ബിഷപ്പിനെതിരെ വത്തിക്കാനും, തല്‍സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെടും; ഫ്രാങ്കോ മുളക്കലിന്റെ കുരുക്ക് മുറുകുന്നു

കോട്ടയം: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ രണ്ട് ദിവസത്തിനകം നടപടി ഉണ്ടാകുമെന്ന് സൂചന. ബിഷപ്പിനോട് തല്‍സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ വത്തിക്കാന്‍ ആവശ്യപ്പെട്ടേക്കും. കേരളത്തിലെ സഭാ നേതൃത്വത്തില്‍ നിന്ന് വത്തിക്കാന്‍ അടിയന്തരമായി വിവരങ്ങള്‍ തേടി.

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിയില്‍ വത്തിക്കാന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കന്യാസ്ത്രീ കത്ത് നല്‍കിയിരുന്നു. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്കും സഭയുമായി ബന്ധപ്പെട്ട 21 ആളുകള്‍ക്കുമാണ് കന്യാസ്ത്രീ കത്തയച്ചിരുന്നത്.

മിഷണറീസ് ഓഫ് ജീസസിലെ മറ്റ് പല കന്യാസ്ത്രീകളേയും കഴുകന്‍ കണ്ണുകളുമായാണ് ബിഷപ് ഫ്രാങ്കോ കാണുന്നതെന്നായിരുന്നു കന്യാസ്ത്രീ കത്തില്‍ പറഞ്ഞത്. ബിഷപ്പിന്റെ പേരില്‍ ഇതിന് മുമ്പും മറ്റ് പലരും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പരാതി നല്‍കുന്നവരെ ഇതര സംസ്ഥാനത്തേക്ക് സ്ഥലം മാറ്റി പരാതി ഒതുക്കുകയാണ് ബിഷപ്പിന്റെ പതിവ് രീതി. ബിഷപ്പുമായുള്ള പ്രശ്നത്തെത്തുടര്‍ന്ന് മിഷണറീസ് ഓഫ് ജീസസില്‍ നിന്ന് അഞ്ച് വര്‍ഷത്തിനിടെ 20 കന്യാസ്ത്രീകള്‍ പിരിഞ്ഞ് പോയിട്ടുണ്ടെന്നും കത്തില്‍ ആരോപിച്ചിരുന്നു.

രാഷ്ട്രീയ ശക്തിയും പണവും ഉപയോഗിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും സര്‍ക്കാരിനെയും ബിഷപ് ഫ്രാങ്കോ സ്വാധീനിച്ചിരിക്കുകയാണ്. സഭയെ അമ്മയായാണ് കണ്ടതെന്നും എന്നാല്‍ അനുഭവം കന്യാസ്ത്രീകള്‍ക്ക് സഭ രണ്ടാനമ്മയാണെന്ന് തെളിയിച്ചെന്നും കത്തില്‍ പറയുന്നു. സഭ സംരക്ഷണം നല്‍കുന്നത് ബിഷപ്പിന് മാത്രമെന്നും കന്യാസ്ത്രീകള്‍ക്ക് നീതി നല്‍കുന്നില്ലെന്നും കത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.

pathram desk 1:
Related Post
Leave a Comment