ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതം,കേരളത്തില്‍ ഭരണസ്തംഭനമില്ല; ചെന്നിത്തലയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി ചികിത്സയ്ക്കു പോയതുകൊണ്ട് കേരളത്തില്‍ ഭരണം സ്തംഭിച്ചുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണ്. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുളള ശ്രമമായി മാത്രമേ ഇതിനെ കാണാന്‍ കഴിയുകയുള്ളുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്.പ്രളയദുരിതാശ്വാസം, പുനരധിവാസം എന്നീ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതി അതിന്റെ പ്രവര്‍ത്തനം നല്ല നിലയില്‍ നിര്‍വഹിച്ചുവരുന്നു. കഴിഞ്ഞ ആഴ്ച ഉപസമിതി യോഗം ചേരുകയുണ്ടായി. സപ്തംബര്‍ 12 ബുധനാഴ്ചയും സമിതി ചേരുന്നുണ്ട്. ദുരിതാശ്വാസപുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഈ കമ്മിറ്റി നല്ല രീതിയില്‍ അവലോകനം ചെയ്യുകയും ഏകോപിപ്പിക്കുയും ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നുണ്ടെന്ന് ഓഫീസ് അറിയിച്ചു

ദുരിതാശ്വാസത്തിന്റെ ഭാഗമായുളള 10,000 രൂപ ധനസഹായത്തിന് അര്‍ഹരായ 6,05,555 പേരില്‍ 4,95,000 പേര്‍ക്ക് ഇന്ന് ഉച്ചയോടെ തുക ലഭ്യമാക്കി. ബാക്കിയുളളവര്‍ക്ക് ബുധനാഴ്ചയോടെ സഹായം ലഭിക്കും. കിറ്റ് വിതരണം ഇതനികം തന്നെ പൂര്‍ത്തിയായി. 7,18,674 കുടുംബങ്ങള്‍ക്ക് കിറ്റ് വിതരണം ചെയ്തു. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും ലഭിച്ചിട്ടുള്ള സാധനങ്ങള്‍ അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുന്നതിന് മാര്‍ഗരേഖ ഉണ്ടാക്കി. മന്ത്രിസഭാ ഉപസമിതി അംഗീകരിച്ച മാര്‍ഗരേഖ പ്രകാരം നിശ്ചയിച്ച വസ്തുക്കള്‍ വിതരണം ചെയ്യുകയാണ്.

പ്രളയക്കെടുതിക്ക് ഇരയായവരുടെ പുനരധിവാസം, തകര്‍ന്ന കേരളത്തിന്റെ മെച്ചപ്പെട്ട നിലയിലുളള പുനര്‍നിര്‍മ്മാണം എന്നിവയാണ് ഇനി സര്‍ക്കാരിന്റെ മുമ്പിലുളള പ്രധാന അജണ്ട. ഇത് സംബന്ധിച്ച വ്യക്തമായ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം രൂപം നല്‍കിയിരുന്നു. അതനുസരിച്ചുളള നടപടികള്‍ യുദ്ധകാലടിസ്ഥാനത്തില്‍ മുന്നോട്ടുപോകുകയാണ്. സ്ഥലത്തില്ലെങ്കിലും അപ്പപ്പോള്‍ ഉയര്‍ന്നുവരുന്ന പ്രധാന കാര്യങ്ങളില്‍ മുഖ്യമന്ത്രി തന്നെ തീരുമാനം എടുക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. മന്ത്രിമാരുമായും പ്രധാന ഉദ്യോഗസ്ഥരുമായും അദ്ദേഹം ആശയവിനിമയം നടത്തുകയും ചെയ്യുന്നുണ്ട്. ഭരണ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ഒരു തടസ്സവും ഉണ്ടായിട്ടില്ല.

pathram desk 2:
Related Post
Leave a Comment