പഴശ്ശിരാജ, സ്പിരിറ്റ്, ഭാഗ്യദേവത തുടങ്ങി നിരവധി ഹിറ്റ് സിനിമകളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ അന്യഭാഷാ നടിയാണ് കനിഹ. സിനിമയില്‍ വിജയിച്ചു നില്‍ക്കുമ്പോഴും ജീവിതത്തില്‍ വലിയ വിഷമ ഘട്ടങ്ങളിലൂടെ കടന്നു പോയ അനുഭവം പങ്കുവെച്ചിരിക്കുകയാണ് കനിഹ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കണ്ണീരു മാത്രമായി കഴിഞ്ഞ നാളുകളെക്കുറിച്ച് നടി മനസ്സു തുറന്നത്.
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായ മകന്‍ ഋഷിയെക്കുറിച്ച് കനിഹ വാചാലയായി. ‘അവന്‍ ഞങ്ങളുടെ അത്ഭുത ബാലനാണ്. മരിക്കും എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിട്ടും മരണത്തെ തോല്‍പ്പിച്ച് ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിയ പോരാളി. അമേരിക്കയിലെ ആശുപത്രിയിലായിരുന്നു പ്രസവം. ജനിച്ചപ്പോഴേ ഹൃദയത്തിന് തകരാര്‍ ഉണ്ടായിരുന്നു. കുഞ്ഞിനെ കയ്യില്‍ തന്നിട്ട് ഉടനെ മടക്കി വാങ്ങി. ഒരുപക്ഷേ ഇനിയവനെ ജീവനോടെ കാണില്ലെന്ന് പറഞ്ഞു. തളര്‍ന്നു പോയി ഞാന്‍. പത്തു മാസം ചുമന്നു പെറ്റ കുഞ്ഞിന്റെ ജീവനാണ് എന്റെ കയ്യില്‍ നിന്ന് തട്ടിയെടുക്കുന്നത്. ഞാന്‍ അലറിക്കരഞ്ഞു. ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി നടത്താനായിരുന്നു ഡോക്ടര്‍മാരുടെ തീരുമാനം. പരാജയപ്പെട്ടാല്‍ കുട്ടിയുടെ മരണം ഉറപ്പ്. വിജയിച്ചാല്‍ തന്നെ ജീവിതത്തിലേയ്ക്ക് മടങ്ങി വരാന്‍ ഒരുപാട് കടമ്പകള്‍.
പ്രാര്‍ഥനയോടെ ഒരോ നിമിഷവും തള്ളിനീക്കി. ഷിര്‍ദി സായിബാബയെ ആണ് ഞാന്‍ പ്രാര്‍ഥിക്കുന്നത്. മനസുരുകി കരഞ്ഞു പ്രാര്‍ഥിച്ചു. ആദ്യമായാണ് ഒരു ജീവന് വേണ്ടി പ്രാര്‍ഥിക്കുന്നത്. അതുവരെ നല്ല ജീവിതത്തിനു വേണ്ടി മാത്രമാണു പ്രാര്‍ഥിച്ചിട്ടുള്ളത്. ഒരോ ദിവസവും എന്നെക്കൊണ്ട് പല പേപ്പറുകളിലും ഒപ്പു വയ്പ്പിക്കും. കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാണെന്നും എന്തെങ്കിലും പറ്റിയാല്‍ ആശുപത്രിയും ഡോക്ടര്‍മാരും ഉത്തരവാദികളല്ലെന്നുമുള്ള സമ്മത പത്രങ്ങളാണ് അവ. ഒടുവില്‍ അമ്പതാം ദിവസമാണ് എനിക്കെന്റെ കുഞ്ഞിനെ കാണാന്‍ പറ്റുന്നത്, ഐസിയുവിലെ ഏകാന്തതയില്‍. സൂചി കുത്താത്ത ഒരിഞ്ചു സ്ഥലം ഉണ്ടായിരുന്നില്ല. ആ കുഞ്ഞ് ശരീരത്തില്‍. രണ്ടു മാസം ഐസിയുവില്‍ മരണത്തോടു പോരാടി വിജയിച്ചു ജീവിതത്തിലേക്ക് മടങ്ങിയെത്തി. ഇപ്പോഴും ആ പാടുണ്ട് അവന്റെ ദേഹത്ത് കനിഹ പറഞ്ഞു.
Leave a Comment