പമ്പയില്‍ വീണ്ടും വെള്ളപ്പൊക്കം; മണ്ഡലകാലത്തേക്കുള്ള പുനര്‍നിര്‍മാണം താറുമാറായി; സുപ്രീംകോടതി വിധി കാരണമെന്ന വാദവുമായി സോഷ്യല്‍ മീഡിയ

ശബരിമല: പമ്പയില്‍ കനത്തമഴയും വെള്ളപ്പൊക്കവും അനുഭവപ്പെടുന്നത് സുപ്രീംകോടതി വിധിയുമായി ചേര്‍ത്ത് വായിച്ച് സോഷ്യല്‍ മീഡിയ. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് പമ്പയില്‍ വെള്ളം ഉയരുന്നതെന്നാണ് പ്രചരണം നടക്കുന്നത്. ഇന്നലെ വൈകീട്ടു മുതല്‍ ഇന്നു രാവിലെ വരെ തുടര്‍ച്ചയായി മഴ പെയ്തതാണ് വെള്ളപ്പൊക്കത്തിന് കാരണം.
കഴിഞ്ഞ മാസം മഹാപ്രളയത്തിന് കാരണമായ മഴയെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു മഴ. ഈ നില തുടര്‍ന്നാല്‍ വീണ്ടും പ്രളയത്തിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
കനത്ത മഴയെ തുടര്‍ന്ന് പമ്പ മണപ്പുറത്ത് പഴയ നടപ്പന്തല്‍ നിന്ന ഭാഗത്ത് കൂടി ഹോട്ടല്‍ കോംപ്ലക്‌സ് വരെ വെള്ളം കയറിരിക്കുന്നത്. കനത്ത മഴ തുടര്‍ന്നാല്‍ വീണ്ടും ത്രിവേണിയടക്കം വെള്ളത്തിലാകുമെന്നാണ് ഭയം. ഇതോടെ മണ്ഡലകാലം ലക്ഷ്യമിട്ടുള്ള പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും താറുമാറായി.
മണലടിഞ്ഞ് ദിശമാറിയ പമ്പയുടെ ഒഴുക്ക് പൂര്‍വ സ്ഥിതിയിലാക്കിയെങ്കിലും നദി നിരന്നൊഴുകുകകയാണ്.
ഇതോടെ ടാറ്റാ കണ്‍സ്ട്രക്ഷന്‍ കമ്പനി നദിയിലെ മണ്ണ് വാരി എട്ടടിയോളം ആഴംകൂട്ടി. എന്നാല്‍ മഴ പെയ്ത് നദിയിലെ ഒഴുക്കിന് ശക്തി കൂടിയതോടെ ത്രിവേണി ഭാഗത്തെ മണ്ണ് ഒഴുകിയെത്തി ആഴം വീണ്ടും കുറഞ്ഞു.
ഗോഡൗണില്‍ വെള്ളം കയറി നശിച്ച ശര്‍ക്കര, മാറ്റി ശുചീകരിക്കാന്‍ മഴ കാരണം കഴിഞ്ഞില്ല. പമ്പ ഗവണ്‍മെന്റാശുപത്രി കെട്ടിടത്തില്‍ കയറി ക്കിടക്കുന്ന മണലും നീക്കിയിട്ടില്ല.
ത്രിവേണി പാലം മുതല്‍ ശര്‍ക്കര ഗോഡൗണ്‍ വരെയുള്ള പാത (സര്‍വീസ് റോഡ്) നിറയെ ചെളിയാണ്. ആശുപത്രി കെട്ടിടത്തിന് മുന്‍വശത്ത് ചെളിവെള്ളം കെട്ടിക്കിടക്കുന്നു. വൈദ്യുതി വകുപ്പിന്റെയും വാട്ടര്‍ അതോറിറ്റിയുടേയും പണികളേയും മഴ പ്രതികൂലമായി ബാധിക്കുന്നുണ്ട്. നാശം നേരിട്ട ടോയ്‌ലറ്റ് ബ്ലോക്കുകളുടെ പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ബലക്ഷയമില്ലാത്ത കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തന സജ്ജമാക്കും. ശര്‍ക്കര ഗോഡൗണ്‍ അമൃത ആശുപത്രിയുടെ താഴത്തെ നിലയിലേക്കു മാറ്റും. പമ്പാനദിയുടെ കിഴക്കുഭാഗത്ത് ഹില്‍ ടോപ്പ് പാര്‍ക്കിന് ഗ്രൗണ്ടിലേക്കുള്ള പാതയുടെ തീരത്തോടു ചേര്‍ന്നുള്ള മണ്ണിടിഞ്ഞ 298 മീറ്റര്‍ വരുന്ന ഭാഗം ടാറ്റാ കണ്‍സ്ട്രക്ഷന്‍ ഏറ്റെടുത്ത് പുനഃര്‍നിര്‍മിക്കും. എന്നാല്‍ മഴ നിര്‍മാണപ്രവര്‍ത്തനങ്ങളെ ബാധിക്കുമോ എന്നാ ആശങ്ക അധികൃതര്‍ക്കുണ്ട്. മാസ്റ്റര്‍ പ്ലാന്‍ പദ്ധതി പ്രകാരം ചെയ്ത ഹോട്ടല്‍ സമുച്ചയം, അന്നദാനപ്പുര എന്നീ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി നടത്തി വരുന്ന തീര്‍ഥാടന കാലത്ത് തുറന്നുകൊടുക്കും.
യു ടേണ്‍ ഭാഗത്തെ വേ ബ്രിഡ്ജ് അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തന സജ്ജമാക്കും. ഉരുള്‍പൊട്ടല്‍ മൂലം മണ്ണടിഞ്ഞ് നികന്ന കുന്നാര്‍ ഡാമിലെ ചെളിനീക്കി ആഴം വര്‍ധിപ്പിക്കുകയാണ്. വനത്തിനുള്ളിലായതിനാലും മഴയായതിനാലും സന്നിധാനത്തുനിന്ന് ഏറെ അകലെയുള്ള കുന്നാറില്‍ ഒരു ദിവസം നാലുമണിക്കൂര്‍ സമയം മാത്രമേ ജോലി ചെയ്യാന്‍ കഴിയൂ. രാവിലെ എട്ടിന് സന്നിധാനത്തുനിന്ന് തിരിച്ചാല്‍ 10 മണിയോടെ മാത്രമേ കുന്നാറില്‍ എത്തുകയുള്ളൂ. ഉച്ചകഴിഞ്ഞ് രണ്ടിന് തിരികെ പോവുകയും വേണം. എന്തായാലും കഴിഞ്ഞ പ്രളയ സമയത്ത് പമ്പയില്‍ വെള്ളം കയറി ഉണ്ടായ ദുരിതം ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് സര്‍ക്കാര്‍ അനുകൂല നിലപാട് എടുത്തതിന്റെ ഫലമാണെന്ന് പ്രചാരമുണ്ടായിരുന്നു. അതേപോലെ ഇപ്പോഴും വീണ്ടും വെള്ളപ്പൊക്കവും സുപ്രീം കോടതി വിധിയുമെല്ലാം ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.

pathram:
Leave a Comment