തനിക്ക് 2008ല്‍ സംഭവിച്ച കാര്യം അംഗീകരിക്കാന്‍ തയ്യാറാകാത്തിടത്തോളം കാലം ഇന്ത്യയില്‍ മീ റ്റൂ പ്രസ്ഥാനം ജീവന്‍ വയ്ക്കില്ലെന്നും നടി തനുശ്രീ. ഹോണ്‍ ഒകെ പ്ലീസ് എന്ന ചിത്രത്തില്‍ ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ ഒരു നടനില്‍ നിന്ന് തനിക്ക് മോശമായ അനുഭവം ഉണ്ടായതെന്ന് തനുശ്രീ 2008ല്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ഈ നടന്‍ ആരാണെന്ന് തുറന്നു പറയാന്‍ തനുശ്രീ ഒരുക്കമായിരുന്നില്ല.
സിനിമാരംഗം മുഴുവന്‍ കണ്ടതാണ് അന്ന് എനിക്ക് സംഭവിച്ചത്. എന്നാല്‍, അതില്‍ ഒരാള്‍ പോലും അതിനെ അപലപിക്കാന്‍ തയ്യാറായില്ല. വാര്‍ത്താ ചാനലുകളില്‍ മൂന്ന് ദിവസം സജീവമായി നിലനിന്നിട്ടും ഇന്ന് ഒരൊറ്റയാള്‍ പോലും ആ സംഭവം ഓര്‍ക്കുന്നില്ല. ഇത്തരം കാപട്യങ്ങളെ ആര് വിശ്വസിക്കും എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. സ്ത്രീശാക്തീകരണത്തിനെതിരേ ശബ്ദമുയര്‍ത്തുന്നവരാണ് ഇത്തരക്കാരെന്നും തനുശ്രീ പറഞ്ഞു.
സത്യത്തില്‍ അന്നത്തെ ആ ഗാനരംഗത്തില്‍ അയാള്‍ ഉണ്ടായിരുന്നില്ല. താന്‍ ഒപ്പിട്ട കരാറില്‍ അതൊരു സോളോ നൃത്തമായിരുന്നുവെന്നാണ് പറഞ്ഞിരുന്നത്. എന്നെ അവര്‍ അക്ഷരാര്‍ഥത്തില്‍ കെണിയില്‍ പെടുത്തുകയായിരുന്നു. ആ ഇന്റിമേറ്റ് രംഗത്തില്‍ അയാള്‍ക്കൊപ്പം ചുവടുവയ്ക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഞാന്‍ പ്രതിഷേധിച്ചു. അയാള്‍ക്കൊപ്പം സെറ്റില്‍ നില്‍ക്കുന്ന താന്‍ ബുദ്ധിമുട്ടായതുതന്നെ കാരണം. തന്റെ ഇംഗിതത്തിന് വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ അയാള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകരെ ഉപയോഗിച്ച് എന്നെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. അവര്‍ എന്റെ കാര്‍ തകര്‍ത്തു. ഇന്നേവരെ നേരിട്ടിട്ടില്ലാത്ത ഒരു ആള്‍ക്കൂട്ട ആക്രമണം തന്നെയായിരുന്നു അത്. ഈ സംഭവങ്ങളെല്ലാം പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍ എന്ന അവസ്ഥയിലാണ് എന്നെ കൊണ്ടെത്തിച്ചത്.
ഈ വിവാദത്തിനുശേഷം എനിക്ക് 30-40 ഓഫറുകളെല്ലാം വന്നിരുന്നു. എന്നാല്‍, അക്കാലത്ത് സെറ്റില്‍ പോകുന്ന കാര്യം ഓര്‍ക്കുമ്പോള്‍ തന്നെ എനിക്ക് ചങ്കിടിപ്പായിരുന്നു. എല്ലാവരും അയാളെ പോലെയാണെന്ന ചിന്തയായിരുന്നു എന്റെ മനസ്സില്‍. ഞാന്‍ നല്ല ആളുകള്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് വിശ്വസിക്കാന്‍ കഴിയാതിരുന്ന കാലം.
അന്നത്തെ ആ സംഭവം തന്നെ ആകെ ഉലച്ചുകളഞ്ഞെന്നും തനുശ്രീ പറഞ്ഞു. മനുഷ്യത്വത്തിലുള്ള തന്റെ വിശ്വാസവും അത് തകര്‍ത്തുകളഞ്ഞു. ആ വര്‍ഷം എല്ലാ അര്‍ഥത്തിലും എനിക്ക് സങ്കീര്‍ണമായിരുന്നു. പരസ്യമായി എന്നോട് മിണ്ടാന്‍ തന്നെ പലരും കൂട്ടാക്കിയില്ല. അതേസമയം എന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്തു.
സ്വയം സമാശ്വാസം കണ്ടെത്താന്‍ വേണ്ടിയാണ് ഞാന്‍ സിനിമാരംഗത്ത് നിന്ന് മാറിനിന്നത്. ഇന്ന് എന്റെ ചിന്തകള്‍ക്ക് കൂടുതല്‍ വ്യക്തതയുണ്ട്. ബോളിവുഡില്‍ തിരിച്ചെത്തുകയാണെങ്കില്‍ മികച്ച സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തിലും ഒപ്പം പ്രവര്‍ത്തിക്കുന്ന ആളുകളുടെ കാര്യത്തിലും നൂറ് ശതമാനവും മികച്ച തീരുമാനമായിരിക്കും എന്റേത്. സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ എനിക്ക് കഴിയും.
സൂപ്പര്‍താരങ്ങളേക്കാള്‍ കുറഞ്ഞ വേതനമല്ല പ്രശ്നം. അവര്‍ക്ക് തുല്ല്യരായ പരിഗണന ഞങ്ങള്‍ക്കും ലഭിക്കണം. ഒരു മനുഷ്യന്‍ എന്ന നിലയില്‍ മറ്റാരേക്കാളും മോശമല്ല ഞാനും. അതുകൊണ്ട് ഏതൊരു സൂപ്പര്‍സ്റ്റാറിനേക്കാളും ബഹുമാനം എനിക്കും ലഭിക്കണം തനുശ്രീ പറഞ്ഞു.
Leave a Comment