പ്രണയിക്കുന്ന സമയം പലപ്പോഴും ഞാന്‍ സുപ്രിയയെ ഓഫീസില്‍ കൊണ്ടാക്കാറുണ്ടായിരുന്നുവെന്ന് പൃഥി… വിഡിയോ വൈറല്‍

കൊച്ചി: പ്രണയിക്കുന്ന സമയം സുപ്രിയയെ ഓഫീസില്‍ കൊണ്ടാക്കാറുണ്ടായിരുന്നുവെന്ന് പൃഥിരാജ്. ഏകദേശം ആറ് വര്‍ഷം മുമ്പ് പൃഥിരാജ് എന്‍ഡി ടിവിക്ക് നല്കിയ അഭിമുഖത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഇത് ഇപ്പോള്‍ വൈറലാകാനുള്ള കാരണം പൃഥിയുടെ ഭാര്യ സുപ്രിയ തന്നെയാണ്. 2012ല്‍ ആദ്യ ബോളിവുഡ് ചിത്രമായ അയ്യയുടെ പ്രചരണത്തിന്റെ ഭാഗമായി പൃഥ്വിരാജ് നല്കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ സുപ്രിയ കുത്തിപ്പൊക്കിയത്.

മാത്രമല്ല പൃഥിയും സുപ്രിയയുടെയും പ്രണയകാലത്ത് സുപ്രിയ ജോലി ചെയ്തിരുന്ന മാധ്യമ സ്ഥാപനം കൂടിയാണ് എന്‍ഡിടിവി. തന്റെ ഭാര്യ സുപ്രിയ ഒരു മുന്‍ എന്‍ഡി ടിവി റിപ്പോര്‍ട്ടറാണെന്നും ഇപ്പോള്‍ താന്‍ എന്താണോ അതിന് കാരണം ആ സ്ഥാപനമാണെന്നും സുപ്രിയ തന്നോട് പലപ്പോഴും പറഞ്ഞിട്ടുള്ളതായി പൃഥ്വിരാജ് അഭിമുഖത്തില്‍ പറയുന്നതാണ് വീഡിയോയില്‍ ഉള്ളത്. പിന്നാലെ അഭിമുഖകാരി തങ്ങളുടെ മുന്‍ സഹപ്രവര്‍ത്തക റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത എന്ന മുഖവുരയോടെ സുപ്രിയ റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്ത പ്ലേ ചെയ്യുന്നുമുണ്ട് വീഡിയോയില്‍. പ്രണയകാലത്ത് പലപ്പോഴും സുപ്രിയയെ ഡ്രോപ്പ് ചെയ്യാന്‍ ഇവിടെ എത്തിയിരുന്നെന്നും പൃഥ്വി അഭിമുഖത്തില്‍ പറയുന്നു.

‘ഞങ്ങള്‍ അടുപ്പം തുടങ്ങിയ കാലത്ത് സുപ്രിയ എന്‍ഡിടിവിയില്‍ ജോലി ചെയ്യുകയാണ്. പലപ്പോഴും ഞാന്‍ ഓഫീസിലേക്ക് ഡ്രോപ്പ് ചെയ്തിട്ടുണ്ട്. ജനറല്‍ വാര്‍ത്തകള്‍ താന്‍ ഏറെ ആസ്വദിച്ചാണ് ചെയ്തിരുന്നതെന്നും ഇപ്പോഴും താന്‍ അത് മിസ് ചെയ്യുന്നുണ്ടെന്നും സുപ്രിയ തന്നോട് പറഞ്ഞിട്ടുണ്ടെന്നും പൃഥ്വി പഴയ അഭിമുഖത്തില്‍ പറയുന്നു.’ സമൂഹമാധ്യമങ്ങളില്‍ ‘ത്രോബാക്ക് തേസ്ഡേ’ എന്ന പേരില്‍ ട്രെന്റിങ് ആയിക്കൊണ്ടിരിക്കുന്ന ഓര്‍മ്മ പങ്കുവെക്കലിന്റെ ഭാഗമായാണ് ഇന്‍സ്റ്റഗ്രാമിലൂടെ സുപ്രിയ ഈ വീഡിയോ ഫൂട്ടേജ് പങ്കുവച്ചത്.
വ്യാഴാഴ്ച്ചകളില്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കുന്ന ത്രോബാക്ക് തേര്‍സ്ഡേ സീരീസില്‍ ആണ് പൃഥ്വിരാജ് പങ്കെടുത്ത ഒരു പഴയ ടെലിവിഷന്‍ അഭിമുഖത്തിന്റെ ക്ലിപ്പിങ് സുപ്രിയാ മേനോന്‍ പങ്കുവച്ചത്.
പൃഥ്വിരാജുമായുള്ള വിവാഹത്തിന് മുന്‍പ് മുംബൈയില്‍ മാധ്യമപ്രവര്‍ത്തകയായിരുന്നു സുപ്രിയ. ജോലിയുടെ ഭാഗമായി തന്നെയാണ് സുപ്രിയ പൃഥ്വിരാജിനെ പരിചയപ്പെടുന്നതും. 2011ലായിരുന്ന പൃഥ്വിരാജും സുപ്രിയയും വിവാഹിതരായത്. 2012ലാണ് പൃഥ്വിയുടെ ആദ്യ ബോളിവുഡ് ചിത്രമെത്തിയത്.
സുപ്രിയയെ പരിചയപ്പെട്ട സന്ദര്‍ഭത്തെ കുറിച്ച് ഇതിനു മുന്‍പും പൃഥ്വി വെളിപ്പെടുത്തിയിട്ടുണ്ട്. ജോലിയുടെ ഭാഗമായിട്ടാണ് സുപ്രിയയെ ആദ്യമായി പരിചയപ്പെടുന്നതെന്നും തെന്നിന്ത്യന്‍ സിനിമയെ കുറിച്ച് ഫീച്ചര്‍ തയ്യാറാക്കുന്നതിന് വേണ്ടിയായിരുന്നു സുപ്രിയ അന്ന് തന്നെ വിളിച്ചിരുന്നത്. എന്നാല്‍ അന്ന് താന്‍ ഷാരൂഖ് ഖാന്റെ ഡോണ്‍ സിനിമ കാണുകയായിരുന്നു. ഞാന്‍ അടുത്ത ദിവസം തിരികെ വിളിക്കാമെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. എന്നാല്‍ തൊട്ട് അടുത്ത ദിവസം വിളിച്ചപ്പോള്‍ സുപ്രിയയും അതേ സിനിമ കാണുകയായിരുന്നു. തിരിച്ചു വിളിക്കാമെന്ന് പറഞ്ഞ് സുപ്രിയയും ഫോണ്‍ കട്ട് ചെയ്തു. ആ സിനിമയെ കുറിച്ചു ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ഒരേ അഭിപ്രായമായിരുന്നുവെന്നും പൃഥി പറഞ്ഞിരുന്നു. ശന്താറാം എന്ന ഗ്രിഗറി ഡേവിഡ് റോബര്‍ട്ടിന്റെ പുസ്തകമാണ് തങ്ങളെ കുറച്ചു കൂടി അടുപ്പിച്ചതെന്ന് താരം പറഞ്ഞു. ആ പുസ്തകമായിരുന്നു തങ്ങളെ പ്രണയത്തിലേക്ക് നയിച്ചതെന്നും പൃഥി പറഞ്ഞിരുന്നു.

pathram:
Leave a Comment