ഇടുക്കി ഡാം തുറക്കില്ല; മുഖ്യമന്ത്രിയുടെ യോഗം വൈകീട്ട്‌

ചെറുതോണി: കനത്ത മഴ തുടര്‍ന്നതിനാല്‍ ഇടുക്കി ജലസംഭരണിയുടെ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തുന്നതു തല്‍ക്കാലം മാറ്റി. രാവിലെ അണക്കെട്ടിലെ ജലനിരപ്പ് 2387.76 അടിയായിരുന്നത് ഇപ്പോള്‍ 2387.72 അടിയായി താഴ്ന്നു. ഇതോടെയാണു അണക്കെട്ടു തുറക്കുന്ന നടപടികള്‍ തല്‍ക്കാലത്തേക്കു മാറ്റിയത്. മഴ കൂടിയാല്‍ നാളെ രാവിലെ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തും. ഇന്നു വൈകിട്ട് 5.30ന് തലസ്ഥാനത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരും.

അതേസമയം മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുകയാണ്. ഉച്ചയ്ക്ക് 12 മണിയോടെ 131.5 അടിയായി. ഡാമുകള്‍ തുറക്കുന്നതില്‍ പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം.
ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തും. കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറക്കും.

കക്കി, ആനത്തോട്, പമ്പ, മൂഴിയാര്‍ അണക്കെട്ടുകള്‍ ഉച്ചയ്ക്ക് ശേഷം തുറക്കും, പമ്പ ത്രിവേണിയിലെ പുനര്‍നിര്‍മാണ ജോലികള്‍ നിര്‍ത്തിവെച്ചു. ഡാമുകള്‍ തുറക്കുന്ന പശ്ചാത്തലത്തിലാണ് നിര്‍മ്മാണങ്ങള്‍ നിര്‍ത്തിവെച്ചത്. തൃശൂര്‍ ചിമ്മിനി, തെന്മല പരപ്പാര്‍ ഡാമുകള്‍ തുറന്നുവിട്ടു. അരുവിക്കര, നെയ്യാര്‍ ഡാമുകളും തുറന്നു. തെന്മല ഡാമിന്റെ മൂന്നു ഷട്ടറുകളും ഉയര്‍ത്തി. മാട്ടുപെട്ടി, പൊന്മുടി ഡാമുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി.
അതേസമയം ലക്ഷദ്വീപിനു സമീപം ചുഴലിക്കാറ്റായി മാറാവുന്ന ന്യൂനമര്‍ദം രൂപംകൊണ്ടു. നാളെ ഉച്ചയ്ക്കുശേഷം ചുഴലിക്കാറ്റായി മാറി വടക്കുപടിഞ്ഞാറേക്കു നീങ്ങും. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കടലിലുള്ളവര്‍ ഇന്നുതന്നെ തിരിച്ചെത്തണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് കനത്ത മഴയും കാറ്റുമുണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കേണ്ടി വന്നാല്‍ ഉപയോഗിക്കാവുന്ന കെട്ടിടങ്ങള്‍ കണ്ടെത്താന്‍ ആലപ്പുഴയില്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ തുറക്കാനും ക്രമീകരണം.

pathram:
Leave a Comment