കൊച്ചി: മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റപത്രം നാളെ കോടതിയില്‍ സമര്‍പ്പിക്കും. 16 പ്രതികള്‍ക്കെതിരായാണ് കുറ്റപത്രം. നാളെ എറണാകുളം സിജെഎം കോടതിയിലാവും കുറ്റപത്രം സമര്‍പ്പിക്കുകയെന്ന് എസിപി എസ്.സുരേഷ് കുമാര്‍ പറഞ്ഞു.
കൊലപാതകവുമായി ബന്ധപ്പെട്ട കുറ്റപത്രമാണ് സമര്‍പ്പിക്കുന്നത്. കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ ഏഴ് പേരെയാണ് ഇനി പിടികൂടാനുളളത്. മുഹമ്മദ് ഷമീം എന്നയാളാണ് അഭിമന്യുവിനെ കുത്തിയതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. എസ്ഡിപിഐ പ്രവര്‍ത്തകനായ ഇയാളെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. സംഭവം നടന്ന് 90 ദിവസം പൂര്‍ത്തിയാകാറായ സാഹചര്യത്തില്‍ പ്രതികള്‍ ജാമ്യം നേടാനുളള സാധ്യത മുന്നില്‍ കണ്ടാണ് പൊലീസ് കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിക്കുന്നത്.
”കുറ്റപത്രം തയ്യാറായി കഴിഞ്ഞു. അതേസമയം പ്രതികളുടെ ഫോണ്‍രേഖകള്‍ സൂക്ഷിച്ചുവയ്ക്കേണ്ട ആവശ്യമുണ്ടായിരുന്നു. 16 പ്രതികളും തങ്ങളുടെ ഫോണില്‍ നിന്ന് മെയ്, ജൂണ്‍, ജൂലായ് മാസങ്ങളില്‍ നടത്തിയ ഫോണ്‍ കോളുകളുടെ രേഖകളാണ് പ്രധാന തെളിവുകളിലൊന്ന്. ഇതിന്റെ പകര്‍പ്പെടുക്കേണ്ടതുണ്ട്. 16 പ്രതികളുടെ രണ്ട് മാസത്തിലേറെയുളള ഫോണ്‍കോളുകളുടെ പകര്‍പ്പെടുക്കുകയാണ്. അന്തിമ പരിശോധനകള്‍ക്ക് ശേഷം നാളെ രാവിലെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും,” എസിപി സുരേഷ് കുമാര്‍ പറഞ്ഞു.
പള്ളുരുത്തി സ്വദേശിയാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയ മുഹമ്മദ് ഷഹീം. കേസില്‍ കൊലപാതകവും, ഗൂഢാലോചനയും സംബന്ധിച്ച് വെവ്വേറെ കുറ്റപത്രം സമര്‍പ്പിക്കാനാണ് തീരുമാനം. കൊലപാതകം സംബന്ധിച്ചതാണ് ആദ്യം സമര്‍പ്പിക്കുന്നത്. ഗൂഢാലോചനയുമായി ബന്ധപ്പെട്ട കുറ്റപത്രം അധികം വൈകാതെ സമര്‍പ്പിക്കും
Leave a Comment