ഗോവയില്‍ അധികാരം പിടിക്കാന്‍ നീക്കവുമായി കോണ്‍ഗ്രസ്; എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ടു

പനജി: ഗോവയില്‍ അപ്രതീക്ഷിത രാഷ്ട്രീയ നീക്കവുമായി കോണ്‍ഗ്രസ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നു ഗവര്‍ണറോടു കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. 14 എംഎല്‍എമാരുടെ കത്ത് ഗവര്‍ണര്‍ക്കു കൈമാറിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ദീര്‍ഘനാളായി ചികിത്സയില്‍ കഴിയുന്ന പശ്ചാത്തലത്തില്‍, ബിജെപിക്കെതിരായ നീക്കം ശക്തമാക്കുകയാണു കോണ്‍ഗ്രസ്. സംസ്ഥാനത്തു കോണ്‍ഗ്രസിന് 16 എംഎല്‍എമാരാണുള്ളത്, ബിജെപിക്ക് പതിനാലും.
മനോഹര്‍ പരീക്കര്‍ ദീര്‍ഘകാലമായി അസുഖബാധിതനായി ചികിത്സയിലായതിനാല്‍ ഭരണം സ്തംഭിച്ചിരിക്കുകയാണെന്നു കോണ്‍ഗ്രസ് പരാതിപ്പെട്ടിരുന്നു. ഗോവയ്ക്കു മുഖ്യമന്ത്രിയെ തരൂവെന്നു കോണ്‍ഗ്രസ് നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടതും വാര്‍ത്തയായി. ഗോവ ഫോര്‍വേഡ് പാര്‍ട്ടി (ജിഎഫ്പി), മഹാരാഷ്ട്രവാദി ഗോമണ്ഡക് പാര്‍ട്ടി (എജിപി), മൂന്ന് സ്വതന്ത്രര്‍ എന്നിവരുടെ പിന്തുണയോടെയാണു ബിജെപി ഭരണം. മുഖ്യമന്ത്രിസ്ഥാനത്തുനിന്നു പരീക്കര്‍ മാറിയേക്കുമെന്ന സൂചനകള്‍ യാഥാര്‍ഥ്യമായാല്‍, ബിജെപിയോടൊപ്പം നില്‍ക്കാന്‍ മറ്റു പാര്‍ട്ടികളെ കിട്ടില്ലെന്ന വിശ്വാസത്തിലാണു കോണ്‍ഗ്രസിന്റെ കരുനീക്കം.

കര്‍ണാടകയില്‍ സുപ്രീംകോടതി ഇടപെടലിനെ തുടര്‍ന്നുണ്ടായ വിജയത്തിനുശേഷമാണ് ഇങ്ങനൊരു നീക്കത്തിനു കോണ്‍ഗ്രസ് തയാറെടുത്തത്. സുപ്രീംകോടതി വിധിക്കു പിന്നാലെ, കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ഗോവ, ബിഹാര്‍, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ സര്‍ക്കാരുണ്ടാക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ അവകാശവാദമുന്നയിച്ചിരുന്നു.

ഗോവയില്‍ 2017ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിച്ചില്ല. ചെറുപാര്‍ട്ടികളുടെ സഹായത്തോടെ കേവല ഭൂരിപക്ഷം തികച്ച് ബുജെപി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. പ്രാദേശിക പാര്‍ട്ടികളെ ചേര്‍ത്തുനിര്‍ത്താന്‍ കോണ്‍ഗ്രസ് ആലോചന തുടങ്ങുമ്പോഴേക്കും അതിവേഗ നീക്കത്തിലൂടെ ബിജെപി അധികാരം പിടിച്ചെടുത്തു. കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കറിനെ രാജിവയ്പ്പിച്ചു മുഖ്യമന്ത്രിയാക്കിയാണു ബിജെപി അതിവേഗം സര്‍ക്കാരുണ്ടാക്കിയത്.

pathram:
Leave a Comment