വാഷിങ്ടണ്‍: ചൈനയ്‌ക്കെതിരെ വ്യാപാരയുദ്ധ ഭീഷണി മുഴക്കി മേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൈനയില്‍ നിന്നുള്ള ഇരുപതിനായിരം കോടി ഡോളറിന്റെ ഇറക്കുമതിക്ക് അമേരിക്ക പത്തുശതമാനം നികുതി ഏര്‍പ്പെടുത്തി. ആപ്പിളിന്റെയും ഫിറ്റ്ബിറ്റിന്റെയും സ്മാര്‍ട് വാച്ചുകള്‍, സൈക്കിള്‍ ഹെല്‍മെറ്റുകള്‍, ബേബി കാര്‍ സീറ്റുകള്‍ എന്നിവയെ നികുതിയില്‍ നിന്ന് ഒഴിവാക്കി. ഇതോടെ അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിനുള്ള സാധ്യതകള്‍ ഏറി. പത്തുശതമാനം നികുതിയേര്‍പ്പെടുത്തിയതിനെതിരെ നടപടിയെടുത്താല്‍ വീണ്ടും ഇരുപത്തിയാറായിരം കോടി ഡോളറിന്റെ ഇറക്കുമതിക്കുകൂടി തീരുവ ഈടാക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഈ മാസം 24 മുതലാണ് പുതിയ നികുതി ഈടാക്കിത്തുടങ്ങുന്നത്. ഇക്കൊല്ലം അവസാനത്തോടെ നികുതി 25 ശതമാനമായി വര്‍ധിക്കുകയും ചെയ്യും.
അതേസമയം, തീരുവ ഏര്‍പ്പെടുത്തുന്ന ഉല്‍പന്നങ്ങളുടെ പട്ടികയില്‍ നിന്ന് ചില അമേരിക്കന്‍ കമ്പനികള്‍ ചൈനയില്‍ ഉല്‍പാദിപ്പിക്കുന്ന വസ്തുക്കളെ ഒഴിവാക്കിയിട്ടുമുണ്ട്. ആപ്പിളിന്റെ ഐഫോണാണ് ഇതിലൊന്ന്. സമാര്‍ട് വാച്ചുകള്‍ക്കും ബ്ലൂടൂത്ത് ഡിവൈസുകള്‍ക്കും പുറമെ അമേരിക്കന്‍ കമ്പനികള്‍ക്കുള്ള രാസവസ്തുക്കള്‍ക്കും നികുതി ബാധകമാക്കിയിട്ടില്ല.
ഇന്റര്‍നെറ്റ് അധിഷ്ഠിതമായ കണക്ടിവിറ്റി ഉല്‍പന്നങ്ങളാണ് പ്രധാനമായും പട്ടികയിലുള്‍പ്പെടുന്നത്. അമേരിക്കയുമായുള്ള ചൈനയുടെ വ്യാപാരം കൂട്ടുക, സാങ്കേതിക വിദ്യ മോഷണം അവസാനിപ്പിക്കുക, ഉന്നത സാങ്കേതികതയില്‍ അടിസ്ഥാനമായുള്ള വ്യവസായങ്ങള്‍ക്ക് സബ്‌സിഡി നല്‍കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അമേരിക്ക മുന്നോട്ടുവയ്ക്കുന്നത്. ഇതേവരെ അയ്യായിരം കോടി ഡോളറിന്റെ ചൈനീസ് ഇറക്കുമതിക്ക് തീരുവ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞയാഴ്ച ഇരുരാജ്യങ്ങളും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഫലവത്താകാത്തതിനെത്തുടര്‍ന്നാണ് ഇപ്പോഴത്തെ നടപടി. ചൈനയ്ക്ക് മതിയായ അവസരങ്ങള്‍ നല്‍കിയിട്ടും അമേരിക്കയോടുള്ള നിലപാട് മാറ്റാത്ത സാഹചര്യത്തിലാണ് നികുതി ഏര്‍പ്പെടുത്തുന്നതെന്ന് ഡോണള്‍ഡ് ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു. ബീജിങ്ങുമായി ഇനിയും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.
Leave a Comment