ഇടുക്കി രാവിലെ 11 മണിക്ക് തുറക്കും; ലോവര്‍ പെരിയാര്‍ തുറക്കില്ല

ചെറുതോണി: കനത്തമഴ വരുന്നുവെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് ഇടുക്കി ഡാം ശനിയാഴ്ച രാവിലെ 11മണിക്ക് തുറക്കാന്‍ വൈദ്യുതിബോര്‍ഡ് തീരുമാനിച്ചു. ചെറുതോണിയിലെ ഒരു ഷട്ടര്‍ തുറന്ന് സെക്കന്‍ഡില്‍ അരലക്ഷം ലിറ്റര്‍ വെള്ളം വീതം ഒഴുക്കിവിടാനാണ് തീരുമാനം. ഒരു ഷട്ടര്‍ മാത്രം തുറക്കുന്നതുകൊണ്ട് ആശങ്കവേണ്ടെന്ന് വൈദ്യുതിബോര്‍ഡ് വ്യക്തമാക്കി.

വൈദ്യുതിബോര്‍ഡിന്റെ പ്രധാന 14 ഡാമുകളില്‍ 12 എണ്ണവും ഇതിനകം തുറന്നു. ഇടുക്കികൂടി തുറക്കുമ്പോള്‍ 13 ആകും. വൈദ്യുതോത്പാദനത്തെ ബാധിക്കുമെന്നതിനാല്‍ ലോവര്‍ പെരിയാര്‍ തുറക്കേണ്ടതില്ലെന്ന് വൈദ്യുതിബോര്‍ഡ് തീരുമാനിച്ചതായി ചെയര്‍മാന്‍ എന്‍.എസ്. പിള്ള പറഞ്ഞു.

ജലസേചനവകുപ്പിന്റെ 19 ഡാമുകളും ജല അതോറിറ്റിയുടെ രണ്ടു ഡാമുകളും തുറന്നിട്ടുണ്ട്. സംസ്ഥാനത്തെ ചെറുതും വലുതുമായ 83 ഡാമുകളില്‍ എണ്‍പതെണ്ണവും തുറന്നുകിടക്കുകയാണ്. എന്നാല്‍, പ്രളയകാലത്തെപ്പോലെ ഡാമുകളില്‍നിന്ന് വന്‍തോതില്‍ വെള്ളം പുറത്തേക്ക് വിടുന്നില്ല. ജലനിരപ്പ് താഴ്ന്നതിനാല്‍ ചില ഡാമുകളില്‍നിന്ന് വെള്ളം പുറത്തേക്ക് ഒഴുകുന്നുമില്ല.

pathram:
Related Post
Leave a Comment