കൊച്ചി: എറണാകുളം കച്ചേരിപ്പടിയിലെ ഗാന്ധിപ്രതിമ അടിച്ചു തകര്‍ത്ത കേസില്‍ ബീഹാര്‍ സ്വദേശി അറസ്റ്റില്‍. ഇയാള്‍ മാനസികരോഗിയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ബീഹാര്‍ സ്വദേശിയായ ദീപു എന്നയാളാണ് പ്രതിമ തകര്‍ത്തതെന്ന് കണ്ടെത്തിയതായി സെന്‍ട്രല്‍ സ്റ്റേഷന്‍ എസ്‌ഐ ജോസഫ് സാജന്‍ വ്യക്തമാക്കി. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വഴിയില്‍ അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന ഇയാള്‍ ഗാന്ധി പ്രതിമ സ്ഥിതി ചെയ്യുന്നിടത്ത് കയറി പ്രതിമയുടെ തലതാഴേക്ക് തള്ളിയിടുകയായിരുന്നു. സംഭവത്തില്‍ രോഷം രേഖപ്പെടുത്തി ഗാന്ധി പീസ് ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ രാവിലെമുതല്‍ സ്ഥലത്ത് പ്രതിഷേധം നടത്തുകയാണ്. പ്രതിമയുടെ തലഭാഗം പൂര്‍ണമായും വേര്‍പെട്ട നിലയിലായിരുന്നു.
കച്ചേരിപ്പടി ജംഗ്ഷനില്‍ ശീമാട്ടിയ്ക്ക് സമീപം മെട്രോ പാതയ്ക്ക് സമീപമായാണ് തകര്‍ക്കപ്പെട്ട ഗാന്ധിപ്രതിമ നിലനിന്നിരുന്നത്. സംഭവത്തിനുശേഷം ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി വിരളടയാളങ്ങള്‍ ശേഖരിച്ചിരുന്നു. ആ സമയത്ത് സ്ഥലത്തെ ഒരാള്‍ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ പോലീസിന് നല്‍കിയതോടെയാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്.
ഗാന്ധി പീസ് ഫൗണ്ടേഷന്റെ പരാതിയിലാണ് സെന്‍ട്രല്‍ പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിയത്. മെട്രോ പാതയ്ക്ക് താഴെ താമസിക്കുന്ന അന്യസംസ്ഥാനക്കാരെയുള്‍പ്പെടെ പോലീസ് ചോദ്യം ചെയ്തിരുന്നു. അവസാനം സംശയാസ്പദമായ സാഹചര്യത്തില്‍ ഒരാള്‍ ചിറ്റൂര്‍ റോഡില്‍ കടകളിലേക്ക് കല്ലും മറ്റും എടുത്തെറിഞ്ഞ് നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചതോടെയാണ് ദീപു എന്നയാളുടെ അറസ്റ്റിലേക്ക് നയിച്ചത്. ഇയാളെ സിജെഎം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയിരിക്കുകയാണ്.
Leave a Comment