ജനങ്ങള്‍ എന്റെ മുഖത്ത് തുപ്പും; കന്യാസ്ത്രീ വിഷയത്തില്‍ സര്‍ക്കാരിനെതിരേ ബാലചന്ദ്രന്‍ ചുള്ളിക്കാട്

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പിനെതിരേ നടപടി എടുക്കാത്ത സര്‍ക്കാരിനെതിരേ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. സിനിമാ സാമൂഹിക രംഗത്തെ പ്രമുഖര്‍ കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച് രംഗത്തെത്തി. ഇപ്പോഴിതാ ഇടതുപക്ഷ അനുഭാവിയായ കവി ബാലചന്ദ്രന്‍ ചുള്ളിക്കാടും സര്‍ക്കാരിനെ വിമര്‍ശിച്ചു. ബിഷപിനെതിരേ സര്‍ക്കാര്‍ നടപടി എടുത്തില്ലെങ്കില്‍ ഇടത് പക്ഷത്തിനായി പ്രസംഗിക്കാന്‍ പോകുന്ന തന്റെ മുഖത്ത് ജനങ്ങള്‍ തുപ്പുമെന്ന് ചുള്ളിക്കാട് പറഞ്ഞു. കന്യാസ്ത്രീകളുടെ സമരപ്പന്തലില്‍ ഐക്യദാര്‍ഢ്യവുമായെത്തിയ ചുള്ളിക്കാട് സഭക്കെതിരെയും അതിരൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്.

കര്‍ത്താവിന് നീതികിട്ടാത്ത സഭയില്‍നിന്ന് ഈ ദൈവദാസികള്‍ക്ക് നീതി കിട്ടുമെന്ന് കരുതുന്നില്ല. കത്തോലിക്ക സഭ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ എതിര്‍ക്കുകയും ബ്രിട്ടീഷുകാരെ അനുകൂലിക്കുകയും മഹാത്മാഗാന്ധിയെ അന്തിക്രിസ്തുവെന്ന് മുദ്രകുത്തുകയും ചെയ്തവരാണെന്നും ചുള്ളിക്കാട് വ്യക്തമാക്കി.

നാലുപതിറ്റാണ്ടായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ജയിപ്പിക്കാന്‍ ഈ എറണാകുളമടക്കം കേരളത്തിലെ തെരുവുകളില്‍ പ്രസംഗിക്കുന്നയാളാണ് താന്‍. തുടര്‍ന്നും പ്രസംഗിക്കുവാന്‍ ചെല്ലുമ്പോള്‍ ജനങ്ങള്‍ തന്റെ മുഖത്ത് ജനങ്ങള്‍ തുപ്പാതിരിക്കാന്‍, ഈ ഗവണ്‍മെന്റിനോട് അഭ്യര്‍ഥിക്കുന്നു, എന്തെങ്കിലും ചെയ്യണം. നിയമനടപടിയെടുക്കണം. അല്ലെങ്കില്‍ നിങ്ങളെ വിജയിപ്പിക്കാന്‍ ഈ ഹൈക്കോടതി ജങ്ഷനില്‍ നാളെ ഞാന്‍ പ്രസംഗിക്കുമ്പോള്‍ എന്റെ മുഖത്ത് ജനങ്ങള്‍ തുപ്പും. ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു.

പ്രസംഗത്തിന്റെ പൂര്‍ണരൂപം ചുവടെ…

കര്‍ത്താവിന് നീതികിട്ടാത്ത സഭയില്‍നിന്ന് ഈ ദൈവദാസികള്‍ക്ക് നീതി കിട്ടുമെന്ന് കരുതുന്നില്ല. കത്തോലിക്ക സഭ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ എതിര്‍ക്കുകയും ബ്രിട്ടീഷുകാരെ അനുകൂലിക്കുകയും മഹാത്മാഗാന്ധിയെ അന്തിക്രിസ്തുവെന്ന് മുദ്രകുത്തുകയും ചെയ്തവരാണ്.

ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി നിന്ന് നേടിയതാണ് നമ്മുടെ സ്വാതന്ത്ര്യം. ആ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിലാണ് നമ്മുടെ ഭരണഘടനയും നിയമവും ഉണ്ടായത്. അടുത്തകാലത്തുപോലും കത്തോലിക്കാ സഭ അഭിപ്രായപ്പെട്ടു, കത്തോലിക്ക പുരോഹിതന്മാര്‍ക്ക് ഇന്ത്യയുടെ നിയമങ്ങള്‍ ബാധകമല്ലെന്നും അവര്‍ക്ക് മതനിയമാണ് ബാധകമെന്നും. അപ്പോഴാണ് ജസ്റ്റീസ് കെമാല്‍ പാഷ ചോദിച്ചത്, ബിഷപ് രാജാവാണോ എന്ന്. അതിന് കത്തോലിക്കാ സഭയുടെ വക്കീല്‍ പറഞ്ഞ മറുപടി അതെ എന്നായിരുന്നു.

നമ്മുടെ നിയമങ്ങള്‍ ഒന്നും കത്തോലിക്ക സഭയ്ക്ക് ബാധകമല്ല. അവര്‍ ഉണ്ടാക്കിയ മതനിയമങ്ങള്‍ മാത്രമാണ് ബാധകം എന്നാണവര്‍ വാദിക്കുന്നത്. അങ്ങനെയൊരു സഭയില്‍നിന്ന് ആര്‍ക്കെങ്കിലും നീതി ലഭിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

ഈ ആരോപണ വിധേയനായ പുരോഹിതനുള്ള ശിക്ഷ മാധ്യമങ്ങളിലൂടെയും ഇതുപോലുള്ള പൊതുയോഗങ്ങളിലൂടെയും രൂപീകൃതമാകുന്ന പൊതുജനാഭിപ്രായം മാത്രമാണ്.

പണ്ട്, മറിയക്കുട്ടിയെ കൊന്ന ബനഡിക്ട് അച്ചനെ ഈ ഹൈക്കോടതി സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയച്ചതാണ്. നോക്കണം നിരപരാധിയാണെന്ന് പ്രഖ്യാപിച്ചിട്ടില്ല. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് വിട്ടത്. എന്റെ ഒരു സുഹൃത്തിന്റെ ബന്ധുവിനെ അദ്ദേഹം പിന്നീട് കുമ്പസാരിപ്പിക്കാന്‍ ചെന്നു. അന്ത്യകൂദാശ കൊടുക്കാന്‍ ചെന്നു. അപ്പോള്‍ ബന്ധു പറഞ്ഞു, ”ബനഡിക്ടച്ചനാണോടാ അത്, എങ്കില്‍ അയാളോട് പോയി കുമ്പസാരിച്ചിട്ട് വരാന്‍ പറ,” എന്ന്.

സുപ്രീം കോടതി അഡ്വക്കേറ്റായ ചാരിയെയാണ് ലക്ഷങ്ങള്‍ കൊടുത്ത് സഭ അന്ന് കൊണ്ടുവന്നത്. അങ്ങനെ സംശയത്തിന്റെ ആനുകൂല്യം കൊടുത്തു വിട്ടയച്ചു. പിന്നീട് ആ അച്ചനെ വിശുദ്ധനാക്കാന്‍ സഭയിലെ ചിലര്‍ ശ്രമിച്ചു. ജോസഫ് പുലിക്കുന്നേലടക്കമുള്ള അല്‍മായരുടെ കഠിനമായ എതിര്‍പ്പു കൊണ്ടാണ് അന്ന് ബനഡിക്ടച്ചന്‍ വിശുദ്ധനാകാഞ്ഞത്. അത് പഴയ ചരിത്രമാണ്. പുതിയ ചരിത്രവും വ്യത്യസ്തമാകാന്‍ പോകുന്നില്ല.

നാലുപതിറ്റാണ്ടായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ജയിപ്പിക്കാന്‍ ഈ എറണാകുളമടക്കം കേരളത്തിലെ തെരുവുകളില്‍ പ്രസംഗിക്കുന്നയാളാണ് ഞാന്‍. നാളെയും പ്രസംഗിക്കും. അടുത്ത തെരഞ്ഞെടുപ്പിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വിജയിപ്പിക്കാന്‍ പ്രസംഗിക്കും. അങ്ങനെ പ്രസംഗിക്കാന്‍ ചെല്ലുമ്പോള്‍ ജനങ്ങള്‍ എന്റെ മുഖത്ത് ജനങ്ങള്‍ തുപ്പാതിരിക്കാന്‍, ഞാന്‍ ഈ ഗവണ്‍മെന്റിനോട് അഭ്യര്‍ഥിക്കുന്നു, എന്തെങ്കിലും ചെയ്യണം. നിയമനടപടിയെടുക്കണം. അല്ലെങ്കില്‍ നാളെ നിങ്ങെള വിജയിപ്പിക്കാന്‍ ഈ ഹൈക്കോടതി ജങ്ഷനില്‍ നാളെ ഞാന്‍ പ്രസംഗിക്കുമ്പോള്‍ എന്റെ മുഖത്ത് ജനങ്ങള്‍ തുപ്പും.

അങ്ങനെ എന്റെ മുഖത്ത് തുപ്പല്‍ വീഴാതിരിക്കാന്‍ വേണ്ടി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അനുഭാവിയെന്ന നിലയ്ക്ക് ഞാന്‍ ഈ ഗവണ്‍മെന്റിനോട് അഭ്യര്‍ഥിക്കുന്നു, അപേക്ഷിക്കുന്നു, ഈ കന്യാസ്ത്രീകളുടെ പരാതിയില്‍ നിയമം അനുശാസിക്കണമെന്ന്. കൂടുതലൊന്നും പറയാനില്ല, ഈ കന്യാസ്ത്രീകളുടെ നിത്യദുഃഖത്തില്‍ എന്നേക്കും പങ്കുചേരുന്നു.

pathram:
Related Post
Leave a Comment