മോഹന്‍ലാലിന്റെ ‘മരയ്ക്കാറില്‍’ ബോളിവുഡ് താരം സുനില്‍ ഷെട്ടിയും തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജ്ജുനയും?

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മാഗ്‌നം ഒപസ് ചിത്രം ‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം’ നവംബര്‍ ഒന്നിന് ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്. പ്രണവ് മോഹന്‍ലാല്‍, മധു എന്നിവര്‍ ഉള്‍പ്പെടുന്ന താരനിരയിലേക്ക് ബോളിവുഡ് താരം സുനില്‍ ഷെട്ടിയും തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജ്ജുന അക്കിനേനിയും എത്തുമെന്നാണ് പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ട്. സിനിമാ വെബ് പോര്‍ട്ടല്‍ ആയ പിങ്ക് വില്ലയാണ് ഇരുവരും ‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹത്തി’ല്‍ അഭിനയിച്ചേക്കും എന്ന വാര്‍ത്ത കൊടുത്തിരിക്കുന്നത്.

‘മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രം കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ചിത്രീകരണം ആരംഭിക്കുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അടുത്തിടെ പറഞ്ഞിരുന്നു. ചിത്രം അടുത്ത ഓണത്തിനു റിലീസ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നൂറു കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്.

കുഞ്ഞാലി മരയ്ക്കാരെ കുറിച്ച് ചിത്രമൊരുക്കുക എന്നത് തന്റെ സ്വപ്നമായിരുന്നുവെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞു. മലയാളത്തില്‍ കൂടാതെ തെലുങ്ക് ഹിന്ദി, തമിഴ് എന്നീ ഭാഷകളിലെ താരങ്ങളും ബ്രിട്ടീഷ് അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമാകും.

ചരിത്രത്തില്‍ നാല് മരയ്ക്കാര്‍മാരാണ് ഉള്ളത്. ഒന്നാമനായി മധുവും നാലാമനായി മോഹന്‍ലാലും എത്തുമ്പോള്‍, രണ്ടാമനും മൂന്നാമനുമായുള്ള തിരച്ചിലിലാണ് അണിയറ പ്രവര്‍ത്തകര്‍. നാലാം മരയ്ക്കാരുടെ കഥയാണ് ചിത്രം പ്രധാനമായും പറയുന്നത്. തിരക്കഥ പുരോഗമിക്കുകയാണെന്നും ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് തിരു ആയിരിക്കുമെന്നും പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.

pathram desk 1:
Related Post
Leave a Comment