കൊച്ചി:ജയസൂര്യയും മുഥുനും വീണ്ടും ഒന്നിക്കുന്നു. ‘ടര്‍ബോ പീറ്റര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മിഥുന്‍ മാനുവേല്‍ തോമസ് തന്നെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത് വിട്ടിരിക്കുന്നത്. ‘ആട് 2’ എന്ന വമ്പന്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. പി ബാലചന്ദ്രനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ആബേല്‍ ക്രിയേറ്റീവ് മൂവീസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ സംഗീതം ഷാന്‍ റഹ്മാനും എഡിറ്റിംഗ് ലിജോ പോളുമാണ്. സെന്‍ട്രല്‍ പിക്ചേര്‍സ് ചിത്രം വിതരണത്തിനെത്തിക്കും. മുഴുനീള കോമഡി ചിത്രമായിരിക്കും ‘ടര്‍ബോ പീറ്റര്‍’ എന്നാണ് സൂചന. എറണാകുളം, നെല്ലിയാമ്പതി എന്നിവിടങ്ങളായി ചിത്രീകരണം നടക്കും.
അതിനിടെ കാളിദാസ് ജയറാമിനെ നായകനാക്കി ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’ എന്ന ചിത്രം ഒരുക്കുകയാണ് മിഥുന്‍ ഇപ്പോള്‍. യുവനടി ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. അശോകന്‍ ചെരുവിലിന്റെ ചെറുകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് സംവിധായകനും ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ആഷിക് ഉസ്മാന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. രണധീവേ ആണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. ഗോപി സുന്ദറാണ് സംഗീതം. ചിത്രം സെന്‍ട്രല്‍ പിക്ച്ചേഴ്സാണ് തീയറ്ററുകളില്‍ എത്തിക്കുക.
ദുല്‍ഖറിനെ നായകനാക്കി അന്‍വര്‍ റഷീദിന്റെ അസോസിയേറ്റ് സലാം ബുക്കാരി ഒരുക്കുന്ന പുതിയ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും മിഥുന്‍ മാനുവല്‍ തോമസാണ്. ചിത്രത്തില്‍ കോളേജ് പ്രൊഫസറായിട്ടാണ് ദുല്‍ഖര്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Leave a Comment