കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയിലെ അനുബന്ധ കേസുകള്‍ ക്രൈംബ്രാഞ്ചിന് നല്‍കി. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസും പരാതിക്കാരിയുടെ ചിത്രം പ്രസിദ്ധീകരിച്ച കേസുമാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പിയുടെ ജോലി ഭാരം കണക്കിലെടുത്താണ് നടപടിയെന്നാണ് വിശദീകരണം. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഗിരീഷ് പി.സാരഥിക്കാണ് അന്വേഷണ ചുമതല. എന്നാല്‍ കേസുകള്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത് അട്ടിമറിക്കാനാണെന്നാണ് ആരോപണം ഉയര്‍ന്നുകഴിഞ്ഞു.
ബിഷപ്പിനെതിരായ പരാതി പിന്‍വലിക്കാന്‍ കന്യാസ്ത്രീകളെ ഫോണില്‍ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചതിന് വൈദികന്‍ ജെയിംസ് എര്‍ത്തലിനെതിരെ എടുത്ത കേസും എംജെ കോണ്‍ഗ്രിഗേഷന്‍ (മിഷണറീസ് ഓഫ് ജീസസ്)നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി മാധ്യമങ്ങള്‍ക്ക് നല്‍കിയ പത്രക്കുറിപ്പിനോടൊപ്പം പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ ചിത്രം ഉള്‍പ്പെടുത്തിയ കേസുമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. ചിത്രം പുറത്തുവിട്ടതിനെത്തുടര്‍ന്ന് കോണ്‍ഗ്രിഗേഷന്‍ പി.ആര്‍.ഒ സിസ്റ്റര്‍ അമലയ്ക്കെതിരേയും കേസെടുത്തിരുന്നു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഗിരീഷ് പി.സാരഥിയായിരിക്കും കേസ് അന്വേഷിക്കുക.
അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പി.സി.ജോര്‍ജ് എംഎല്‍എ ജയിലില്‍ സന്ദര്‍ശിച്ചു. കേസില്‍ ബിഷപ്പ് നിരപരാധിയാണെന്നു ജോര്‍ജ് ആവര്‍ത്തിച്ചു. ഫ്രാങ്കോ മുളയ്ക്കലിനെ ജയിലിലാക്കിയതു കേരളത്തിലെ മാധ്യമങ്ങളാണ്. കേസിനെ കുറിച്ചുള്ള വിശദമായ കാര്യങ്ങള്‍ തിരുവനന്തപുരത്തു വാര്‍ത്താസമ്മേളനത്തില്‍ പറയുമെന്നും ജോര്‍ജ് വ്യക്തമാക്കി.
”ഇതൊരു രഹസ്യ സന്ദര്‍ശനമല്ല. പരസ്യ സന്ദര്‍ശനമാണ്. എനിക്ക് ഒളിച്ചുവയ്ക്കാനൊന്നുമില്ല. ഒരു നിരപരാധിയെ പിടിച്ചു സബ് ജയിലില്‍ ഇട്ടേക്കുവല്ലേ. ഒന്നു കണ്ടേക്കാമെന്നു കരുതി വന്നതാ. അദ്ദേഹത്തിന്റെ കൈമുത്തി വണങ്ങി. ഇനിയുംവരും, പിതാവിനെ കാണും. അദ്ദേഹം നിരപരാധിയാണെന്ന് 100 ശതമാനം ഉറപ്പുണ്ട്. അദ്ദേഹത്തിനോട് ഈ കടുംകൈ കാണിച്ചതിനു ദൈവശിക്ഷ ഇടിത്തീ പോലെ വന്നു വീഴും.” ജോര്‍ജ് പറഞ്ഞു.
കന്യാസ്ത്രീ പൊലീസില്‍ പരാതി നല്‍കിയതിനെ കുറിച്ചുള്ള ചോദ്യത്തിനു പ്രതികരണം ഇങ്ങനെ: ”ഏതു നിയമനടപടിയും നേരിടാന്‍ തയ്യാറാണ്. ഞാന്‍ ഫ്രാങ്കോ പിതാവല്ല. പി.സി.ജോര്‍ജ് എംഎല്‍എയാണ്. അതു മറക്കരുത്”.
Leave a Comment