മഞ്ജുവിനൊപ്പം കാളിദാസും സൗബിനും; സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ വിവരങ്ങള്‍ പുറത്ത്

ഒടിയനു ശേഷം മഞ്ജു വാര്യര്‍ അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ വിവരങ്ങള്‍ പുറത്ത്. മഞ്ജു വാരിയരും, കാളിദാസ് ജയറാമും, സൗബിന്‍ ഷാഹിറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
2011ല്‍ റിലീസായ ‘ഉറുമി’ എന്ന ഹിസ്‌റ്റോറിക് ത്രില്ലറിനു ശേഷം സന്തോഷ് ശിവന്‍ സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ചിത്രമാണിത്. നെടുമുടി വേണു, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, രമേഷ് പിഷാരടി തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

ദുബായിലുള്ള ലെന്‍സ്മാന്‍ സ്റ്റുഡിയോസിന്റെ സഹകരണത്തോടെയാണ് സന്തോഷ് ശിവന്‍ ഈ ചിത്രം തയാറാക്കുന്നത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം ഒക്ടോബര്‍ 20’ന് ആലപ്പുഴ ഹരിപ്പാടില്‍ ചിത്രീകരണം ആരംഭിക്കും. കേരളത്തിലെ പല ഭാഗങ്ങളെക്കൂടാതെ ലണ്ടനും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനാണ്. സന്തോഷ് ശിവനും, മഞ്ജു വാരിയരും ഒന്നിക്കുന്ന ആദ്യ ചിത്രം എന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണ് ഈ ചിത്രത്തിലുള്ളത്. ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന മുഴുനീള എന്റര്‍ടെയിനറായിരിക്കും ചിത്രമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

ഹോളിവുഡിലെയും ബോളിവുഡിലെയും പ്രശസ്തരായ സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള വലിയൊരു ടീമാണ് ചിത്രത്തിനുവേണ്ടി സന്തോഷ് ശിവനൊപ്പം അണിനിരക്കുന്നത്. വിദേശ ചിത്രങ്ങളുടെ തിരക്കിലായിരുന്ന സന്തോഷ് ശിവന്‍, മലയാളത്തില്‍ സംവിധാനം ചെയ്യാന്‍ പദ്ധതിയിട്ടിട്ടുള്ള ‘കുഞ്ഞാലി മരയ്ക്കാര്‍’ എന്ന ബിഗ് ബജറ്റ് ചിത്രത്തിനു മുന്‍പ് ഇത് ചെയ്തു തീര്‍ക്കാനാണ് ആലോചന.

നിലവില്‍ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ നായകവേഷത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന കാളിദാസ് ജയറാമിന് സന്തോഷ് ശിവന്‍ ചിത്രത്തിലും മികച്ച കഥാപാത്രമാണുള്ളത്. മഞ്ജു വാരിയരോടും കാളിദാസ് ജയറാമിനോടൊമൊപ്പം ഏറെ ശ്രദ്ധേയമായ ഒരു വേഷമാണ് ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍ ചെയ്യുന്നത്.

pathram:
Related Post
Leave a Comment