ബാങ്ക് അക്കൗണ്ടിനും മൊബൈല്‍ ഫോണിനും ആധാര്‍ നിര്‍ബന്ധമല്ല; സുപ്രധാന വിധിയുമായി സുപ്രീം കോടതി; ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ വ്യക്തിയുടെ അവകാശങ്ങള്‍ നിഷേധിക്കാനാവില്ല

ന്യൂഡല്‍ഹി: ആധാറിന് ഭരണഘടനാ സാധുതയുണ്ടെന്ന് സുപ്രീം കോടതി വിധിച്ചു. എന്നാല്‍ ആധാറിന്റെ പേരില്‍ പൗരാവകാശം നിഷേധിക്കരുത്. മൊബൈല്‍ ഫോണുമായി ആധാര്‍ ബന്ധിപ്പിക്കണമെന്ന് നിര്‍ബന്ധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. ബാങ്ക് അക്കൗണ്ട് എടുക്കുന്നതിന് ആധാര്‍ നിര്‍ബന്ധമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുളള ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് ചരിത്രപരമായ വിധിയാണ് പ്രഖ്യാപിച്ചത്. ആധാര്‍ പൗരന്റെ സ്വകാര്യത ലംഘിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹര്‍ജികള്‍ കേട്ടത്. മൂന്നു ജസ്റ്റിസുമാര്‍ ആധാര്‍ വിഷയത്തില്‍ ഒരേ നിലപാട് രേഖപ്പെടുത്തി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, എ.എം ഖാന്‍വില്‍ക്കറും എ.കെ.സിക്രിയും ആധാറിന് അനുകൂലമായി നിലകൊണ്ടപ്പോള്‍ ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവര്‍ വിയോജിപ്പ് രേഖപ്പെടുത്തി. ആധാര്‍ കേസുമായി ബന്ധപ്പെട്ട നിയമം ധനബില്ലായി പരിഗണിക്കരുതെന്ന് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കി. ആധാര്‍ നിയമത്തിലെ 33(2), 57, 47 വകുപ്പുകള്‍ കോടതി റദ്ദാക്കി. ദേശസുരക്ഷയുടെ പേരില്‍ ആവശ്യമെങ്കില്‍ ആധാര്‍ വിവരങ്ങള്‍ കൈമാറാനുള്ള ഇളവാണ് 33(2) വകുപ്പ് റദ്ദാക്കിയതിലൂടെ ഇല്ലാതായത്. വകുപ്പ് 57 റദ്ദായതോടെ വ്യക്തിവിവരങ്ങള്‍ ഉറപ്പിക്കാനായി സ്വകാര്യ കമ്പനികള്‍ ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കാമെന്ന പഴുതടഞ്ഞു. വകുപ്പ് 47 റദ്ദാക്കിയതോടെ ആധാര്‍ സംബന്ധിച്ച് വ്യക്തികള്‍ക്കും ഇനി പരാതി നല്‍കാനാകും. ആധാര്‍ വിവരചോര്‍ച്ചയുണ്ടായാല്‍ ക്രിമിനല്‍ ഹര്‍ജി നല്‍കാന്‍ ആധാര്‍ നടപ്പാക്കുന്ന യുഐഡിഎഐയ്ക്കു മാത്രമേ കഴിയൂ എന്ന വകുപ്പായിരുന്നു ഇത്.

40 പേജുള്ള വിധി പ്രസ്താവനയാണ് ജസ്റ്റിസ് എ.കെ.സിക്രി വായിച്ചത്. ആധാര്‍ കൃത്രിമമായി നിര്‍മിക്കാനാകില്ല. ഇതിനായി ശേഖരിച്ച വിവരങ്ങള്‍ സുരക്ഷിതമാണ്. സര്‍ക്കാര്‍ പദ്ധതികളിലെ നേട്ടങ്ങള്‍ ആധാറിലൂടെ അര്‍ഹരായവര്‍ക്ക് നല്‍കാനാകുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. വിദ്യാഭ്യാസം വിരലടയാളത്തില്‍ നിന്ന് ഒപ്പിലേക്ക് വഴിമാറ്റിയെങ്കില്‍ സാങ്കേതികവിദ്യ ഒപ്പില്‍ നിന്ന് വിരലടയാളത്തിലേക്ക് മടക്കിയെത്തിച്ചെന്ന് വിധിപ്രസ്താവനയില്‍ ജസ്റ്റിസ് സിക്രി സൂചിപ്പിച്ചു.

സുപ്രീം കോടതിയുടെ സുപ്രധാനമായ മറ്റു പരാമര്‍ശങ്ങള്‍….

ആധാര്‍ നിയമത്തിലെ സെക്ഷന്‍ 33(2), 47, 57 എന്നിവ റദ്ദാക്കി

സിബിഎസ്ഇ, നീറ്റ്, യുജിസി തുടങ്ങിയവയ്ക്ക് ആധാര്‍ നിര്‍ബന്ധിതമാക്കാനാവില്ല.

സ്‌കൂള്‍ പ്രവേശനത്തിന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ പാടില്ല.

കുട്ടികള്‍ക്കുള്ള ഒരു പദ്ധതികളും ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ നിഷേധിക്കപ്പെടാന്‍ പാടില്ല.

ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ഒരു വ്യക്തിയുടെയും അവകാശങ്ങള്‍ നിഷേധിക്കാനാവില്ല.

ദേശീയ സുരക്ഷയുടെ പേരില്‍ വിവരങ്ങള്‍ കൈമാറാനാകില്ല

ആധാര്‍ ഉപയോഗവുമായി ബന്ധപ്പെട്ട് വ്യക്തികള്‍ക്ക് പരാതി ഉന്നയിക്കാം.

മൊബൈല്‍ ഫോണുമായി ബന്ധിപ്പിക്കണമെന്ന് നിര്‍ബന്ധിക്കുന്നത് ഭരണഘടനാ വിരുദ്ധം

ബാങ്ക് അക്കൗണ്ട് എടുക്കുന്നതിന് ആധാര്‍ നിര്‍ബന്ധമല്ല

ആദായനികുതി റിട്ടേണിന് ആധാര്‍ നിര്‍ബന്ധം

കുട്ടികളെ ആധാറില്‍ ഉള്‍പ്പെടുത്തുന്നതിന് മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധം

pathram:
Related Post
Leave a Comment