ഇന്നു നടക്കുന്ന സി.പി.ഐ.എം സെക്രട്ടറിയേറ്റ് യോഗത്തില്‍ പി.കെ. ശശി എം.എല്‍.എയ്‌ക്കെതിരായ പരാതി ചര്‍ച്ചയാകും

തിരുവനന്തപുരം: ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പി.കെ ശശി എംഎല്‍എയ്ക്കെതിരായ പരാതി ചര്‍ച്ചയാകും. എംഎല്‍എയ്ക്കെതിരായി ഡിവൈഎഫ്ഐ നേതാവായ പെണ്‍കുട്ടി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ കഴമ്പുണ്ടെന്നാണ് പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍.

ശശിക്കെതിരെ നടപടിയ്ക്ക് കമ്മീഷന്‍ ശുപാര്‍ശ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. പാലക്കാട് ജില്ലാ കമ്മറ്റിയിലെ രണ്ട് ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് സൂചനകള്‍. ഇവര്‍ പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചു എന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. ഗൂഢാലോചനയുണ്ടെന്ന ശശിയുടെ പരാതി സംഘടനാ തലത്തില്‍ അന്വേഷിക്കാനും ധാരണയായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
പെണ്‍കുട്ടിയുടെ മൊഴിയാണ് വളരെ നിര്‍ണ്ണായകമായത്. തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ ഓഡിയോ,വീഡിയ തെളിവുകള്‍ പെണ്‍കുട്ടി കമ്മീഷനു മുന്നില്‍ സമര്‍പ്പിച്ചിരുന്നു. നിഷേധിക്കാനാകാത്ത തെളിവുകളാണ് കമ്മീഷനു മുന്നില്‍ എത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എ.കെ.ബാലനും പി.കെ.ശ്രീമതിയുമടങ്ങുന്ന അന്വേഷണ കമ്മിഷന്‍ പാലക്കാട്ടെത്തി പരാതിക്കാരിയുടെ മൊഴിയെടുത്തിരുന്നു. കൂടാതെ പി.കെ.ശശിയുടെ വിശദീകരണവും നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഉത്തരവാദിത്തമുള്ള പാര്‍ട്ടി നേതാവില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത പെരുമാറ്റം പി.കെ.ശശിയുടെ ഭാഗത്തുനിന്നുണ്ടായി എന്നും റിപ്പോര്‍ട്ടില്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.

വിഷയത്തില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ അദ്ദേഹം ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. കേന്ദ്ര പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ കൂടി ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

pathram desk 1:
Leave a Comment