അദാനിക്കും അംബാനിക്കും ബിര്‍ളയ്ക്കും നഷ്ടമായത് കോടികള്‍

അംബാനിക്കും അദാനിക്കും ബിര്‍ളയ്ക്കും ഓഹരി വിപണിയിലെ കനത്ത വില്പന സമ്മര്‍ദത്തില്‍ നഷ്ടമായത് കോടികള്‍. കനത്ത തകര്‍ച്ചയില്‍ പ്രമുഖ ബ്ലുചിപ്പ് ഓഹരികളുടെയെല്ലാം വിപണിമൂല്യം കുത്തനെ ഇടിഞ്ഞു. അതോടൊപ്പം പ്രൊമോട്ടര്‍മാരുടെ ഓഹരി മൂല്യത്തിലും ഇടിവുണ്ടായി. സെന്‍സെക്‌സ് എക്കാലത്തെയും ഉയര്‍ന്ന് നിലവാരത്തിലെത്തിയ ഓഗസ്റ്റ് 29ന്റെ തലേന്ന് ഓഗസ്റ്റ് 28ന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മുകേഷ് അംബാനിയുടെ സ്വത്ത് 50.7 ബില്യണ്‍ ഡോളറായിരുന്നു. ബ്ലൂംബര്‍ഗ് ബില്യണയര്‍ സൂചികപ്രകാരം ഇപ്പോഴദ്ദേഹത്തിന്റെ സ്വത്ത് 39.5 ബില്യണ്‍ ഡോളറായി കുറഞ്ഞു.

കുമാര്‍ മംഗലം ബിര്‍ളയുടെ എട്ട് കമ്പനികളടങ്ങിയ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ വിപണി മൂല്യത്തില്‍ 60,000 കോടിരൂപയുടെ കുറവാണുണ്ടായത്. വിപണിയില്‍ ലിസ്റ്റ് ചെയ്ത എട്ട് കമ്പനികളില്‍ ആറ് കമ്പനികളുടെയും ഓഹരി വിലയില്‍ 70 ശതമാനമാണ് ഈ കലണ്ടര്‍ വര്‍ഷം നഷ്ടമായത്. വൊഡാഫോണ്‍ ഐഡിയ(23,000 കോടി രൂപ), ഗ്രാസിം ഇന്‍ഡസ്ട്രീസ് (16,000 കോടി), അള്‍ട്രടെക് സിമെന്റ്(14,000 കോടി) തുടങ്ങിയ കമ്പനികളുടെ വിപണിമൂല്യത്തിലാണ് കനത്ത ഇടിവുണ്ടായത്. ജനുവരിയില്‍ 9.38 ബില്യണ്‍ ഡോളര്‍ ആസ്തിയുണ്ടായിരുന്ന ബിര്‍ളയുടെ സ്വത്ത് 5.91 ബില്യണ്‍ ഡോളാറായാണ് കുറഞ്ഞത്. 3.16 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന് നഷ്ടമായത്.

തുറമുഖം, ചരക്ക് നീക്കം, ഷിപ്പിങ്, റെയില്‍, കല്‍ക്കരി ഖനനം, ഊര്‍ജം എന്നീ മേഖലകളില്‍ സാന്നിധ്യമുള്ള ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പിനും അടിതെറ്റി. 11 ബില്യണ്‍ ഡോളറായിരുന്നു ജനുവരിയില്‍ അദാനിയുടെ ആസ്തി. തിങ്കളാഴ്ചയിലെ കണക്കുപ്രകാരം ഇത് 6.57 ബില്യണ്‍ ഡോളറായാണ് കുറഞ്ഞത്.

ലിസ്റ്റ് ചെയ്ത അഞ്ച് ഓഹരികളില്‍ നാലെണ്ണത്തിനുംകൂടി വിപണി മൂല്യത്തില്‍ 40,494 കോടി രൂപയാണ് വിപണി മൂല്യത്തില്‍ ഇടിവുണ്ടായത്. അദാനി എന്റര്‍െ്രെപസസ്, അദാനി പോര്‍ട്‌സ്, അദാനി പവര്‍, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയാണ് കമ്പനികള്‍. റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍ബൈക്ക് പുറത്തിറക്കുന്ന ഐഷര്‍ മോട്ടോഴ്‌സിന്റെ വിക്രം ലാലിന് നഷ്ടമായത് 2.63 ബില്യണ്‍ ഡോളറാണ്. ഐഷര്‍ മോട്ടോഴ്‌സിന്റെ ഓഹരിവിലയില്‍ 28 ശതമാനമാണ് ഇടിവുണ്ടായത്. വിപ്രോയുടെ അസിം പ്രേംജി, അര്‍സലോര്‍മിത്തല്‍ ഉടമ ലക്ഷ്മി മിത്തല്‍, സണ്‍ ഫാര്‍മയുടെ ദിലീപ് സാങ് വി തുടങ്ങിയവര്‍ക്ക് 12 ബില്യണ്‍ ഡോളറും നഷ്ടമായി.

pathram:
Related Post
Leave a Comment