ട്രെയിന്‍ ടിക്കറ്റ് റദ്ദ് ചെയ്യാന്‍ 20 വരെ സമയം; ചെയ്യേണ്ടത് ഇതൊക്കെ

കൊച്ചി: പ്രളയത്തെത്തുടര്‍ന്ന് റദ്ദാക്കിയ തീവണ്ടികളുടെ ടിക്കറ്റിന്റെ പണം തിരികെ ലഭിക്കാന്‍ ഇനിയും അവസരം. പ്രത്യേക സാഹചര്യത്തില്‍ പുറത്തിറങ്ങാനോ തുക തിരികെവാങ്ങാനോ പറ്റാത്തവര്‍ക്കാണ് റെയില്‍വേ സെപ്റ്റംബര്‍ 20 വരെ സമയം നല്‍കിയത്.

ഓഗസ്റ്റ് 15 മുതല്‍ റദ്ദാക്കിയ വണ്ടികളുടെ നിരക്ക് കൗണ്ടര്‍ വഴി ഓഗസ്റ്റ് 29 വരെ കിട്ടുമെന്നാണ് റെയില്‍വേ നേരത്തേ അറിയിച്ചിരുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇത് നീട്ടുകയായിരുന്നു. ടിക്കറ്റ് ഡെപ്പോസിറ്റ് റസീപ്റ്റ് (ടി.ഡി.ആര്‍.) 20നകം നല്‍കണം. സാധാരണ ഡിവിഷന്‍ അധികൃതര്‍ക്കാണ് ഇത് അയക്കേണ്ടത്. ഇതിനുപകരം ചെന്നൈയിലെ ചീഫ് ക്ലെയിംസ് ഓഫീസര്‍ക്കാണ് അയച്ചു കൊടുക്കേണ്ടത്.

പ്രളയത്തെത്തുടര്‍ന്ന് തീവണ്ടി റദ്ദാക്കിയപ്പോള്‍ ആളുകള്‍ കൂട്ടത്തോടെ ടിക്കറ്റ് റദ്ദാക്കിയിരുന്നു. ഇവര്‍ നിരക്കിനുവേണ്ടി എത്തിയപ്പോള്‍ പല സ്റ്റേഷന്‍ കൗണ്ടറുകളിലും പണമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് സമയം നീട്ടിക്കൊടുത്തത്.

കൗണ്ടര്‍വഴി എടുത്ത റിസര്‍വേഷന്‍ ടിക്കറ്റാണെങ്കില്‍ സ്റ്റേഷനിലെത്തി ടിക്കറ്റ് നല്‍കി ടി.ഡി.ആര്‍. റിസര്‍വേഷന്‍ അധികൃതരില്‍നിന്ന് വാങ്ങണം. ലഭിക്കുന്ന ഫോറം സഹിതം 20-നകം ദക്ഷിണ റെയില്‍വേയുടെ ചെന്നൈ ചീഫ് ക്ലെയിംസ് ഓഫീസര്‍ക്ക് അയയ്ക്കണം. തുക അക്കൗണ്ടിലേക്ക് എത്തും. ഇ-ടിക്കറ്റാണ് എടുത്തതെങ്കില്‍ ഐ.ആര്‍.സി.ടി.സി. വെബ്‌സൈറ്റില്‍ ടി.ഡി.ആര്‍. ഓപ്ക്ഷന്‍ എടുത്ത് ഫയല്‍ചെയ്യാം.

pathram:
Related Post
Leave a Comment