‘സ്ത്രീകള്‍ എത്രയും പെട്ടെന്ന് കന്യകാത്വം പരിശോധിച്ച് റിപ്പോര്‍ട്ട് പൂഞ്ഞാര്‍ എം.എല്‍.എയ്ക്ക് നല്‍കണം’ പി.സി ജോര്‍ജിനെതിരെ ശാരദക്കുട്ടി

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനപരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജിനെതിരെ തുറന്നടിച്ച് എഴുത്തുകാരി ശാരദക്കുട്ടി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ശാരദക്കുട്ടി തുറന്നടിച്ചിരിക്കുന്നത്. ഇങ്ങനെ പെണ്ണുങ്ങളെ അവഹേളിക്കുന്ന ഒരുത്തനെ കയ്യാമം വെച്ച് അകത്തിടുവാന്‍ വകുപ്പില്ലെങ്കില്‍ അയാളുടെ ഇത്തരം വകതിരിവില്ലാത്ത ഭാഷണം മേലില്‍ കേള്‍പ്പിക്കില്ലെന്ന് ചാനലുകള്‍ക്കു തീരുമാനിച്ചുകൂടേ? അവരിതിനു കൂട്ടു നില്‍ക്കാന്‍ പാടില്ലെന്ന് ശാരദകുട്ടി പറയുന്നു. വിവാദ പരാമര്‍ശം നടത്തിയ എംഎല്‍എയ്ക്കെതിരെ നേരത്തെ ദേശീയ വനിത കമ്മീഷനും രംഗത്തെത്തിയിരുന്നു.


ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കേരളത്തിലെ എല്ലാ സ്ത്രീകളും ശ്രദ്ധിക്കണം. നമ്മള്‍ പെട്ടെന്നു തന്നെ കന്യകാത്വ- ചാരിത്രൃ പരിശോധനകള്‍ നടത്തി പൂഞ്ഞാര്‍ എം.എല്‍.എയ്ക്ക് മെഡിക്കല്‍ റിപ്പോര്‍ട്ടു നല്‍കുക..

ചാരിത്ര്യശുദ്ധിയുള്ള സ്ത്രീകള്‍ മാത്രം ഇനി മേലില്‍ പൊതുക്കാര്യങ്ങളില്‍ ഇടപെട്ടാല്‍ മതി. അല്ലെങ്കില്‍ അദ്ദേഹം അതെല്ലാം അന്വേഷിച്ചു കണ്ടു പിടിച്ചു വരും… കാരണം പരിശുദ്ധിയുടെ അപ്പോസ്തലന്മാരോടാണ് നമ്മള്‍ നിരന്തരം ഇടപെടേണ്ടത്.. അവര്‍ക്ക് തരിപോലും കളങ്കമേശാന്‍ നമ്മളായിട്ട് ഇടയുണ്ടാക്കരുത്.

ഇങ്ങനെ പെണ്ണുങ്ങളെ അവഹേളിക്കുന്ന ഒരുത്തനെ കയ്യാമം വെച്ച് അകത്തിടുവാന്‍ വകുപ്പില്ലെങ്കില്‍ അയാളുടെ ഇത്തരം വകതിരിവില്ലാത്ത ഭാഷണം മേലില്‍ കേള്‍പ്പിക്കില്ലെന്ന് ചാനലുകള്‍ക്കു തീരുമാനിച്ചുകൂടേ? അവരിതിനു കൂട്ടു നില്‍ക്കാന്‍ പാടില്ല.

ഒരു മനുഷ്യനെ പിശാചിനെപ്പോലെ ആക്കിത്തീര്‍ക്കുന്നത് അയാള്‍ പറയുന്ന കള്ളങ്ങളാണ്. പിശാച്, ആദി മുതല്‍ ഭോഷ്‌കു പറയുന്നവനും അതിന്റെ അപ്പനുമാണ് എന്ന് ബൈബിള്‍ പറയുന്നുണ്ട്..

ഭോഷ്‌കിന്റെ അപ്പന്‍ ! എന്തൊരു കിടിലന്‍ പ്രയോഗം..

pathram desk 1:
Related Post
Leave a Comment