അട്ടപ്പാടി: കന്യാസ്ത്രീയെ ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ച കേസില്‍ അന്വേഷണസംഘം അട്ടപ്പാടിയിലെ ധ്യാനകേന്ദ്രത്തിലെത്തി. പീഡനവിവരം പുറത്തുപറയാന്‍ കാരണം സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ വൈദികന്റെ പിന്തുണയാണെന്ന് കന്യാസ്ത്രീ മൊഴിനല്‍കിയിരുന്നു. കന്യാസ്ത്രീ അവിടെ ധ്യാനത്തിന് എത്തിയിരുന്നെന്ന് സ്ഥിരീകരിച്ചതായി പോലീസ് അറിയിച്ചു. കേസന്വേഷണത്തിന്റെ ചുമതലയുള്ള വൈക്കം ഡിവൈ.എസ്.പി. സുഭാഷും സംഘവുമാണ് ശനിയാഴ്ച ഉച്ചയോടെ അഭിഷേകാത്മി മലയിലെ സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെത്തിയത്. നാലുമണിക്കൂറോളം വൈദികരില്‍നിന്നു മൊഴിയെടുത്തു. കുമ്പസാരിച്ചപ്പോഴാണോ കന്യാസ്ത്രീ പീഡനവിവരം പറഞ്ഞത് എന്നറിയില്ലെന്ന മൊഴിയാണ് ധ്യാനകേന്ദ്രത്തില്‍നിന്ന് ലഭിച്ചിട്ടുള്ളത്.
2016 സെപ്റ്റംബറിലാണ് കന്യാസ്ത്രീ ധ്യാനകേന്ദ്രത്തില്‍ എത്തിയത്. 2016ല്‍ കുമ്പസാരിച്ചപ്പോള്‍ പീഡനവിവരം അറിയിച്ചെന്നാണ് അവരുടെ മൊഴി. ധ്യാനത്തില്‍ പങ്കെടുത്തപ്പോഴാണ് കുമ്പസാരിച്ചത്. അച്ചടക്കനടപടി സ്വീകരിച്ചതുകൊണ്ടാണ് കന്യാസ്ത്രീ ആരോപണം ഉന്നയിച്ചതെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ആരോപിച്ചിരുന്നു. എന്നാല്‍, ഇതിനും വളരെമുമ്പ് കുമ്പസാരിച്ചെന്നാണ് കന്യാസ്ത്രീയുടെ മൊഴി.
ബിഷപ്പിന്റെ പീഡനം തുടരാന്‍ അനുവദിക്കരുതെന്ന് ധ്യാനകേന്ദ്രത്തിലെ വൈദികന്‍ നിര്‍ദേശിക്കുകയായിരുന്നു. മഠത്തില്‍നിന്ന് പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിയോ ഭീഷണിയോ ഉണ്ടായാല്‍ ധ്യാനകേന്ദ്രത്തില്‍ അഭയം നല്‍കാമെന്നും ഈ വൈദികന്‍ പറഞ്ഞിരുന്നു. ഇതോടെയാണ് പീഡനത്തെ എതിര്‍ക്കാന്‍ ധൈര്യം കിട്ടിയതെന്നും കന്യാസ്ത്രീ മൊഴി കൊടുത്തിരുന്നു. തുടര്‍ന്ന് പരാതിയും നല്‍കി.
ധ്യാനത്തില്‍ പങ്കെടുത്തവരെ കുമ്പസാരിപ്പിച്ച 12 വൈദികരില്‍നിന്നും അന്വേഷണസംഘം മൊഴിയെടുക്കും. ധ്യാനത്തില്‍ പങ്കെടുത്ത മറ്റ് ചിലരില്‍നിന്നും മൊഴിയെടുക്കുമെന്ന് അറിയുന്നു. അതേസമയം, ധ്യാനകേന്ദ്രത്തിലെ വൈദികര്‍ക്ക് കന്യാസ്ത്രീയെ പരിചയമില്ലെന്നും പീഡനത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നുമാണ് ധ്യാനകേന്ദ്രം നടത്തിപ്പുകാര്‍ പറയുന്നത്. കുറച്ചു ദിവസങ്ങള്‍ക്കുമുന്പ് കടുത്തുരുത്തി സി.െഎ.യുടെ നേതൃത്വത്തിലുള്ള സംഘവും ഇവിടെയെത്തി മൊഴിയെടുത്തിരുന്നു. അതിനിടെ, ഫ്രാങ്കോ മുളയ്ക്കല്‍ ബുധനാഴ്ചതന്നെ ചോദ്യംചെയ്യലിന് എത്തുമെന്ന് ജലന്ധര്‍ പോലീസ് അറിയിച്ചതായി കോട്ടയം എസ്.പി. ഹരിശങ്കര്‍ പറഞ്ഞു.
Leave a Comment