സര്‍ക്കാര്‍ നടത്തുന്നത് പ്രതികരിക്കുന്നവരെ തീവ്രവാദികളാക്കാനുള്ള ശ്രമം; പിഴയടച്ച് കേസ് അവസാനിപ്പിക്കില്ലെന്ന് ജോയ് മാത്യു

കോഴിക്കോട്: പ്രതികരിക്കുന്നവരെ തീവ്രവാദികളാക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. കഴിഞ്ഞ ദിവസം കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് മിഠായിത്തെരുവില്‍ മൗനജാഥ നടത്തിയതിന് ജോയി മാത്യുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കേസിന്റെ ഭാഗമായി ഇന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പിഴയടച്ച് കേസ് തീര്‍പ്പാക്കാമെന്ന് പോലീസ് അറിയിച്ചെങ്കിലും അങ്ങനെ കേസ് നടപടികള്‍ അവസാനിപ്പിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘തീവ്രവാദിയാക്കാനുള്ള ശ്രമം അംഗീകരിക്കില്ല. സമര വിരുദ്ധ മേഖലയായി മിഠായിതെരുവിനെ പ്രഖ്യാപിച്ചതറിയില്ല.’ എന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ കാണുമ്പോള്‍ പ്രതികരിക്കുന്നവരെ നിശബ്ദരാക്കാനുള്ള സര്‍ക്കാര്‍ ശ്രമമാണ് മനസിലാകുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. സംവിധായകന്‍ ഗിരിഷ് ദാമോദറുമൊത്താണ് ജോയ് മാത്യു ടൗണ്‍ സ്റ്റേഷനിലെത്തിയത്. അദ്ദേഹത്തെ കൂടാതെ ജോണ്‍സ് മാത്യു, പി.ടി ഹരിദാസന്‍ എന്നിവരടക്കമുള്ള 25 പേര്‍ക്കെതിരെയും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതേസമയം മിഠായിത്തെരുവിലൂടെ അനുമതിയില്ലാതെ പ്രകടനം നടത്തരുതെന്ന് ജില്ലാ കലക്ടറുടെ ഉത്തരവുണ്ടെന്നാണ് പൊലിസ് നിലപാട്. നേരത്തെ തെരുവ് ഗായകരെ മിഠായിത്തെരുവില്‍ നിന്ന് പുറത്താക്കി വിവാദം ക്ഷണിച്ചുവരുത്തിയതിന് പിന്നാലെയാണ് പൊലീസ് നഗരത്തിലെ സാംസ്‌കാരികപ്രവര്‍ത്തകര്‍ക്കെതിരെയും നീങ്ങുന്നത്.

pathram desk 1:
Related Post
Leave a Comment