ആര്‍ത്തവ സമത്തും ഇനി എല്ലാക്ഷേത്രങ്ങളിലും പ്രവേശിക്കാം

ന്യൂഡല്‍ഹി: ആര്‍ത്തവ സമത്തും ഇനി എല്ലാക്ഷേത്രങ്ങളിലും പ്രവേശിക്കാം. ശബരിമലയില്‍ സത്രീപ്രവേശം സംബനിധിച്ച് നടത്തിയ വിധിപ്രസ്താവത്തിലാണ് ആര്‍ത്തവ സമയത്തും സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന വിധി വന്നതോടെയാണിത്. സുപ്രീം കോടതി വിധിയോടെ ചരിത്രപരമായ മാറ്റമാണ് ഉണ്ടാകാന്‍ പോകുന്നത്.
സ്ത്രീകളെ ദൈവമായി ആരാധിക്കുന്ന രാജ്യമാണ് ഇന്ത്യ. സ്ത്രീകളോട് ഇരട്ടത്താപ്പ് കാണിക്കുന്നത് തരം താഴ്ത്തലിനു തുല്യമാണ്. വിശ്വാസത്തിന്റെ കാര്യത്തില്‍ സ്ത്രീകളോട് വിവേചനം പാടില്ല. ശാരീരികവും ജൈവികവുമായ നിലകള്‍ കണക്കിലെടുത്താകരുത് ദൈവവുമായുള്ള ബന്ധം വിലയിരുത്തേണ്ടതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. വിധി എല്ലാ ക്ഷേത്രങ്ങള്‍ക്കും ബാധകമാണെന്നും കോടതി നിരീക്ഷിച്ചു.

സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ താഴ്ന്നവരല്ല. ശബരിമലയിലെ ആചാരം ഹിന്ദു സ്ത്രീകളുടെ അവകാശം ഹനിക്കുന്നതാണ്. അയ്യപ്പവിശ്വാസികള്‍ പ്രത്യേക സമുദായമല്ല. ലിംഗവിവേചനം ഭക്തിക്കു തടസ്സമാകരുത്. പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാത്തത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീംകോടതി വിലയിരുത്തി. അതേസമയം, അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാലു ജഡ്ജിമാര്‍ ഒരേ അഭിപ്രായം കുറിച്ചപ്പോള്‍ ഏക വനിതാ ജഡ്ജിയായ ഇന്ദു മല്‍ഹോത്ര വിയോജിച്ചു.

ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാതിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് നിരീക്ഷിച്ചു. സ്ത്രീകളെ തരംതാഴ്ത്തുന്ന വിശ്വാസങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ കോടതിക്കു സാധിക്കില്ല. മതനിയമങ്ങള്‍ വച്ചു പുലര്‍ത്താന്‍ മതങ്ങള്‍ക്ക് അധികാരമുണ്ട്. എന്നാല്‍ ഏതു രീതിയിലുള്ള മതനിയമങ്ങളും ഭരണഘടനയുമായി യോജിച്ചു പോകുന്നതായിരിക്കണമെന്നും ചന്ദ്രചൂഡ് വ്യക്തമാക്കി.

ജസ്റ്റിസ് നരിമാന്‍ പ്രത്യേക വിധിപ്രസ്താവം നടത്തിയെങ്കിലും ചീഫ് ജസ്റ്റിസിന്റെ അഭിപ്രായത്തോട് യോജിച്ചു. ഏതു പ്രായത്തിലുമുള്ള സ്ത്രീകള്‍ അയ്യപ്പന്റെ മുന്നില്‍ ഒരേപോലയാണ്. ആര്‍ത്തവകാലത്തിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രത്തില്‍ സ്ത്രീകളെ വേര്‍തിരിക്കുന്നതു ശരിയല്ല. പത്തിനും അന്‍പതിനും ഇടയില്‍ പ്രായമള്ളവരെ ശബരിമല ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാത്തതിനു ഭരണഘടനയിലെ 26–ാം അനുച്ഛേദത്തിന്റെ പിന്‍ബലമില്ല. നാല്‍പ്പത്തിയൊന്നു ദിവസത്തെ വ്രതം സ്ത്രീകള്‍ക്കെടുക്കാനാകില്ലെന്ന വാദം അംഗീകരിക്കാനാകില്ല. സ്ത്രീകളെ ദുര്‍ബലരായി കാണുന്നതാണ് ഈവാദമെന്നും ജസ്റ്റിസ് നരിമാന്‍ പറഞ്ഞു.

ഹര്‍ജിക്കാര്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ എല്ലാ മതങ്ങളെയും ബാധിക്കുന്നതാണെന്നായിരുന്നു ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിധി. മതവികാരങ്ങള്‍ ഉള്‍പ്പെട്ട വിഷയങ്ങളില്‍ കോടതി ഇടപെടാതിരിക്കുന്നതാകും അഭികാമ്യമെന്നും അവര്‍ വ്യക്തമാക്കി.

ആര്‍ത്തവകാലത്ത് സ്ത്രീകളുടെ ക്ഷേത്രപ്രവേശനം വിലക്കുന്നത് തുല്യതയ്ക്കുള്ള അവകാശത്തെ ഹനിക്കുന്നതാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എട്ടുദിവസത്തെ സുദീര്‍ഘമായ വാദപ്രതിവാദങ്ങള്‍ക്കുശേഷം ഓഗസ്റ്റ് ഒന്നിനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് വിധിപറയാന്‍ മാറ്റിയത്.

ആര്‍ത്തവകാലത്ത് സ്ത്രീകളുടെ ക്ഷേത്രപ്രവേശനം വിലക്കുന്നതിന് നിയമപിന്‍ബലമേകുന്ന 1965-ലെ കേരള ഹിന്ദു പൊതു ആരാധനാസ്ഥല (പ്രവേശന) ചട്ടത്തിന്റെ മൂന്നാം (ബി) വകുപ്പ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടായിരുന്നു 2006-ല്‍ ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് നിര്‍ണായക വിധി വന്നിരിക്കുന്നത്.

വിധിയിലെ പ്രധാന പരാമര്‍ശങ്ങള്‍

വിശ്വാസത്തില്‍ തുല്യതയാണ് വേണ്ടതെന്ന് ചീഫ് ജസ്റ്റിസ്
ശാരീരികവും ജൈവികവുമായ പ്രത്യേകതകള്‍ വിവേചനത്തിന് കാരണമാകരുത്
ശബരിമലയിലെ അയ്യപ്പ ഭക്തന്‍മാരെ പ്രത്യേക ഗണമായി കാണാനാവില്ല
ഭരണഘടനയുടെ പാര്‍ട്ട്-കകക അനുശാസിക്കുന്ന മൗലികാവകാശങ്ങള്‍ സമൂഹത്തിന്റെ പരിവര്‍ത്തനത്തിന് അനിവാര്യമാണെന്ന് ജസ്റ്റിസ് നരിമാന്‍
സ്ത്രീകളെ ശബരിമലയില്‍ അനുവദിക്കാതിരിക്കുന്നത് ഭരണഘടനാ ലംഘനവും 21-ാം വകുപ്പിന്റെ ലംഘനവുമാണ്
41 ദിവസത്തെ വൃതം സ്ത്രീകള്‍ക്ക് എടുക്കാനാവില്ലെന്ന വാദം അംഗീകരിക്കാനാവില്ല. സ്ത്രീകളെ ദുര്‍ബലരായി കാണുന്നതാണ് ഈ വാദമെന്നും ജസ്്റ്റിസ് നരിമാന്‍
മത നിയമങ്ങള്‍ വെച്ചുപുലര്‍ത്താന്‍ മതങ്ങള്‍ക്ക് അധികാരമുണ്ട്. എന്നാല്‍ ഏതു രീതിയിലുള്ള മത നിയമങ്ങളും ഭരണഘടനയുമായി യോജിച്ചു പോകുന്നതായിരിക്കണമെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ്
ജീവശാസ്ത്രപരമായ കാരണത്താല്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഇന്ത്യന്‍ ഭരണഘടനയിലെ തുല്യതയ്ക്കുള്ള അവകാശം ഉറപ്പാക്കുന്ന വകുപ്പായ 14, മത,ജാതി,സ്ഥലം, ഭാഷ എന്നിവയുടെ പേരിലുള്ള വിവേചനത്തെ തടയുന്ന വകുപ്പ് 15, തൊട്ടുകൂടായ്മയുടെ നിഷ്‌കാസനം ഉറപ്പാക്കുന്ന വകുപ്പ് 17 എന്നിവയുടെ ലംഘനമാണോ എന്ന പരിശോധനയായിരുന്നു പ്രധാനമായും ഭരണഘടനാ ബെഞ്ച് നടത്തിയത്.

pathram:
Leave a Comment