സിബിഐ അന്വേഷണം ആവശ്യമില്ല; പൊലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടെ; ഹര്‍ജികള്‍ക്ക് പിന്നില്‍ മറ്റെന്തെങ്കിലും താല്‍പര്യമുണ്ടോയെന്നും ഹൈക്കോടതി

കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ സിബിഐ അന്വേഷണം ആവശ്യമില്ലെന്നു ഹൈക്കോടതി. പൊലീസിനെ സ്വതന്ത്രമായി അന്വേഷിക്കാന്‍ വിടണം. പൊതുതാല്‍പര്യഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി. ഹര്‍ജികള്‍ക്കുപിന്നില്‍ മറ്റെന്തെങ്കിലും താല്‍പര്യമുണ്ടോയെന്നും കോടതി ആരാഞ്ഞു.

അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. ബിഷപ്പിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്. ഇന്നു രാവിലെയാണ് ജാമ്യഹര്‍ജി സമര്‍പ്പിക്കുക. ഇന്ന് ഉച്ചയ്ക്ക് 2.30 വരെയാണ് ബിഷപ്പിന്റെ കസ്റ്റഡി കാലാവധി. അതുകൊണ്ടുതന്നെ ജാമ്യഹര്‍ജി ഇന്ന് കോടതി പരിഗണിച്ചേക്കില്ല.

അന്വേഷണവുമായി ബിഷപ്പ് പൂര്‍ണമായും സഹകരിച്ചെന്നും അറസ്റ്റ് അനാവശ്യമായിരുന്നെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നതാണെന്നും അതില്‍ തീരുമാനമെടുക്കാന്‍ കോടതി മാറ്റിവെച്ചിരുന്നതാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കും. പോലീസ് ജാമ്യാപേക്ഷയെ എതിര്‍ക്കും.

ഉച്ചയ്ക്കു ശേഷം ബിഷപ്പിനെ പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ഇന്നലെ കുറവിലങ്ങാട് മഠത്തില്‍ തെളിവെടുപ്പിന് ശേഷം ബിഷപ്പിനെ പോലീസ് ക്ലബ്ബില്‍ എത്തിച്ചിരുന്നു. ഇന്നലെ വൈകിട്ടും ബിഷപ്പിനെ പോലീസ് ചോദ്യംചെയ്തിരുന്നു.

വൈദ്യപരിശോധന, തെളിവെടുപ്പുള്‍പ്പെടെ നിര്‍ണായക ഘട്ടങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് പൊലീസിന്റെ നടപടി. നുണ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായുള്ള അപേക്ഷയും അന്വേഷണ സംഘം ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചേക്കും. ബിഷപിന്റെ ലൈംഗികശേഷി പരിശോധനഫലവും ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറും.

കന്യാസ്ത്രീ നല്‍കിയ പീഡനപരാതിയില്‍ വെള്ളിയാഴ്ച രാത്രി എട്ടിനാണ് ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസറ്റ് ചെയ്തത്. മൂന്ന് ദിവസം 20മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിന് ശേഷമായിരുന്നു നടപടി. രാത്രിയില്‍ തന്നെ കോട്ടയതെത്തിച്ച ബിഷപിനെ ശനിയാഴ്ച ഉച്ചയ്ക്ക് പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കേസ് ഗൗരവകരമെന്ന് നിരീക്ഷിച്ച കോടതി ബിഷപിന്റെ ജാമ്യാപേക്ഷ തള്ളി. തെളിവെടുപ്പിനും മറ്റുമായി രണ്ട് ദിവസം കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ ആവശ്യം അംഗീകരിച്ചു.

പീഡനം നടന്ന കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അന്വേഷണത്തിലെ നിര്‍ണായക നടപടിയാണ് പൂര്‍ത്തീകരിച്ചത്. 2014 മുതല്‍ 16 വരെ 13 തവണയും കന്യാസ്ത്രീ പീഡനത്തിന് ഇരയായത് മഠത്തിലെ 20ാം നമ്പര്‍ മുറിയിലാണ്. അരമണിക്കൂര്‍ നീണ്ട തെളിവെടുപ്പിന് ശേഷം ബിഷപിനെ കോട്ടയം പൊലീസ് ക്ലബിലെത്തിച്ച് ചോദ്യം ചെയ്തു. ബിഷപിന്റെ ലൈംഗിക ശേഷി പരിശോധനയും അന്വേഷണ സംഘം നേരത്തെ പൂര്‍ത്തിയാക്കി. അന്വേഷണത്തിന് സഹയകമായ നടപടികള്‍ പൂര്‍ത്തീകരിച്ചതിനാല്‍ ബിഷപിന്റെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

ചോദ്യം ചെയ്യല്‍ വേളയില്‍ ബിഷപ് ഹാജരാക്കിയ രേഖകളില്‍ ചിലത് വ്യാജമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതും ബിഷപിന്റെ അറിവോടെയാണെന്ന് പൊലീസ് വിശ്വസിക്കുന്നു. ഫാ. ജെയിംസ് എര്‍ത്തയില്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യും. ഭാവിയില്‍ ജാമ്യം തേടാനുള്ള ബിഷപിന്റെ നീക്കത്തിന് തടയിടുകയാണ് പൊലീസിന്റെ ലക്ഷ്യം. ബിഷപ് പുറതെത്തിയാല്‍ കൂടുതല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ കഴിയുമെന്ന് ഇതുവഴി കോടതിയെ ബോധ്യപ്പെടുത്താനാകും. അതേസമയം നിര്‍ണായക വിവരങ്ങള്‍ അടങ്ങുന്ന ബിഷപിന്റെ മൊബൈല്‍ഫോണ്‍, ലാപ്‌ടോപ്പ് എന്നിവ കണ്ടെടുക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല. അന്വേഷണത്തിന്റെ തുടര്‍ച്ചയില്‍ ഇവ കണ്ടെത്താനാകുമെന്ന വിശ്വാസത്തിലാണ് അന്വേഷണ സംഘം.

pathram:
Related Post
Leave a Comment