മൂന്നാര്‍ ട്രിബ്യൂണല്‍ കോടതിയില്‍ അതിക്രമം, സിപിഎം എംഎല്‍എ എസ് രാജേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ഇടുക്കി : മൂന്നാര്‍ ട്രിബ്യൂണല്‍ കോടതിയില്‍ അതിക്രമം കാണിച്ചെന്ന പരാതിയില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എയ്ക്കും തഹസില്‍ദാറിനും എതിരെ പൊലീസ് കേസെടുത്തു. ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ ഒന്നാം പ്രതിയായും ദേവികുളം തഹസില്‍ദാര്‍ പികെ ഷാജിയെ രണ്ടാം പ്രതിയാക്കിയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്. അതിക്രമിച്ച് കയറല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു എംഎല്‍ എയും തഹസില്‍ദാറും സിപിഎം പ്രവര്‍ത്തകരും ഉള്‍പ്പെടെ 50 പേരടങ്ങളുന്ന സംഘം മൂന്നാര്‍ ഗവ. എന്‍ജിനീയറിങ് റോഡില്‍ പ്രവര്‍ത്തിക്കുന്ന മൂന്നാര്‍ സ്‌പെഷല്‍ ട്രൈബ്യൂണലില്‍ എത്തിയത്. മണ്ണിടിച്ചിലിനെ തുടര്‍ന്നു കെട്ടിടം തകര്‍ന്നതിനാല്‍ ഒരു മാസമായി മൂന്നാര്‍ ഗവ. കോളജില്‍ അധ്യയനം മുടങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ട്രൈബ്യൂണല്‍ കെട്ടിടം കോളജിന് വേണ്ടി താല്‍ക്കാലികമായി വിട്ടു നല്‍കണം എന്നാവശ്യപ്പെട്ടാണ് എംഎല്‍എയും സംഘവും എത്തിയത്.

സ്ഥലത്തുണ്ടായിരുന്ന ട്രൈബ്യൂണല്‍ അംഗത്തോട് ആവശ്യമുന്നയിച്ചെങ്കിലും ആഭ്യന്തര വകുപ്പില്‍ നിന്നുള്ള നിര്‍ദ്ദേശം ഇല്ലാതെ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാനാവില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന്, പരിശോധനയ്‌ക്കെന്ന പേരില്‍ എംഎല്‍എയും സംഘവും കെട്ടിടത്തിന്റെ ഒന്നാം നിലയിലെത്തി. ഇതില്‍ കോടതി ഹാളിന്റെയും മറ്റൊരു മുറിയുടെയും വാതില്‍പ്പൂട്ടുകള്‍ പൊളിച്ച് ഉള്ളില്‍ കയറിയ സംഘം ഇവിടെയുണ്ടായിരുന്ന ഫര്‍ണിച്ചറുകള്‍ വരാന്തയിലും ടെറസിലും ഇട്ടു. ഇതിനിടെ ചില സിപിഎം പ്രവര്‍ത്തകര്‍ വനിതാ ജീവനക്കാരെ അസഭ്യം പറഞ്ഞു.

കോടതി ഹാളിലുണ്ടായിരുന്ന കസേരകള്‍, ട്രൈബ്യൂണല്‍ പരിസരത്ത് നിരത്തിയിട്ട ശേഷം വിദ്യാര്‍ത്ഥികളോട് ഇരിക്കാനും, ഒപ്പമുണ്ടായിരുന്ന അധ്യാപകരോടു ക്ലാസെടുക്കാനും എംഎല്‍എ ആവശ്യപ്പെടുകയായിരുന്നു. മൂന്നാര്‍ എംഎല്‍എ, തഹസീല്‍ദാര്‍ എന്നിവര്‍ ട്രൈബ്യൂണലില്‍ അതിക്രമിച്ചു കയറിയെന്നും, ജീവനക്കാരെ ആക്രമിച്ചെന്നും, ഓഫിസ് ഉപകരണങ്ങള്‍ കേടുവരുത്തിയെന്നും ആരോപിച്ച് ട്രൈബ്യൂണല്‍ അധികൃതര്‍ മൂന്നാര്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ സംഭവത്തില്‍ കേസെടുത്തിരുന്നില്ല. തുടര്‍ന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറി ജില്ലാ കളക്ടറോട് വിശദീകരണം തേടി. ഇതിന് പിന്നാലെയാണ് എംഎല്‍എയ്ക്കും മറ്റുമെതിരെ കേസെടുത്തത്.

pathram desk 2:
Related Post
Leave a Comment