍ച്ച ചെയ്യാമെന്നും ചോദിച്ചു. അന്നു ചോദിച്ചത് ഞാനൊരു കന്യകയാണോ എന്നാണ്.

pathram:
Leave a Comment