സാഫ് കപ്പ് :ഇന്ത്യയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് മാലിദ്വീപിന് കിരീടം

ധാക്ക: സാഫ് കപ്പ് ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ മാലിദ്വീപിന് വിജയം. ആദ്യപകുതിയിലും രണ്ടാം പകുതിയിലും ഇന്ത്യയ്‌ക്കെതിരെ ഇഞ്ചോടിഞ്ച് പൊരുതിയാണ് മാലിദ്വീപ് കിരീടം ഉയര്‍ത്തിയത്. ഇരു പകുതികളിലായി നേടിയ ഒരോ ഗോളുകളുടെ ബലത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് മാലിദ്വീപ് ഇന്ത്യയെ തോല്‍പ്പിച്ചത്.

കളിയുടെ 19-ാം മിനിറ്റില്‍ല്‍ ഇബ്രാഹീം ഹുസൈനാണ് മാലിദ്വീപിന് ആദ്യ ഗോള്‍ നേടിക്കൊടുത്തത്. രണ്ടാം പകുതിയില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ ഒരു ഗോള്‍ കൂടെ മാലിദ്വീപ് നേടുകയും ചെയ്തു. 66-ാം മിനിറ്റില്‍ അല്‍ ഫസീര്‍ ആയിരുന്നു സ്‌കോറര്‍. ഇഞ്ച്വറി ടൈമില്‍ സുമീത് പസിയിലൂടെ ഇന്ത്യ ആശ്വാസഗോള്‍ നേടി. മാലിദ്വീപിന്റെ രണ്ടാം സാഫ് കിരീടമാണിത്.

പാകിസ്ഥാനെ തോല്‍പ്പിച്ചാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഫൈനലില്‍ എത്തിയത്. എട്ടാമത്തെ കിരീടമായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല എന്നതും ഇന്ത്യയ്ക്ക് ആത്മവിശ്വാസം നല്‍കിയിരുന്നു.ഗ്രൂപ്പ് ഘട്ടത്തില്‍ മാലിദ്വീപിനെ 2-0 എന്ന സ്‌കോറിന് ഇന്ത്യ മറികടന്നിരുന്നു. ഇന്ത്യന്‍ ടീമില്‍ ഒരാളൊഴികെ ബാക്കി കളിക്കാര്‍ അണ്ടര്‍-23 ടീമില്‍ നിന്നുള്ളവരാണ്.

കഴിഞ്ഞ പന്ത്രണ്ട് എഡിഷനുകളില്‍ നിന്നാണ് ഇന്ത്യ 7 തവണ കിരീടം നേടിയത്. ഈ വര്‍ഷത്തെ കിരീടം നേടിയാല്‍ തുടര്‍ച്ചയായ മൂന്നു സാഫ് കിരീടങ്ങള്‍ എന്ന നേട്ടവും ഇന്ത്യയ്ക്ക് സ്വന്തമാകുമായിരുന്നു.

pathram desk 2:
Related Post
Leave a Comment